യു ഡി എഫിലേക്കുള്ള മടക്കം അടഞ്ഞ അധ്യായം: ജോസ് കെ മാണി

Posted on: January 4, 2021 10:34 am | Last updated: January 4, 2021 at 10:34 am

കോട്ടയം |  പാലാ സീറ്റിനെ ചൊല്ലി എന്‍ സി പി നിലപാട് കടുപ്പിച്ചിരിക്കെ നിലപാട് വ്യക്തമാക്കി കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണി. പാലായിലെ സീറ്റ് സംബന്ധിച്ച് പാര്‍ട്ടിയിലും മുന്നണിയിലും ചര്‍ച്ച നടന്നിട്ടില്ലെന്ന് ജോസ് പറഞ്ഞു. ചര്‍ച്ച ആരംഭിക്കുമ്പോള്‍ പാര്‍ട്ടി നിലപാട് ഇടത് മുന്നണിയെ അറിയിക്കും. ഈ പ്രശ്‌നങ്ങളെല്ലാം പരിഹരിക്കാന്‍ മുന്നണിക്ക് കഴിയും. ഇതിലും വലിയ പ്രശ്‌നങ്ങള്‍ പരിഹരിച്ച പാരമ്പര്യം സി പി എം നേതൃത്വം നല്‍കുന്ന മുന്നണിക്കുണ്ടെന്നും ജോസ് മാധ്യമപ്രവര്‍ത്തകരോട് പ്രതികരിച്ചു.

കേരള കോണ്‍ഗ്രസ് പാര്‍ട്ടി യു ഡി എഫിലേക്ക് മടങ്ങുന്നത് അടഞ്ഞ അധ്യായമാണ്. ഒരു ലോക്കല്‍ പദവിക്ക് വേണ്ടി ഐക്യജനാധിപത്യ മുന്നണി തങ്ങളെ പുറത്താക്കുകയായിരുന്നു. അതിനുശേഷം പാര്‍ട്ടി ഒരു സ്വതന്ത്ര നിലപാട് എടുത്തു. ഇടതുപക്ഷത്തോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുവാനും അതിന്റെ ഒരു ഘടകകക്ഷിയാകുവാനുമുളള തീരുമാനമെടുത്തു. കേരള കോണ്‍ഗ്രസിന്റെ പ്രഖ്യാപിത മുദ്രാവാക്യം ഇടതിന്റെ പ്രവര്‍ത്തനമികവുകളുമായി ചേര്‍ന്നുപോകുന്നതാണ്. ലൈഫ് പദ്ധതിയുള്‍പ്പടെയുളള ജനക്ഷേമപദ്ധതികള്‍ ഇതിന് ഉദാഹരണമാണ്.

തദ്ദേശതിരഞ്ഞെടുപ്പിലെ വിജയത്തെ പറ്റിയും പോരായ്മകളുണ്ടെങ്കില്‍ അത് പരിഹരിച്ച് മുന്നോട്ടുപോകുന്നതിനെ കുറിച്ചും മുന്നണിയുമായി ചര്‍ച്ച നടത്തിയിട്ടുണ്ടെന്നും ജോസ് കൂട്ടിച്ചേര്‍ത്തു.