International
അഫ്ഗാനിസ്ഥാനില്‍ വ്യത്യസ്ത ചാവേര്‍ ബോംബ് സ്‌ഫോടനങ്ങളില്‍ 34 പേര്‍ കൊല്ലപ്പെട്ടു

കാബൂള്‍ | അഫ്ഗാനിസ്ഥാനില്‍ ഇന്നുണ്ടായ വ്യത്യസ്ത ചാവേര്‍ ബോംബ് സ്‌ഫോടനങ്ങളില്‍ 34 പേര്‍ കൊല്ലപ്പെട്ടു. സൈനികത്താവളത്തെയും പ്രവിശ്യാ മേധാവിയെയും ലക്ഷ്യം വച്ചാണ് ആക്രമണം നടന്നത്. ഗസ്‌നി പ്രവിശ്യയിലുണ്ടായ
ആദ്യ ആക്രമണത്തില്‍ 31 സൈനികര്‍ കൊല്ലപ്പെടുകയും 24 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. സ്‌ഫോടകവസ്തുക്കള്‍ നിറച്ച വാഹനം ചാവേര്‍ സൈനികത്താവളത്തിലേക്ക് ഓടിച്ചു കയറ്റുകയായിരുന്നുവെന്ന് ദേശീയ സുരക്ഷാ കൗണ്‍സിലിലെ ഒരുദ്യോഗസ്ഥന്‍ പറഞ്ഞു. ആക്രമണം നടന്നതായി ആഭ്യന്തര മന്ത്രാലയ വക്താവ് താരീഖ് അരിയാന്‍ സ്ഥിരീകരിച്ചു. എന്നാല്‍, കൂടുതല്‍ വിശദാംശങ്ങള്‍ അദ്ദേഹം വെളിപ്പെടുത്തിയില്ല.
ദക്ഷിണ അഫ്ഗാനില്‍ സുബലിലെ പ്രവിശ്യാ കൗണ്‍സില്‍ മേധാവിയുടെ വാഹനത്തിനു നേരെയുണ്ടായ ചാവേറാക്രമണത്തില്‍ മൂന്നു പേര്‍ കൊല്ലപ്പെടുകയും കുട്ടികള്‍ ഉള്‍പ്പെടെ 12 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. പ്രവിശ്യാ കൗണ്‍സില്‍ മേധാവി അത്താജന്‍ ഹഖ്ബയാത് നിസ്സാര പരുക്കുകളോടെ രക്ഷപ്പെട്ടു. എന്നാല്‍, ഇദ്ദേഹത്തിന്റെ അംഗരക്ഷകന്‍ കൊല്ലപ്പെട്ടതായി പ്രവിശ്യാ പോലീസ് വക്താവ് ഹിഖ്മത്തുല്ല കൊശായി വെളിപ്പെടുത്തി.
ചാവേറാക്രമണങ്ങളുടെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. രാജ്യത്ത് പതിറ്റാണ്ടുകളായുള്ള ആഭ്യന്തര യുദ്ധം അവസാനിപ്പിക്കാന്‍ അഫ്ഗാന്‍ സര്‍ക്കാറും പ്രതിനിധികളും താലിബാനും തമ്മില്‍ ഖത്വറില്‍ മുഖാമുഖ ചര്‍ച്ചകള്‍ നടന്നുവരുന്നതിനിടെയാണ് ആക്രമണ സംഭവങ്ങള്‍ നടന്നത്.