നബി സ്‌നേഹം പെയ്ത പ്രഭാതമൊരുക്കി മര്‍കസ്: ഓണ്‍ലൈനില്‍ പങ്കെടുത്ത് ലക്ഷങ്ങള്‍

Posted on: October 29, 2020 11:08 pm | Last updated: October 29, 2020 at 11:10 pm

കോഴിക്കോട് | നബിദിന പ്രഭാതം നബി സ്‌നേഹ ഗദ്യങ്ങളുടെയും പദ്യങ്ങളുടെയും ആവിഷ്‌കാര വേദിയാക്കി മര്‍കസ്. പുലര്‍ച്ചെ നാല് മണി മൂതല്‍ ആരംഭിച്ച ഓണ്‍ലൈന്‍ ചടങ്ങില്‍ അറബി, മലയാളം, ഉറുദു ഭാഷകളില്‍ എഴുതപ്പെട്ട വിവിധ വരികള്‍ക്ക് പ്രഗത്ഭ ഗായകര്‍ ഈണം നല്‍കി. രണ്ടര ലക്ഷം വിശ്വാസികള്‍ ഓണ്‍ലൈനില്‍ ചടങ്ങിന് സാക്ഷിയായി.

മര്‍കസ് ചാന്‍സലര്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്തു. മുഹമ്മദ് നബിയോടുള്ള സ്‌നേഹവും ആദരവും ഹൃദയത്തില്‍ സദാ നിലനില്‍ക്കുമ്പോഴാണ് മുസ്ലിംകളുടെ വിശ്വാസത്തിനു പൂര്‍ണത വരികയെന്ന് അദ്ദേഹം പറഞ്ഞു. നബി പഠിപ്പിച്ചത് വിശാലമായ കരുണയും മാനവ സ്‌നേഹവുമാണ്. അടിമകളെ മോചിപ്പിച്ചും സ്ത്രീകള്‍ക്ക് ജീവിതാവകാശം നല്‍കിയും, വര്‍ണ വിവേചനത്തെ പൂര്‍ണമായി നിഗ്രഹിച്ചും പാവങ്ങളോട് അഗാധമായ ഐക്യപ്പെടല്‍ നടത്തിയുമാണ് നബി ജീവിച്ചത്. ആ സന്ദേശം വിശ്വാസികള്‍ കൂടുതല്‍ അറിയുകയും നിത്യമായി ഉള്‍ക്കൊഉള്ളകയും വേണമെന്ന് അദ്ദേഹം പറഞ്ഞു.

മന്‍ഖൂസ്, ശറഫല്‍ അനാം മൗലിദുകള്‍, അന്താരാഷ്ട്ര ഖ്യാതിയുള്ള ബര്‍സന്‍ജി മൗലിദ്, കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ രചിച്ച റൗളുല്‍ മൗറൂദ് എന്നിവ ചടങ്ങില്‍ പാരായണം ചെയ്തു.

മര്‍കസ് ജനറല്‍ മാനേജര്‍ സി മുഹമ്മദ് ഫൈസി സന്ദേശ പ്രഭാഷണം നടത്തി. മര്‍കസ് നോളജ് സിറ്റി ഡയറക്ടര്‍ ഡോ മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി ആമുഖ പ്രഭാഷണം നടത്തി. സയ്യിദ് ശിഹാബുദ്ധീന്‍ അഹ്ദല്‍ മുത്തനൂര്‍ സമാപന പ്രാര്‍ഥനക്ക് നേതൃത്വം നല്‍കി.