Connect with us

Ongoing News

തുല്യശക്തികളിൽ കേമൻ ചെന്നൈയിൻ

Published

|

Last Updated

ഫറ്റോര്‍ഡ | തുല്യശക്തികള്‍ ഏറ്റുമുട്ടിയ ഐ എസ് എല്ലിലെ 33ാം മത്സരത്തില്‍ ചെന്നൈയിൻ എഫ് സിക്ക് വിജയം. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് എഫ് സി ഗോവയെ ചെന്നൈയിൻ പരാജയപ്പെടുത്തിയത്. അഞ്ചാം മിനുട്ടില്‍ തന്നെ ചെന്നൈയിന്‍ ഗോളടിച്ച് ഞെട്ടിച്ചെങ്കിലും അഞ്ച് മിനുട്ട് തികയുന്നതിന് മുമ്പ് ഗോവ സമനില പിടിച്ചു. തുടര്‍ന്ന്, രണ്ടാം പകുതി ആരംഭിച്ച് ഏറെ വൈകാതെ ചെന്നൈയിന്‍ വിജയഗോള്‍ നേടി.

കളിയാരംഭിച്ച് നാലാം മിനുട്ടില്‍ തന്നെ മികച്ച ഗോളടി അവസരം ചെന്നൈയിന് ലഭിച്ചിരുന്നു. അനിരുദ്ധ് ഥാപ നല്‍കിയ ക്രോസ് റാഫേല്‍ ക്രിവല്ലാരോക്ക് ലഭിക്കുകയും അദ്ദേഹം ഷോട്ട് ഉതിര്‍ത്തെങ്കിലും ഗോവയുടെ ഗോള്‍ കീപ്പര്‍ മുഹമ്മദ് നവാസ് തടയുകയും ചെയ്തു. എന്നാല്‍ തൊട്ടടുത്ത മിനുട്ടില്‍ ലഭിച്ച കോര്‍ണറിലൂടെ ക്രിവല്ലാരോ പകരംവീട്ടി. കോര്‍ണര്‍ നേരിട്ട് ഗോളാക്കുകയായിരുന്നു.

തുടര്‍ന്ന് ഉണര്‍ന്നുകളിച്ച ഗോവ ജോര്‍ജ് മെന്‍ഡോസയിലൂടെ സമനില ഗോള്‍ നേടി. ഒമ്പതാം മിനുട്ടിലായിരുന്നു ഇത്. അലക്‌സാണ്ടര്‍ യേശുരാജ് ആണ് അസിസ്റ്റ് ചെയ്തത്. പത്താം മിനുട്ടിലാണ് മത്സരത്തിലെ ആദ്യ മഞ്ഞക്കാര്‍ഡ് റഫറി ഹരീഷ് കുന്ദു ഉയര്‍ത്തിയത്. ഗോവയുടെ സേവ്യര്‍ ഗാമയെ ടാക്കിള്‍ ചെയ്തതിന് ചെന്നൈയിന്റെ ദീപക് ടാംഗ്രിക്കാണ് മഞ്ഞക്കാര്‍ഡ് ലഭിച്ചത്. പതിനാലാം മിനുട്ടില്‍ ചെന്നൈയിന്റെ തന്നെ റീഗന്‍ സിംഗിന് മഞ്ഞക്കാര്‍ഡ് ലഭിച്ചു.

പതിനേഴാം മിനുട്ടില്‍ ഗോവക്ക് ഗോളടി അവസരം ലഭിച്ചെങ്കിലും റഫറി ഓഫ്‌സൈഡ് വിളിച്ചു. സമനില ഗോള്‍ നേടിയ മെന്‍ഡോസ ബോക്‌സിന്റെ പുറത്ത് വെച്ച് ഷോട്ടുതിര്‍ത്തെങ്കിലും ഇഗോര്‍ അംഗൂല ബോക്‌സിനുള്ളില്‍ ഉണ്ടായിരുന്നു. തുടര്‍ന്ന് ലൈന്‍മാന്‍ ഫ്ളാഗ് ഉയര്‍ത്തി.

ദീപക് ടാംഗ്രിക്ക് പകരമായി ഇറങ്ങിയ റഹീം അലി 53ാം മിനുട്ടില്‍ ഗോള്‍ നേടിയതോടെ ചെന്നൈയിന്‍ മേധാവിത്വം ഉറപ്പിച്ചു. ആദ്യ ഗോള്‍ നേടിയ റാഫേല്‍ ക്രിവല്ലാരോ ആയിരുന്നു അസിസ്റ്റ്. 56ാം മിനുട്ടില്‍ ഗോവയുടെ ലെന്നി റോഡ്രിഗസിനും 63ാം മിനുട്ടില്‍ ചെന്നൈയിന്റെ എനിസ് സിപോവിച്ചിനും മഞ്ഞക്കാര്‍ഡ് ലഭിച്ചു.

84ാം മിനുട്ടിൽ അനിരുദ്ധ് ഥാപക്ക് പരുക്കേറ്റ് കളം വിടേണ്ടി വന്നത് ചെന്നൈയിന് ക്ഷീണമുണ്ടാക്കുന്നതായിരുന്നു. ധൻപാൽ ഗണേഷ് ആണ് പകരം ഇറങ്ങിയത്. നിശ്ചിത സമയം പൂർത്തിയായതോടെ റഫറി അഞ്ച് മിനുട്ട് അധിക സമയം അനുവദിച്ചെങ്കിലും ഗോവക്ക് സമനില ഗോൾ നേടാനായില്ല.

Latest