Connect with us

Editorial

28 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ നീതി

Published

|

Last Updated

ആത്മഹത്യയായിരുന്നില്ല, അഭയ കൊല്ലപ്പെടുകയായിരുന്നുവെന്ന സി ബി ഐ അന്വേഷണ റിപ്പോര്‍ട്ട് ശരിവെച്ചിരിക്കുന്നു കോടതി. ആത്മഹത്യാ വാദത്തെ തെളിവുകള്‍ നിരാകരിക്കുന്നുവെന്നും ഫാദര്‍ തോമസ് കെ കോട്ടൂര്‍, സിസ്റ്റര്‍ സെഫി എന്നിവരാണ് കൊല നടത്തിയതെന്നുമാണ് സി ബി ഐ പ്രത്യേക കോടതി നിരീക്ഷണം. ഒന്നാം പ്രതിയായ ഫാദര്‍ തോമസ് കോട്ടൂരിന്റെ പേരില്‍ കൊലപാതകം, അതിക്രമിച്ചു കടക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയത്.

കൊലപാതകം, തെളിവ് നശിപ്പിക്കല്‍ എന്നിവയാണ് ‌സെഫിക്കെതിരായ കുറ്റങ്ങള്‍. പ്രതികള്‍ക്കുള്ള ശിക്ഷ പ്രത്യേക ജസ്റ്റിസ് കെ സനില്‍കുമാര്‍ ഇന്ന് പ്രസ്താവിക്കും. കോളിളക്കം സൃഷ്ടിച്ചതും ഇന്ത്യന്‍ കുറ്റാന്വേഷണ ചരിത്രത്തിലെ ഏറ്റവും ശ്രദ്ധേയവുമായ അഭയ കേസില്‍ 28 വര്‍ഷത്തിന് ശേഷമാണ് കോടതി തീര്‍പ്പുണ്ടാക്കുന്നത്.
1992 മാര്‍ച്ച് 27നാണ് കോട്ടയം ബി സി എം കോളജില്‍ പ്രീഡിഗ്രി രണ്ടാം വര്‍ഷ വിദ്യാര്‍ഥിനിയും കോട്ടയം പയസ് ടെന്‍ത് കോണ്‍വെന്റിലെ അന്തേവാസിയുമായ സിസ്റ്റര്‍ അഭയയുടെ മൃതദേഹം കോണ്‍വെന്റിലെ കിണറ്റില്‍ കാണപ്പെട്ടത്. ആദ്യം ലോക്കല്‍ പോലീസും പിന്നീട് ക്രൈം ബ്രാഞ്ചും നടത്തിയ അന്വേഷണത്തില്‍ ആത്മഹത്യയെന്ന നിഗമനത്തിലാണ് എത്തിയത്. അഭയയുടെ കുടുംബത്തിന് ആത്മഹത്യാ പ്രവണതയുണ്ടെന്നും ആത്മഹത്യ ചെയ്യാന്‍ കിണറ്റില്‍ ചാടിയ അഭയയുടെ തല കിണറ്റിലെ പമ്പില്‍ ഇടിച്ചാണ് മരണ കാരണമായ മുറിവുണ്ടായതെന്നുമാണ് പ്രതികള്‍ വാദിച്ചത്. സഭാ നേതൃത്വവും ഇവരുടെ വാദം ശരിവെച്ചു. 1993ല്‍ ഡി വൈ എസ് പി വര്‍ഗീസ് പി തോമസിന്റെ നേതൃത്വത്തില്‍ സി ബി ഐ ഏറ്റെടുത്തതോടെയാണ് കേസില്‍ വഴിത്തിരിവുണ്ടായത്. മരണ കാരണം ആത്മഹത്യയല്ലെന്നും കൊലപാതകമാണെന്നും അദ്ദേഹം കണ്ടെത്തി. എന്നാല്‍ സര്‍വീസില്‍ നിന്ന് വിരമിക്കാന്‍ പത്ത് വര്‍ഷം ബാക്കിയിരിക്കെ വര്‍ഗീസ് പി തോമസ് അവിചാരിതമായി രാജിവെച്ചു. രാജിക്കു പിന്നാലെ മേലുദ്യോഗസ്ഥനായ സി ബി ഐ. എസ് പി ത്യാഗരാജനെതിരെ ഗുരുതര ആരോപണങ്ങളുന്നയിച്ച് വാര്‍ത്താ സമ്മേളനവും നടത്തി.

