Connect with us

Editorial

ഹാഥ്‌റസ്: സി ബി ഐ നേര് കണ്ടെത്തി, ശേഷം?

Published

|

Last Updated

ഹാഥ്‌റസ് പീഡനക്കേസില്‍ യു പി പോലീസിന്റെ വാദങ്ങളെ പാടേ നിരാകരിക്കുന്നതാണ് വ്യാഴാഴ്ച ഹാഥ്‌റസ് കോടതിയില്‍ സി ബി ഐ സമര്‍പ്പിച്ച റിപ്പോര്‍ട്ട്. ബലാത്സംഗം നടന്നിട്ടില്ലെന്നായിരുന്നു യു പി പോലീസ് മേധാവി എ ഡി ജി പി പ്രശാന്ത്കുമാര്‍ പറഞ്ഞത്. ആന്തരികാവയവം പരിശോധിച്ചപ്പോള്‍ ബീജം കണ്ടെത്താനാകാത്തതിനാല്‍ ബലാത്സംഗം നടന്നുവെന്ന് പറയാന്‍ കഴിയില്ല. പെണ്‍കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളില്‍ പരുക്കുകളുണ്ടെങ്കിലും ബലാത്സംഗത്തിനിടെ ഉണ്ടായതാണോ അതെന്ന് വ്യക്തമല്ലെന്നും പോലീസ് റിപ്പോര്‍ട്ട് പറയുന്നു. പെണ്‍കുട്ടിയുടെ മൊഴിയില്‍ ബലാത്സംഗം നടന്നതായി പറയുന്നുണ്ട്. പോലീസ് റിപ്പോര്‍ട്ടില്‍ അക്കാര്യം രേഖപ്പെടുത്തിയതുമില്ല. ഈ മരണ മൊഴിയുടെ അടിസ്ഥാനത്തിലാണ് സി ബി ഐ ഇപ്പോള്‍ പ്രതികള്‍ക്കെതിരെ കൂട്ടബലാത്സംഗത്തിനും കൊലപാതകത്തിനും കേസെടുത്തത്. അലിഗഢിലെ ആശുപത്രി ഡോക്ടര്‍മാരും ബലാത്സംഗം സ്ഥിരീകരിച്ചിരുന്നു.
കഴിഞ്ഞ സെപ്തംബര്‍ പതിനാലിനാണ് ഹാഥ്‌റസില്‍ യുവതി കൂട്ടബലാത്സംഗത്തിന് ഇരയായത്. മാതാവിനൊപ്പം പുല്ലരിയാനായി വയലില്‍ പോയപ്പോഴായിരുന്നു സംഭവം. നാല് സവര്‍ണ യുവാക്കള്‍ ചേര്‍ന്നാണ് പീഡനത്തിനിരയാക്കിയത്. പീഡനത്തില്‍ പെണ്‍കുട്ടിയുടെ കഴുത്തിലെ മൂന്ന് എല്ലുകള്‍ ഒടിയുകയും നാവ് മുറിയുകയും ചെയ്തിരുന്നു. ഇരുകാലും പൂര്‍ണമായും തളരുകയും കൈകളുടെ ചലനശേഷി ഭാഗികമായി നഷ്ടപ്പെടുകയും ചെയ്തു. ഡല്‍ഹി നിര്‍ഭയ കേസിനേക്കാള്‍ ക്രൂരമെന്നാണ് ദേശീയ മാധ്യമങ്ങള്‍ സംഭവത്തെ വിലയിരുത്തിയത്. അസാധാരണവും ഞെട്ടിപ്പിക്കുന്നതെന്നുമായിരുന്നു സുപ്രീം കോടതിയുടെ പ്രതികരണം.
അവശനിലയില്‍ വയലില്‍ കണ്ടെത്തിയ പെണ്‍കുട്ടിയെ ആദ്യം അലിഗഢിലെ ആശുപത്രിയിലും പിന്നീട് ഡല്‍ഹി സഫ്ദര്‍ജംഗ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും സെപ്തംബര്‍ 30ന് മരിച്ചു. കേസില്‍ തുടക്കം മുതലേ പ്രതികളെ രക്ഷിക്കുന്ന നിലപാടാണ് പോലീസ് സ്വീകരിച്ചത്. ബലാത്സംഗം നടന്നതായി കുട്ടിയും ബന്ധുക്കളും അറിയിച്ചിട്ടും യഥാസമയം വൈദ്യപരിശോധനക്ക് അയക്കുകയോ ഫോറന്‍സിക് പരിശോധനകള്‍ നടത്തുകയോ ചെയ്തില്ല. ബലാത്സംഗം നടന്ന വിവരം സെപ്തംബര്‍ 22ന് അലിഗഢ് ആശുപത്രിയില്‍ വെച്ച് പെണ്‍കുട്ടി വ്യക്തമാക്കിയതോടെയാണ് ഇരയെയും പ്രതികളെയും വൈദ്യപരിശോധനക്ക് എത്തിച്ചത്. ഇരയെ വൈദ്യപരിശോധനക്ക് വിധേയമാക്കുന്നത് വൈകിയതാണ് തെളിവുകള്‍ നഷ്ടപ്പെടാന്‍ കാരണമായതെന്ന് സി ബി ഐ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

