Connect with us

Malappuram

അപൂര്‍വ റിപ്പോര്‍ട്ടുകളുടെ ശേഖരം ബാക്കിയാക്കി ഹക്കീം സഖാഫി വിടവാങ്ങി

Published

|

Last Updated

സിറാജ് ദിനപത്രത്തിൻെറ ആദ്യ കോപ്പിയുമായി അബ്ദുൽ ഹക്കീം സഖാഫി (ഫയൽ ചിത്രം)

ആക്കോട് (മലപ്പുറം) | ലോകം സാക്ഷ്യം വഹിച്ച പ്രമുഖ സംഭവങ്ങള്‍ സംബന്ധിച്ച പതിനായിരക്കണക്കിന് പേപ്പര്‍ കട്ടിംഗുകളുടെ അപൂര്‍വ ശേഖരം ബാക്കിയാക്കിയാണ് മലപ്പുറം വാഴക്കാട് ആക്കോട് സ്വദേശി ടി സി അബ്ദുല്‍ ഹക്കീം സഖാഫി വിടവാങ്ങിയത്. പത്രകട്ടിംഗ് ശേഖരണം ഹോബിയാക്കിയ ഹക്കീം സഖാഫി കഴിഞ്ഞ ഇരുപത്തിയഞ്ച് വര്‍ഷങ്ങള്‍ക്കിടയിലെ വ്യത്യസ്തമായ നൂറു വിഷയങ്ങളിലായി പതിനായിരത്തിലധികം ന്യൂസ് പേപ്പര്‍കട്ടിംഗുകള്‍ ശേഖരിച്ചിരുന്നു. പ്രിയ ഗുരുനാഥന്‍ കൂടിയായ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാരുടെ പ്രാസ്ഥനിക ജീവിത യാത്രയിലെ നിമിഷങ്ങള്‍ ഒപ്പിയെടുത്ത പത്രക്കട്ടിംഗുകള്‍ അതില്‍ പ്രധാനപ്പെട്ടതാണ്. കാന്തപുരത്തെ സംബന്ധിച്ച് വിവിധ പത്ര മാസികകളില്‍ വന്ന റിപ്പോര്‍ട്ടുകള്‍, പ്രസ്താവനകള്‍, ലേഖനങ്ങള്‍ അടക്കം ആയിരത്തിലധികം കട്ടിംഗുകള്‍ അദ്ദേഹത്തിന്റെ ശേഖരത്തിലുണ്ട്.

1983 മുതല്‍ 2011 വരെയുള്ള സമസ്തയുടെ ചരിത്രവും കാന്തപുരത്തിന്റെ ത്യാഗോജ്ജ്വല പ്രാസ്ഥാനിക ജൈത്രയാത്രയും അടയാളപ്പെടുത്തുന്ന അപൂര്‍വവും അമൂല്യവുമായ നേര്‍കാഴ്ചകളുടെ ശേഖരം തന്നെ സൂക്ഷിച്ചിരുന്നു ഹക്കീം സഖാഫി. കാന്തപുരത്തിന്റെ വ്യത്യസ്ത രൂപഭാവങ്ങളിലുള്ള ആയിരത്തിലധികം ഫോട്ടോകള്‍ ആ ശേഖരത്തില്‍ വേറിട്ടു നില്‍ക്കുന്നു. മനുഷ്യമനസ്സുകളെ കോര്‍ത്തിണക്കാന്‍ 1999ല്‍ കാന്തപുരം നടത്തിയ ഐതിഹാസിക കേരള യാത്രയുടെ മുഴുവന്‍ വാര്‍ത്തകളും ഫോട്ടോകളും പ്രത്യേക ഫയലില്‍ തന്നെ സൂക്ഷിച്ചു വെച്ചിട്ടുണ്ട്. കാന്തപുരം ഉസ്താദുമായി ബന്ധപ്പെട്ട കട്ടിംഗുകള്‍ മാത്രം ഉള്‍പ്പെടുത്തി 2009 ല്‍ “കാന്തപുരം ഒരു വിസ്മയം” എന്ന പുസ്തകം പ്രസിദ്ധപ്പെടുത്തിയിരുന്നു.

യുദ്ധങ്ങള്‍, കൊലപാതകങ്ങള്‍, സംഘട്ടനങ്ങള്‍, പീഡനം തുടങ്ങി മനുഷ്യത്വം നഷ്ടപ്പെട്ട മാനവന്റെ ഞെട്ടിപ്പിക്കുന്ന ക്രൂരകൃത്യങ്ങളും വൃദ്ധര്‍, സ്ത്രീകള്‍, കുട്ടികള്‍ എന്നിവരുടെ ദൈന്യതയാര്‍ന്ന ജീവിതം വരച്ചുകാട്ടുന്ന ആയിരക്കണക്കിന് റിപ്പോര്‍ട്ടുകളും അദ്ദേഹത്തിന്റെ പത്ര കട്ടിംഗ് ശേഖരത്തെ വ്യത്യസ്തമാക്കുന്നു. ഇന്ത്യക്കകത്തും പുറത്തും കോളിളക്കം സൃഷ്ടിച്ച വാര്‍ത്തകള്‍, ലോക ശ്രദ്ധ പിടിച്ചു പറ്റിയ സംഭവങ്ങള്‍, ശാസ്ത്ര ലോകത്തെ നൂതന വിവരങ്ങള്‍, ഇസ്ലാമിക സിദ്ധാന്തങ്ങളുടെ പ്രസക്തി വ്യക്തമാക്കുന്ന ആധുനിക ശാസ്ത്രീയ കണ്ടുപിടുത്തങ്ങള്‍, കൗതുക വാര്‍ത്തകള്‍, ഫോട്ടോകള്‍ തുടങ്ങിയവ ശേഖരത്തിലുണ്ട്.

പിതാവ് മര്‍ഹും ടി സി മുഹമ്മദ് മുസ്‌ലിയാരില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് പതിനഞ്ചാം വയസ്സില്‍ പള്ളിദര്‍സ് പഠനകാലം മുതല്‍ അദ്ദേഹം പത്രകട്ടിംഗ് ശേഖരം തുടങ്ങിയത്. പത്ര കട്ടിംഗുകള്‍ക്ക് പുറമെ അര ലക്ഷം കിതാബുകളും ആയിരക്കണക്കിന് മതപഭാഷണങ്ങള്‍ ഉള്‍ക്കൊള്ളുന്ന സി ഡികളും സഖാഫിയുടെ ശേഖരത്തിലുണ്ട്.

ഞായറാഴ്ച വൈകീട്ട് ഏഴ് മണിയോടെ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു ടി സി അബ്ദുല്‍ ഹക്കീം സഖാഫിയുടെ വിയോഗം.

Latest