അഭയയുടെ മരണം ആത്മഹത്യയാണെന്ന് റിപ്പോര്‍ട്ട് നല്‍കാന്‍ ത്യാഗരാജന്‍ കടുത്ത സമ്മര്‍ദം ചെലുത്തിയെന്നായിരുന്നു വര്‍ഗീസ് പി തോമസിന്റെ വെളിപ്പെടുത്തല്‍. പോലീസിലായാലും ഡിഫന്‍സിലായാലും മേലുദ്യോഗസ്ഥരുടെ തെറ്റായ നിര്‍ദേശങ്ങള്‍ അനുസരിച്ചില്ലെങ്കില്‍ സര്‍വീസില്‍ തുടരുക പ്രയാസമാണെന്നും സത്യസന്ധമായി ജോലി ചെയ്യാന്‍ കഴിയില്ലെന്ന് ബോധ്യപ്പെട്ടതോടെയാണ് ജോലി ഉപേക്ഷിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.

പിന്നീട് സി ബി ഐ. എ എസ് പി നന്ദകുമാര്‍ നായരാണ് അന്വേഷണ ചുമതല ഏറ്റെടുത്തത്. കൊലപാതകം സ്ഥിരീകരിച്ച അദ്ദേഹം പ്രതികളെ അറസ്റ്റ് ചെയ്യുകയുമുണ്ടായി. ഫാ. തോമസ് കോട്ടൂര്‍, ഫാ. ജോസ് പൂതൃക്കയില്‍ എന്നിവരുടെ മൊഴികളിലെ വൈരുധ്യവും മൂന്നാംസാക്ഷി അടയ്ക്ക രാജുവിന്റെ മൊഴികളുമാണ് കൊലയാണെന്ന് കണ്ടെത്താന്‍ സഹായകമായത്. മോഷ്ടാവായിരുന്നു അടക്ക രാജു. അഭയ കൊല്ലപ്പെട്ട ദിവസം പുലര്‍ച്ചെ മോഷണത്തിനായി പയസ് ടെന്‍ത് കോണ്‍വെന്റില്‍ ചെന്നപ്പോള്‍ ഫാ. തോമസ് കോട്ടൂരിനെയും സിസ്റ്റര്‍ സെഫിയെയും ഒന്നിച്ച് അവിടെ കണ്ടുവെന്നായിരുന്നു രാജുവിന്റെ മൊഴി. പിന്നീട് പ്രതികളെ രക്ഷിക്കാനായി പോലീസ് കൊലക്കുറ്റം തന്റെ പേരില്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിച്ചിരുന്നുവെന്നും കൊലക്കുറ്റം ഏറ്റാല്‍ വീടും ഭാര്യക്ക് ജോലിയും മക്കള്‍ക്ക് ഉന്നത വിദ്യാഭ്യാസവും താന്‍ ആവശ്യപ്പെടുന്നത്ര തുകയും ഓഫര്‍ ചെയ്തിരുന്നുവെന്നും രാജു അടുത്തിടെ ഒരു സ്വകാര്യ ചാനലിനോട് വെളിപ്പെടുത്തുകയും ചെയ്തിരുന്നു. ഡമ്മി പരീക്ഷണം, പോളിഗ്രാഫ് ടെസ്റ്റ്, നാര്‍ക്കോ അനാലിസിസ് ടെസ്റ്റ് തുടങ്ങിയ ശാസ്ത്രീയ അന്വേഷണങ്ങളും പ്രതികളുടെ പങ്ക് വ്യക്തമാക്കാന്‍ കൂടുതല്‍ സഹായകമായി.