പെണ്‍കുട്ടിയെ ധൃതിപിടിച്ച് സംസ്‌കരിച്ച പോലീസ് നടപടിയും വിമര്‍ശത്തിനിടയാക്കിയിരുന്നു. യുവതിയുടെ മരണം സ്ഥിരീകരിച്ചതോടെ മൃതദേഹം വീട്ടിലേക്ക് കൊണ്ടുപോകണമെന്ന് ആവശ്യപ്പെട്ടെങ്കിലും യു പി പോലീസ് സമ്മതിച്ചില്ലെന്നും സംസ്‌കാര ചടങ്ങുകള്‍ നിര്‍ബന്ധപൂര്‍വം ചെയ്യിപ്പിക്കുകയായിരുന്നുവെന്നുമാണ് കുടുംബാംഗങ്ങളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്തത്. മൃതദേഹം ധൃതിയില്‍ സംസ്‌കരിക്കരുതെന്നും നീതി കിട്ടും വരെ കാത്തിരിക്കണമെന്നുമായിരുന്നു കുടുംബാംഗങ്ങളുടെ നിലപാട്. തെളിവുകള്‍ നശിപ്പിക്കാനാണ് ധൃതിപിടിച്ച് ഇരുളിന്റെ മറവില്‍ മൃതദേഹം കത്തിച്ചതെന്നാണ് കരുതപ്പെടുന്നത്.

സംഭവത്തിന്റെ സത്യാവസ്ഥ പുറത്തുവരാതിരിക്കാന്‍ ഹാഥ്‌റസിലേക്ക് സന്ദര്‍ശകര്‍ക്ക് നിയന്ത്രണവും വിലക്കും ഏര്‍പ്പെടുത്തുകയും ചെയ്തു സംസ്ഥാന ഭരണകൂടവും യു പി പോലീസും. സംഭവസ്ഥലം സന്ദര്‍ശിക്കാനായി ഡല്‍ഹിയില്‍ നിന്ന് ഹാഥ്‌റസിലേക്ക് പുറപ്പെട്ട ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിനെ കസ്റ്റഡിയിലെടുത്ത് വീട്ടുതടങ്കലില്‍ പാര്‍പ്പിക്കുകയും കൂട്ടബലാത്സംഗ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാന്‍ പോയ മലയാളി പത്രപ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പനെ യു എ പി എ ചുമത്തി അറസ്റ്റ് ചെയ്യുകയുമുണ്ടായി. മാധ്യമ പ്രവര്‍ത്തനം മറയാക്കി ഹാഥ്‌റസില്‍ ജാതീയ സംഘര്‍ഷമുണ്ടാക്കുകയായിരുന്നു സിദ്ദീഖ് കാപ്പന്റെ ഉദ്ദേശ്യമെന്നായിരുന്നു യു പി സര്‍ക്കാറിനു വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയില്‍ ആരോപിച്ചത്.

