Connect with us

National

അര്‍ണബ് ഗോസ്വാമിക്ക് സുപ്രീം കോടതി ഇടക്കാല ജാമ്യം അനുവദിച്ചു

Published

|

Last Updated

ന്യൂഡല്‍ഹി | ആത്മഹത്യാ പ്രേരണാ കുറ്റം ചുമത്തി ജയിലിലടച്ച റിപ്പബ്ലിക് ടിവി എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണബ് ഗോസ്വാമിക്ക് സുപ്രിം കോടതി ഇടക്കാല ജാമ്യം അനുവദിച്ചു. ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢ്, ഇന്ദിരാ ബാനര്‍ജീ എന്നിവരടങ്ങിയ രണ്ടംഗ ബഞ്ചാണ് ജാമ്യം അനുവദിച്ചത്. 50,000 രൂപ അർണബ് ജാമ്യത്തുകയായി കെട്ടിവെക്കണം. പ്രതികൾ അന്വേഷണവുമായ സഹകരിക്കണമെന്നും സാക്ഷികളെ സ്വാധീനിക്കരുതെന്നും കോടതി വ്യക്തമാക്കി.

നേരത്തെ ബോംബെ ഹൈക്കോടതി ജാമ്യം നിഷേധിച്ചതിനെ തുടര്‍ന്നാണ് അര്‍ണബ് ഗോസ്വാമി സുപ്രിം കോടതിയെ സമീപിച്ചത്. ജാമ്യം നിഷേധിച്ചതിൽ ഹെെക്കോടതിക്ക് പിഴവ് പറ്റിയതായും സുപ്രീം കോടതി നിരീക്ഷിച്ചു.

റിപ്പബ്ലിക് ടിവിയുടെ ഓഫീസ് ഇന്റീരിയര്‍ വര്‍ക്ക് ചെയ്ത ഇന്റീരിയര്‍ ഡിസൈനര്‍ അന്‍വെ നായിക്കും മാതാവും ആത്മഹത്യ ചെയ്ത കേസിലാണ് അര്‍ണബിനെ മുംബൈ പോലീസ് അറസ്റ്റ് ചെയ്തത്. ഓഫീസ് ഇന്റീരിയര്‍ ചെയ്ത വകയില്‍ ലക്ഷക്കണക്കിന് രൂപ അര്‍ണബ് തനിക്ക് തരുവാനുണ്ടെന്ന് ആത്മഹത്യാ കുറിപ്പില്‍ അന്‍വെ വ്യക്തമാക്കിയിരുന്നു.

വീഡിയോ കോണ്‍ഫറന്‍സിംഗ് വഴിയാണ് അര്‍ണബിന്റെ ജാമ്യഹര്‍ജിയില്‍ സുപ്രീം കോടതി വാദം കേട്ടത്. എട്ട് ദിവസത്തെ ജയിൽ വാസത്തിന് ശേഷമാണ് അർണബ് പുറത്തിറങ്ങുന്നത്.

Latest