Connect with us

Editorial

ചവിട്ടിമെതിക്കപ്പെടുന്ന പൗരാവകാശങ്ങള്‍

Published

|

Last Updated

ആഗോള പൗരാവകാശ സംരക്ഷണ ദിനമാണിന്ന്. സമത്വത്തിനുള്ള അവകാശം, സ്വാതന്ത്ര്യത്തിനുള്ള അവകാശം, മതവിശ്വാസാചാരങ്ങളുടെ സംരക്ഷണം, ചൂഷണങ്ങള്‍ക്കെതിരെയുള്ള അവകാശം തുടങ്ങിയവയെല്ലാം പൗരന് ഭരണഘടന ഉറപ്പ് നല്‍കുന്നു. ഇന്ത്യന്‍ ഭരണഘടനയെ ലോകോത്തരമാക്കി മാറ്റുന്നത് പൗരാവകാശങ്ങള്‍ക്ക് അത് കല്‍പ്പിക്കുന്ന പ്രാമുഖ്യം കാരണമാണ്. ഭരണഘടനയുടെ മൂന്നാം ഭാഗത്തില്‍ 12 മുതല്‍ 35 വരെയുള്ള അനുഛേദങ്ങളിലായി പരാമര്‍ശിക്കുന്ന ഈ അവകാശങ്ങള്‍ നിഷേധിക്കാന്‍ ഭരണകൂടത്തിന് അധികാരമില്ല. അതേസമയം ഇന്ത്യയില്‍ നിരന്തരം ലംഘിക്കപ്പെടുകയോ ചവിട്ടിമെതിക്കപ്പെടുകയോ ആണ് പൗരാവകാശങ്ങളത്രയും ഇന്ന്. ലോക രാഷ്ട്രങ്ങളിലെ രാഷ്ട്രീയ വ്യവസ്ഥകളെയും ഭരണകൂടങ്ങളുടെ ജനാധിപത്യ നിലപാടുകളെയും വിശകലനം ചെയ്ത് ദ ഇക്കോണമിക്‌സ് ഇന്റലിജന്‍സ് യൂനിറ്റ് കഴിഞ്ഞ വര്‍ഷം പുറത്തിറക്കിയ റാങ്കിംഗ് പട്ടികയില്‍ ഇന്ത്യയുടെ സ്ഥാനം വളരെ താഴെയാണ്. രാജ്യത്തിന്റെ മൊത്തത്തിലുള്ള സ്‌കോര്‍ നില 2018ലെ 7.23ല്‍ നിന്ന് 2019ല്‍ 6.90ലേക്ക് ഇടിഞ്ഞതായി സര്‍വേ റിപ്പോര്‍ട്ട് കാണിക്കുന്നു. പൗരസ്വാതന്ത്ര്യത്തിനെതിരായ നപടികളാണ് ഇടിവിന് കാരണമായി ചൂണ്ടിക്കാണിക്കുന്നത്.