ഭരണ, സാമൂഹിക വ്യവസ്ഥയുടെ എല്ലാ തലങ്ങളിലും വേരൂന്നിയ ജാതിവ്യവസ്ഥയുടെ നേര്‍ചിത്രമായിരുന്നു യഥാര്‍ഥത്തില്‍ ഹാഥ്‌റസിലെ കൂട്ടബലാത്സംഗവും പോലീസ് നടപടിയിലെ നിഷ്‌ക്രിയത്വവും. ദളിതര്‍ എല്ലാ അര്‍ഥത്തിലും മേല്‍ജാതിക്കാര്‍ക്ക് വിധേയപ്പെടേണ്ടവരാണെന്നും കീഴാളരെ മര്‍ദിക്കാനും കൊല്ലാനും വരെ സവര്‍ണന് അവകാശമുണ്ടെന്നുമുള്ള മിഥ്യാധാരണയുടെ അനന്തര ഫലം. ഡല്‍ഹി പീഡനവും ഹാഥ്‌റസ് സംഭവവും താരതമ്യം ചെയ്താല്‍ ഇത് ബോധ്യമാകും. ഡല്‍ഹി പീഡനത്തില്‍ രാജ്യമൊന്നാകെ പ്രതിഷേധം അലയടിക്കുകയും അതേചൊല്ലി നിയമ നിര്‍മാണത്തിന് വരെ ഭരണകൂടം നിര്‍ബന്ധിതമാകുകയും ചെയ്തപ്പോള്‍, ഹാഥ്‌റസ് സംഭവത്തില്‍ തണുത്ത പ്രതികരണമാണല്ലോ പ്രകടമായത്. രാജ്യത്ത് മിക്കപ്പോഴും ഇരയുടെയും പ്രതികളുടെയും ജാതിയും മതവുമൊക്കെയാണ് കുറ്റകൃത്യത്തിന്റെ കാഠിന്യവും ലാഘവത്തവും നിര്‍ണയിക്കുന്നത്. മേല്‍ജാതിയില്‍ പെട്ടവരായിരുന്നുവെങ്കില്‍ തങ്ങളുടെ മകള്‍ കൊല്ലപ്പെടുമായിരുന്നോ എന്ന ഹാഥ്‌റസ് ഇരയുടെ കുടുംബത്തിന്റെ ചോദ്യം പ്രസക്തമാണ്.
ഹാഥ്‌റസ് പീഡനത്തില്‍ ഭരണകൂടത്തിന്റെ സമ്മര്‍ദങ്ങളെ അതിജീവിച്ച് സി ബി ഐ കുറ്റപത്രം സമര്‍പ്പിച്ചത് ആശ്വാസകരവും അഭിനന്ദനാര്‍ഹവുമാണ്. എങ്കിലും കേസില്‍ നീതി നടപ്പാകുമോ എന്നത് കാത്തിരുന്ന് കാണേണ്ടതുണ്ട്. പോലീസിലും സവര്‍ണരുടെ നിയന്ത്രണത്തിലുള്ള ഭരണകൂടത്തിലും മാത്രമല്ല, ജുഡീഷ്യറിയില്‍ പോലും രൂഢമൂലമാണ് സവര്‍ണ ബോധം. രാജസ്ഥാനിലെ ഭട്ടേരി ഗ്രാമത്തില്‍ ഭല്‍വാരി ദേവി എന്ന സ്ത്രീ സവര്‍ണരുടെ അക്രമത്തിനിരയായ കേസിലെ പ്രതികളെ കുറ്റക്കാരല്ലെന്ന് കണ്ട് നിരുപാധികം വിട്ടയച്ചു. കുറ്റാരോപിതര്‍ മേല്‍ജാതിക്കാരായതിനാല്‍ കീഴ്ജാതിക്കാരിയായ സ്ത്രീയെ സ്പര്‍ശിക്കാനിടയില്ലെന്നായിരുന്നു ജില്ലാ കോടതി ജഡ്ജി തന്റെ വിധി പ്രസ്താവത്തിന് കാരണമായി പറഞ്ഞത്. ഇതേ ന്യായം ഹാഥ്‌റസിലെ ദളിത് പെണ്‍കുട്ടി ബലാത്സംഗം ചെയ്യപ്പെട്ട സംഭവത്തിലും ഉന്നയിക്കാകുന്നതേയുള്ളൂ. രാജ്യത്ത് ജാതിവ്യവസ്ഥയും ജാതി മേധാവിത്വവും നിലനില്‍ക്കുന്ന കാലത്തോളം ദളിത് വിഭാഗത്തിന് നീതി അകലെയായിരിക്കും.

Latest