Connect with us

Malappuram

ഓണ്‍ലൈനായി സംഗമിച്ചത് പതിനായിരങ്ങള്‍; മഅ്ദിന്‍ മൗലിദ് സമ്മേളനത്തിന് പ്രൗഢ തുടക്കം

Published

|

Last Updated

മലപ്പുറം | പ്രവാചകാനുരാഗത്തില്‍ ഒന്നിച്ച് ഒരു രാത്രി മുഴുവന്‍ നീണ്ടുനില്‍ക്കുന്ന മഅ്ദിന്‍ ഗ്രാന്റ് മൗലിദ് സമ്മേളനത്തിന് പ്രൗഢമായ തുടക്കം. കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് മഅ്ദിന്‍ അക്കാദമിയില്‍ സംഘടിപ്പിച്ച പരിപാടി മഅ്ദിന്‍ യൂടൂബ് ഫെയ്സ്ബുക്ക് ചാനലുകളിലാണ് സംപ്രേഷണം ചെയ്യുന്നത്. എല്ലാ വര്‍ഷങ്ങളിലും മലപ്പുറം നഗരത്തില്‍ നടന്നു വരാറുള്ള പ്രൗഢമായ നബിദിന മീലാദ് റാലി കൊവിഡ് പശ്ചാത്തലത്തില്‍ കലക്ടറുടെ അഭ്യര്‍ഥന മാനിച്ച് ഇത്തവണ ഉണ്ടായിരുന്നില്ല. എങ്കിലും വ്യത്യസ്തങ്ങളായ ഓണ്‍ലൈന്‍ പരിപാടികളെ കൊണ്ട് സമ്മേളനം ധന്യമായി. തിരുനബി പിറവി ദിനത്തെ സ്വാഗതമരുളി വേദിയില്‍ മദ്ഹ് ഗാനങ്ങള്‍ ആലപിച്ചുള്ള സ്വീറ്റ് ഓഫ് മദീനാ പ്രോഗ്രാമിനൊപ്പം അരങ്ങേറിയ ഫ്ളവര്‍ ഷോ വേറിട്ടതായി.

മദ്ഹ് ഗാനങ്ങളും നഅ്ത് ശരീഫും ഖസീദകളും വ്യത്യസ്ത ഭാഷകളിലുള്ള പ്രകീര്‍ത്തനങ്ങളും വിശ്വാസി സമൂഹം ഒന്നിച്ചേറ്റു പാടി. വൈകുന്നേരം അഞ്ച് മുതല്‍ ആരംഭിച്ച നബി കീര്‍ത്തന പരിപാടികള്‍ പുലര്‍ച്ചെ അഞ്ച് വരെ നീണ്ടുനില്‍ക്കും. പുലര്‍ച്ചെ മൂന്നിന് നടക്കുന്ന ഗ്രാന്റ് മൗലിദ് സമ്മേളനം ലോക പ്രശസ്ത പണ്ഡിതന്‍ ശൈഖ് ഹബീബ് ഉമര്‍ ഹഫീള് ഉദ്ഘാടനം ചെയ്യും. പ്രവാചക കുടുംബത്തിലെ 20 സാദാത്തുക്കള്‍ നേതൃത്വം നല്‍കും. മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി സമാപന പ്രാര്‍ഥന നടത്തും. ശൈഖ് ആദില്‍ ജിഫ്രി മദീന, ഐനുല്‍ ഖദ്ദൂമി ജോര്‍ദ്ദാന്‍ തുടങ്ങിയവര്‍ സംബന്ധിക്കും.

Latest