രാജ്യത്തെ മുസ്‌ലിം, ദളിത് വിഭാഗങ്ങള്‍ സ്വത്വപ്രതിസന്ധിയിലാണ്. ഭരണകൂടവും ഭൂരിപക്ഷ സമുദായത്തിലെ ഫാസിസ്റ്റ് ചിന്താഗതിക്കാരും ചേര്‍ന്ന് മുസ്‌ലിം, ദളിത് വിഭാഗങ്ങളില്‍ നിരന്തരം ഭീതി പടര്‍ത്തി അരക്ഷിതാവസ്ഥയിലേക്ക് തള്ളിവിട്ടുകൊണ്ടിരിക്കുന്നു. സംഘടിതവും ആസൂത്രിതവുമായ അക്രമങ്ങളാണ് കഴിഞ്ഞ ആറ് വര്‍ഷക്കാലം ഇവര്‍ക്കെതിരെ രാജ്യത്ത് അരങ്ങേറിയത്. ഭരണഘടന അനുവദിച്ചിരുന്ന കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കുകയും പിന്നാലെ അവിടുത്തെ ജനനേതാക്കളെ മാസങ്ങളോളം തടവിലിട്ടു പീഡിപ്പിക്കുകയും ചെയ്തു. മാത്രമല്ല, കമ്യൂണിക്കേഷന്‍ സേവനങ്ങള്‍ റദ്ദാക്കി ജനങ്ങള്‍ തമ്മിലുള്ള ആശയവിനിമയവും തടഞ്ഞു. കശ്മീരിലെ പൗരാവകാശ ലംഘനങ്ങള്‍ തുറന്നു കാട്ടിയതിന്റെ പേരില്‍ ആംനസ്റ്റി ഇന്റര്‍ നാഷനല്‍ പോലുള്ള മനുഷ്യാവകാശ സംഘടനകളെ രാജ്യത്ത് നിന്ന് പുകച്ചു പുറത്തു ചാടിച്ചു. ഐക്യരാഷ്ട്ര സഭയും ബ്രിട്ടന്‍ ഉള്‍പ്പെടെ പല വിദേശ രാജ്യങ്ങളും ഈ നടപടിയില്‍ കടുത്ത ആശങ്ക രേഖപ്പെടുത്തുകയും ഇതുസംബന്ധിച്ച് അന്വേഷിക്കാന്‍ സ്വതന്ത്ര അന്താരാഷ്ട്ര നിരീക്ഷകരെ നിയോഗിക്കണമെന്നാവശ്യപ്പെടുകയും ചെയ്തു.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതികരിച്ചവരെ ഡല്‍ഹിയില്‍ നിയമപാലകരുടെ ഒത്താശയോടെയാണ് ഫാസിസ്റ്റ് ശക്തികള്‍ കൊന്നൊടുക്കുകയും ഭീഷണിപ്പെടുത്തി ആട്ടിയോടിക്കുകയും ചെയ്തത്. മതസ്വാതന്ത്ര്യം ഭരണഘടന ഉറപ്പ് നല്‍കവെ മുത്വലാഖ് നിരോധിച്ചു. മതനിരപേക്ഷത നിലനില്‍ക്കുന്ന സമൂഹത്തില്‍ ഏതൊരു വിഭാഗത്തിനും അവരുടെ വിശ്വാസത്തിനനുസൃതമായി ആചാരാനുഷ്ഠാനങ്ങള്‍ തീരുമാനിക്കാമെന്നും, യുക്തിക്കനുസരിച്ച് വിശ്വാസത്തെ മാറ്റാന്‍ തീരുമാനിക്കുന്നത് ശരിയല്ലെന്നും, മറ്റൊരാളുടെ മതവിശ്വാസത്തെ ഹനിക്കുന്നതല്ലെങ്കില്‍ ഏത് മതത്തിനും സ്വന്തം ആചാരങ്ങള്‍ തുടരാന്‍ അവകാശമുണ്ടെന്നും 2008 സെപ്തംബര്‍ 28ലെ ശബരിമലയിലെ സ്ത്രീപ്രവേശം സംബന്ധിച്ച സുപ്രീം കോടതി വിധിയില്‍ വ്യക്തമാക്കിയതാണ്. കോടതി വിധിയെയും ഭരണഘടനാ നിര്‍ദേശങ്ങളെയും കാറ്റില്‍ പറത്തിയാണ് മോദി സര്‍ക്കാര്‍ മുത്വലാഖിനെതിരെ നിയമം കൊണ്ടുവന്നത്. പശുവിന്റെ പേരില്‍ മുസ്‌ലിംകളെയും ദളിതുകളെയും അക്രമിക്കുകയും നിഷ്ഠൂരമായി കൊലപ്പെടുത്തുകയും ചെയ്യുന്ന പ്രവണത ഇപ്പോഴും തുടരുകയാണ്. ഭരണത്തലപ്പത്തുള്ളവര്‍ ഒന്നും കണ്ടില്ലെന്നു നടിക്കുകയും അന്താരാഷ്ട്ര വേദികളില്‍ പൗരാവകാശത്തിന്റെയും മൗലികാവകാശത്തിന്റെയും സംരക്ഷണത്തെക്കുറിച്ച് നാക്കിട്ടടിക്കുകയും ചെയ്യുന്നു.
ഭരണസ്ഥാപനങ്ങള്‍ വഴിതെറ്റുമ്പോള്‍ തിരുത്തുകയാണ് ജുഡീഷ്യറിയുടെ കടമ. എന്നാല്‍ നിലവില്‍ ഇന്ത്യന്‍ ജുഡീഷ്യറി സര്‍ക്കാറിന്റെ പൗരാവകാശ നിഷേധത്തിന് ചൂട്ടുപിടിക്കുകയാണെന്ന് സംശയിക്കേണ്ടിവരും. ബാബരി ഭൂമിയുടെ അവകാശത്തര്‍ക്കം സംബന്ധിച്ച കോടതി വിധിയും വിവാഹത്തിനു വേണ്ടിയുള്ള മതംമാറ്റം നിരോധിച്ച വിധിപ്രസ്താവവുമെല്ലാം രാജ്യത്തിന്റെ ജുഡീഷ്യല്‍ സംവിധാനത്തിന്റെ ലക്ഷ്യങ്ങളെ തകിടംമറിക്കുന്നതായിരുന്നു. പ്രമുഖരായ മുന്‍ സുപ്രീം കോടതി ജഡ്ജിമാര്‍ ഉള്‍പ്പെടെ നിയമലോകം ഈ ഉത്തരവിലെ നീതിശാസ്ത്രത്തെ ചോദ്യം ചെയ്യുകയുണ്ടായി.

