Ongoing News
ശിവശങ്കറിനെ പേടിയാണോ?; കസ്റ്റംസിന് കോടതിയുടെ രൂക്ഷ വിമര്‍ശം

കൊച്ചി | സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറെ കസ്റ്റഡിയില്‍ വേണമെന്ന അപേക്ഷ പരിഗണിക്കവെ കസ്റ്റംസിനെ രൂക്ഷ ഭാഷയില്‍ വിമര്‍ശിച്ച് അഡീഷണല്‍ സിജെഎം കോടതി. കുറ്റം എന്തെന്ന് പോലും പറയാത്ത കസ്റ്റഡി അപേക്ഷയില്‍ ശിവശങ്കറിനെ മാധവന്‍ നായരുടെ മകന്‍ ശിവശങ്കറെന്ന് വിശേഷിപ്പിച്ചത് പേടിയായിട്ടാണോയെന്ന് കോടതി ചോദിച്ചു. പ്രതി കൈയാളിയിരുന്ന ഉന്നത പദവികളെക്കുറിച്ച് അറിയാത്തതുകൊണ്ടാണോ അപേക്ഷയില്‍ അത് എഴുതാത്തതെന്നും കോടതി ചോദിച്ചു.
കേസുമായി ബന്ധപ്പെട്ട് എല്ലാ ഏജന്‍സികളും നടപടി സ്വീകരിച്ചതിന് ശേഷം പതിനൊന്നാം മണിക്കൂറിലാണ് കസ്റ്റംസ് അറസ്റ്റ് രേഖപ്പെടുത്തുന്നത്. പതിനൊന്നാം മണിക്കൂറില്‍ എന്തിനാണ് ശിവശങ്കറെ അറസ്റ്റ് ചെയ്തത് . ഇതിന് പ്രേരിപ്പിച്ച ഘടകമെന്തന്നും കോടതി ചോദിച്ചു.
പതിവ് ശൈലിയിലുള്ള കസ്റ്റഡി അപേക്ഷ മാത്രമാണിതെന്നും ശിവശങ്കറെ എന്തിന് ചോദ്യം ചെയ്യണമെന്ന് പോലും കസ്റ്റംസ് ഹരജിയില്‍ വ്യക്തമാക്കുന്നില്ലെന്നും കോടതി കുറ്റപ്പെടുത്തി.
ഈ സമയം വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി ശിവശങ്കറും കോടതിയില്‍ ഹാജരായിരുന്നു. ശിവശങ്കറെ കോടതി അഞ്ച് ദിവസത്തെ കസ്റ്റംസ് കസ്റ്റഡിയില്‍ വിട്ടു.
അതേസമയം, ഡോളര്‍ കേസില്‍ സ്വപ്ന, സരിത്ത് എന്നിവരെയും കസ്റ്റംസ് കസ്റ്റഡിയില്‍ വിട്ടു. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് കസ്റ്റഡി ആവശ്യപ്പെട്ട് ഹര്‍ജി നല്‍കിയത്.