Kerala
കോണ്‍ഗ്രസിന്റെ തോല്‍വി വിലയിരുത്താന്‍ താരിഖ് അന്‍വര്‍ ഇന്നെത്തും

തിരുവനന്തപുരം | തദ്ദേശ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കും മുന്നണിക്കുമേറ്റ കനത്ത തോല്‍വി വിലയിരുത്തുന്നതിനായി എ ഐ സി സി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വറും കേരളത്തിന്റെ ചുമതലയുള്ള മൂന്ന് സെക്രട്ടറിമാരും ഇന്നെത്തും. സെക്രട്ടറിമാരായ പി വിശ്വനാഥന്‍, പി വി മോഹനന്‍, ഐവാന്‍ ഡിസൂസ എന്നിവരാണ് താരിഖ് അന്‍വറിനൊപ്പമുള്ളത്. സംസ്ഥാനത്തെ നേതാക്കളെയും എം പിമാരെയും പ്രത്യേകം കണ്ട് ആശയ വിനിമയം നടത്തും. നിയമസഭാ തിരഞ്ഞെടുപ്പിന് നാല് മാസം ബാക്കിയിരിക്കെ കേരളത്തിലുണ്ടായ ഞെട്ടിക്കുന്ന തോല്‍വി ഹൈക്കമാന്‍ഡും ഗൗരവത്തിലാണ് കാണുന്നത്.
നാളെ രാവിലെ 11 മണി മുതല്‍ രാഷ്ട്രീയകാര്യ സമിതിയംഗങ്ങളുമായി താരിഖ് അന്‍വറും മറ്റ് സെക്രട്ടറിമാരും ഓരോരുത്തരുമായും പ്രത്യേകം കൂടിക്കാഴ്ച നടത്തും. തുടര്‍ന്ന് ഡിസിസി അധ്യക്ഷന്‍മാരെയും കേണ്‍ഗ്രസിന്റെ പാര്‍ലിമെന്റ് അംഗങ്ങളെയും മുതിര്‍ന്ന നേതാക്കളെയും കാണും. ഈ കൂടിക്കാഴ്ചയില്‍ ലഭിക്കുന്ന നിര്‍ദ്ദേശങ്ങള്‍ ക്രോഡീകരിച്ച് എ ഐ സി സി നേൃത്വങ്ങളുമായി ചര്‍ച്ച നടത്തിയ ശേഷമാകും ഏതെങ്കിലും തരത്തിലെ നടപടികള്‍ അടക്കമുള്ള കാര്യങ്ങളിലേക്ക് കടക്കുക.
നാളത്തെ കൂടിക്കാഴ്ചകള്‍ക്ക് ശേഷം വരും ദിവസങ്ങളില്‍ ജില്ലകളില്‍ നേതാക്കള്‍ പര്യടനം നടത്തും. എല്ലാ ചര്‍ച്ചകളും അന്വഷണങ്ങളും മുന്നില്‍ വച്ച് അടുത്ത മാസം ആറ്, ഏഴ് തീയതികളില്‍ വിശാലമായ യോഗം ചേരും. കെ പി സി സി രാഷ്ടീയ കാര്യസമിതി അംഗങ്ങളും എം പിമാര്‍, എം എല്‍ എമാര്‍, ഡി സി സി അധ്യക്ഷന്‍മാര്‍ പങ്കെടുക്കും.