അച്ചട്ടായി 2020നെ സംബന്ധിച്ച വിദ്യാര്‍ഥിയുടെ പത്ത് വര്‍ഷം മുമ്പത്തെ പ്രവചനം

Posted on: December 29, 2020 7:11 pm | Last updated: December 29, 2020 at 7:11 pm

വെര്‍ജീനിയ | 2020നെ സംബന്ധിച്ച് പത്ത് വര്‍ഷം മുമ്പ് സ്‌കൂള്‍ വിദ്യാര്‍ഥി നടത്തിയ പ്രവചനം സാമൂഹിക മാധ്യമങ്ങളില്‍ വൈറലാകുന്നു. കൊവിഡ് മഹാമാരി കാരണം നൂറ്റാണ്ടിനിടയിലെ പല ദുരന്തങ്ങള്‍ക്കും മാറ്റങ്ങള്‍ക്കും അതിജയിക്കലിനുമെല്ലാം ഈ വർഷം ലോകം സാക്ഷ്യം വഹിച്ചതിനെ സൂചിപ്പിക്കുന്നതാണ് പ്രവചനം.

കെവിന്‍ സിംഗ് എന്ന വിദ്യാര്‍ഥിയുടെ 2020നെ സംബന്ധിച്ച പ്രവചനം യാഥാര്‍ഥ്യത്തോട് വളരെ അടുത്ത് നില്‍ക്കുന്നതാണ്. 2020ല്‍ എല്ലാവരും സമാധാനത്തോടെ കഴിയുമെന്നും മാനവികത എല്ലാ രോഗത്തേയും ശമിപ്പിക്കുമെന്നുമാണ് കെവിന്‍ പത്ത് വര്‍ഷം മുമ്പ് പ്രവചിച്ചത്.

സ്‌കൂള്‍ ഇയര്‍ ബുക്കില്‍ കെവിന്റെ പ്രവചനം 2010ല്‍ പ്രസിദ്ധീകരിച്ചിരുന്നു. അന്ന് അഞ്ചാം ക്ലാസിലായിരുന്നു കെവിന്‍. ഇയര്‍ ബുക്കിലെ പ്രവചനം ഫോട്ടോയെടുത്ത് സാമൂഹിക മാധ്യമങ്ങളില്‍ ആരോ പ്രചരിപ്പിക്കുകയായിരുന്നു. ഇത്തരമൊരു പ്രവചനത്തിന് ഇപ്പോള്‍ ചിലര്‍ കെവിനെ കുറ്റപ്പെടുത്തുന്നുണ്ട്.

‘ക്ഷമിക്കണം കൂട്ടുകാരെ’ എന്ന അടിക്കുറിപ്പോടെ കെവിന്‍ സിംഗ് തന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ ഈ പ്രവചനം പങ്കുവെച്ചിട്ടുണ്ട്. നോര്‍ത്തേണ്‍ വെര്‍ജീനിയയിലാണ് കെവിന്‍ താമസിക്കുന്നത്.

ALSO READ  മഞ്ഞുവീണ് വഴി തടസ്സപ്പെട്ടു; കുതിരപ്പുറത്തേറി ഡെലിവറി ബോയ്