മതവിശ്വാസവും മതംമാറ്റവും ഭരണഘടന അനുവദിച്ചതും പൗരന്റെ മൗലികാവകാശവുമാണ്. മറ്റൊരു മതത്തെക്കുറിച്ച് ആഴത്തില്‍ പഠിച്ചറിഞ്ഞാണോ ആ മതം സ്വീകരിക്കുന്നത്? മറ്റെന്തെങ്കിലും താത്പര്യങ്ങള്‍ക്ക് വേണ്ടിയാണോ എന്നൊന്നും ചുഴിഞ്ഞന്വേഷിക്കാന്‍ ഭരണഘടന നിര്‍ദേശിക്കുന്നില്ല. എന്നിട്ടും അലഹബാദ് ഹൈക്കോടതി വിവാഹത്തിനു വേണ്ടിയുള്ള മതംമാറ്റം നിരോധിച്ചുകൊണ്ട് ഉത്തരവിറക്കി. ഈ വിധിപ്രസ്താവത്തിന്റെ ചുവടു പിടിച്ച് ഉത്തര്‍പ്രദേശ്, കര്‍ണാടക, ഹരിയാന, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങള്‍ ഇതര മതസ്ഥരുമായുള്ള പ്രണയവും വിവാഹവും നിരോധിച്ചിരിക്കുകയാണ്.

പൗരാവകാശത്തിന്റെ നഗ്നമായ ലംഘനമല്ലേ ഇത്? 1893ല്‍ നടന്ന ചിക്കാഗോ സമ്മേളനത്തിലെ സ്വാമി വിവേകാനന്ദന്റെ പ്രശസ്തമായ പ്രസംഗത്തിലെ ഒരു വരി ഇങ്ങനെയായിരുന്നു- “ഞാന്‍ വരുന്നത് വ്യത്യസ്ത മതങ്ങളെയും ദര്‍ശനങ്ങളെയും ഇരുകൈയും നീട്ടി സ്വീകരിച്ച ഇന്ത്യയില്‍ നിന്നാണ്”. ഇത്തരമൊരു ഇന്ത്യയെ സങ്കല്‍പ്പിക്കാന്‍ പോലും ആകുമോ ഇന്ന്?

ഭരണകൂടവും ജുഡീഷ്യറിയും ചേര്‍ന്ന് പൗരാവകാശം പിച്ചിച്ചീന്തുമ്പോള്‍, മുഖ്യധാരാ കക്ഷികള്‍ കാഴ്ചക്കാരായി മാറിനില്‍ക്കുന്നുവെന്നത് ഇന്ത്യന്‍ ജനാധിപത്യം അഭിമുഖീകരിക്കുന്ന മറ്റൊരു ഭീഷണിയാണ്. ഡല്‍ഹിയില്‍ സ്ത്രീകളും വിദ്യാര്‍ഥികളും ഉള്‍പ്പെടെ പൗരത്വ നിയമ ഭേദഗതിക്കെതിരായ സമരത്തിന്റെ മുന്‍നിരയില്‍ അണിനിരന്നപ്പോള്‍ മിക്ക പ്രമുഖ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളും സമരമുഖത്തേക്ക് വരാന്‍ മടിച്ചു. തിരഞ്ഞെടുപ്പ് വേളകളില്‍ സീറ്റുകള്‍ പങ്കുവെക്കുമ്പോള്‍ പരമാവധി പിടിച്ചു വാങ്ങാനും സര്‍ക്കാര്‍ രൂപവത്കരണ വേളയില്‍ കൂടുതല്‍ അധികാര പദവികള്‍ ലഭ്യമാക്കാനും കാണിക്കുന്ന വീറും വാശിയുമൊന്നും പൗരാവകാശത്തിന്റെയും ജനാധിപത്യത്തിന്റെയും സംരക്ഷണ വിഷയത്തില്‍ ഇവരില്‍ നിന്ന് പ്രകടമായില്ല. ജനാധിപത്യമെന്നാല്‍ അധികാര രാഷ്ട്രീയത്തിലേക്കുള്ള ചവിട്ടുപടി മാത്രമാണോ ഇവര്‍ക്ക്?

Latest