Uae
വിദേശ പൗരന്മാര്‍ക്ക് സംരംഭങ്ങളില്‍ പൂര്‍ണ്ണ ഉടമസ്ഥാവകാശം; യുഎഇ ആഗോള നിക്ഷേപ കേന്ദ്രമാകുമെന്ന് ഡോ. ഷംഷീര്‍ വയലില്‍

അബൂദബി | വിദേശപൗരന്മാര്‍ക്ക് ബിസിനസുകളില്‍ പൂര്‍ണ്ണ ഉടമസ്ഥാവകാശം നല്‍കാനുള്ള തീരുമാനത്തിലൂടെ യുഎഇയിലേക്കുള്ള നിക്ഷേപങ്ങളില്‍ വന്‍ വര്‍ധനവുണ്ടാകുമെന്നു വിപിഎസ് ഹെല്‍ത്ത്‌കെയര്‍ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ഷംഷീര്‍ വയലില്‍.
യുഎഇയിലെ സംരംഭങ്ങളില്‍ വിദേശ പൗരന്മാര്‍ക്ക് നൂറു ശതമാനം ഉടമസ്ഥാവകാശം നല്‍കുമെന്ന യുഎഇ സര്‍ക്കാര്‍ പ്രഖ്യാപനം ചരിത്രപരമാണ്. രാഷ്ട്ര നേതാക്കളുടെ ദീര്‍ഘവീക്ഷണവും വിവേകവും പ്രകടമാകുന്ന മികച്ച തീരുമാനമാണിത്. ഈ പരിഷ്‌കാരത്തിലൂടെ യുഎഇയിലേക്ക് വന്‍ തോതില്‍ വിദേശ നിക്ഷേപം ആകര്‍ഷിക്കാനാവും. മിഡില്‍ ഈസ്റ്റിലെ നിക്ഷേപത്തിന്റെ തന്ത്രപ്രധാന കേന്ദ്രമായി യുഎഇ മാറും.
മഹാമാരി സൃഷ്ടിച്ച വെല്ലുവിളികള്‍ മറികടക്കാന്‍ ലോക രാഷ്ട്രങ്ങള്‍ പുതിയ തന്ത്രങ്ങള്‍ ആവിഷ്‌ക്കരിക്കാന്‍ ശ്രമിക്കുന്ന വേളയിലുള്ള യുഎഇ ഭരണാധികാരികളുടെ സുപ്രധാന പ്രഖ്യാപനം തീര്‍ത്തും സമയോചിതമായി. പുതിയ നിയമത്തിലൂടെ യുഎഇയുടെ സാമ്പത്തിക രംഗം കൂടുതല്‍ ഉത്തേജിതമാകുമെന്നും രാജ്യത്തെ നിലവിലെയും ഭാവിയിലെയും ബിസിനസുകള്‍ക്ക് അതിലൂടെ വന്‍ നേട്ടമുണ്ടാകുമെന്നും ഡോ. ഷംഷീര്‍ പറഞ്ഞു.