1992 മാര്‍ച്ച് 27ന് പുലര്‍ച്ചെ പഠിക്കാനായി എഴുന്നേറ്റ അഭയ വെള്ളം കുടിക്കാനായി ഹോസ്റ്റലിലെ അടുക്കളയിലേക്ക് പോയപ്പോള്‍ അവിടെ വെച്ചാണ് പ്രതികള്‍ അഭയയെ കോടാലി കൊണ്ട് തലക്കടിച്ചതെന്നാണ് അന്വേഷണത്തിലെ കണ്ടെത്തല്‍. മൂന്ന് തവണ തലക്ക് അടിയേറ്റ അഭയ ബോധരഹിതയായി നിലത്തുവീണു. മരിച്ചുവെന്ന് കരുതി പ്രതികള്‍ അഭയയെ കോണ്‍വെന്റ് വളപ്പിലെ കിണറ്റില്‍ തള്ളി. പ്രതികള്‍ തമ്മിലുള്ള അനാശാസ്യ ബന്ധം അഭയ കാണാനിടയായതാണ് കൊലപാതകത്തിലേക്ക് നയിച്ചത്.
കേസിന്റെ പ്രാരംഭ അന്വേഷണം നടത്തിയ കേരള പോലീസ് ഗുരുതരമായ വീഴ്ചയും രേഖകളില്‍ വന്‍ ക്രമക്കേടും വരുത്തിയതായി കണ്ടെത്തിയിരുന്നു. സംഭവ സ്ഥലത്ത് നിന്ന് വിരലടയാളം ശേഖരിക്കുന്നതിലും കേസിനാവശ്യമായ തൊണ്ടിമുതലുകള്‍ ശേഖരിക്കുന്നതിലും മനഃപൂര്‍വമായ വീഴ്ച പോലീസ് വരുത്തിയതായും സി ബി ഐ റിപ്പോര്‍ട്ടില്‍ പറയുന്നു. മൊഴിമാറ്റിപ്പറയാന്‍ സാക്ഷികളുടെ മേല്‍ കടുത്ത സമ്മര്‍ദവുമുണ്ടായി. 133 സാക്ഷികളുണ്ടായിരുന്ന കേസിലെ ഭൂരിഭാഗം പേരും കൂറുമാറി. അഭയയുടെ മരണ വാര്‍ത്തയറിഞ്ഞ് കോണ്‍വെന്റില്‍ ആദ്യം ഓടിയെത്തിയ ബി സി എം കോളജ് മലയാളം അധ്യാപികയായിരുന്ന ത്രേസ്യമ്മ ടീച്ചറെ പോലുള്ള ചുരുക്കം ചിലരാണ് തങ്ങളുടെ മൊഴിയില്‍ ഉറച്ചു നിന്നത്. മൊഴി മാറ്റാന്‍ തന്റെ മേല്‍ കടുത്ത സമ്മര്‍ദമുണ്ടായിരുന്നതായി ത്രേസ്യമ്മ പിന്നീട് മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു. അതിനിടെ കേസിലെ നിര്‍ണായക തെളിവുകളായിരുന്ന അഭയയുടെ ഡയറിയും വസ്ത്രങ്ങളും നശിപ്പിക്കപ്പെടുകയും ആന്തരാവയവ പരിശോധനാ റിപ്പോര്‍ട്ടില്‍ തിരുത്തല്‍ വരുത്തുകയും ചെയ്തു. കേസന്വേഷണം തുടരാതിരിക്കാന്‍ സി ബി ഐക്കു മേലും കടുത്ത സമ്മര്‍ദമുണ്ടായി.

അഭയ കേസില്‍ നീതി നടപ്പായതില്‍ സി ബി ഐ മുന്‍ ഡി വൈ എസ് പി വര്‍ഗീസ് പി തോമസിന് വലിയൊരു പങ്കുണ്ട്. മേലുദ്യോഗസ്ഥന്റെ തെറ്റായ നിര്‍ദേശത്തില്‍ പ്രതിഷേധിച്ചുള്ള അദ്ദേഹത്തിന്റെ രാജിയും തുടര്‍ന്നുള്ള പത്രസമ്മേളനവുമാണ് അന്വേഷണം ശരിയായ ദിശയിലേക്കു നീങ്ങാന്‍ ഇടയാക്കിയത്. സത്യം തെളിഞ്ഞതില്‍ സന്തുഷ്ടനാണെന്നും താന്‍ നേരത്തേ നടത്തിയ അന്വേഷണവും കണ്ടെത്തലുകളും കോടതി ശരിവെച്ചിരിക്കുകയാണെന്നുമാണ് സി ബി ഐ പ്രത്യേക കോടതി വിധിയോടുള്ള അദ്ദേഹത്തിന്റെ പ്രതികരണം. എങ്കിലും ഒരു കേസില്‍ നീതിക്ക് വേണ്ടി 28 വര്‍ഷം കാത്തിരിക്കേണ്ടി വന്നുവെന്നത് രാജ്യത്തെ നീതിന്യായ മേഖലയുടെ അപര്യാപ്തതയിലേക്ക് വിരല്‍ ചൂണ്ടുന്നുണ്ട്.

Latest