National
രാഷ്ട്രീയ പ്രവേശ അഭ്യൂഹങ്ങള്‍ക്കിടെ ബംഗാള്‍ ഗവര്‍ണറെ സന്ദര്‍ശിച്ച് ഗാംഗുലി

കൊല്‍ക്കത്ത | അഭ്യൂഹങ്ങള്‍ക്ക് ആക്കം കൂട്ടി ബി സി സി ഐ അധ്യക്ഷന്‍ സൗരവ് ഗാംഗുലി പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ ജഗ്ദീപ് ധന്‍കറിനെ രാജ്ഭവനില്‍ സന്ദര്‍ശിച്ചു. ഇന്നലെയാണ് സന്ദര്‍ശനം നടന്നത്. ഗാംഗുലി രാഷ്ട്രീയത്തില്‍ പ്രവേശിച്ചേക്കുമെന്ന ഊഹോപോഹങ്ങള്‍ പ്രചരിക്കുന്നതിനിടെയാണ് കൂടിക്കാഴ്ച. എന്നാല്‍, സാധാരണ സന്ദര്‍ശനം മാത്രമാണ് ഗാംഗുലിയുടേതെന്നും രാഷ്ട്രീയമായി ഒന്നുമില്ലെന്നുമാണ് രാജ്ഭവന്‍ വൃത്തങ്ങളുടെ പ്രതികരണം.
അടുത്ത വര്‍ഷം ഏപ്രില്‍-മെയ് മാസത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ കൂടിക്കാഴ്ചക്ക് രാഷ്ട്രീയ പ്രാധാന്യമുണ്ടെന്നാണ് നിരീക്ഷകരുടെ വിലയിരുത്തല്‍. സന്ദര്‍ശനത്തെ കുറിച്ചുള്ള ചോദ്യങ്ങളോട് പ്രതികരിക്കാന്‍ ഗാംഗുലി വിസമ്മതിച്ചു. അതേസമയം, വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തതായി ഗവര്‍ണര്‍ വ്യക്തമാക്കി. ഇവിടുത്തെ ഈഡന്‍ ഗാര്‍ഡന്‍സ് സ്റ്റേഡിയം സന്ദര്‍ശിക്കാനുള്ള ഗാംഗുലിയുടെ ക്ഷണം സ്വീകരിച്ചതായും ഗവര്‍ണര്‍ പറഞ്ഞു. രാജ്യത്തെ ഏറ്റവും പഴക്കമുള്ള ക്രിക്കറ്റ് മൈതാനമാണ് 1864ല്‍ സ്ഥാപിതമായ ഈഡന്‍ ഗാര്‍ഡന്‍സ്.