Connect with us

Kozhikode

അന്താരാഷ്ട്ര മീലാദ് സമ്മേളനം നവംബര്‍ 13 ന്; പ്രമുഖ മൗലിദ് സംഘങ്ങളുടെ അവതരണങ്ങള്‍ നടക്കും

Published

|

Last Updated

കോഴിക്കോട് | മര്‍കസുസ്സഖാഫത്തി സുന്നിയ്യക്ക് കീഴില്‍ രാജ്യത്താകെ നടത്തിവരുന്ന വിവിധ മീലാദ് പരിപാടികളുടെ സമാപനം കുറിച്ച് നടത്തുന്ന അന്താരാഷ്ട്ര മീലാദ് സമ്മേളനം നവംബര്‍ 13ന് വൈകീട്ട് 4.30 മുതല്‍ രാത്രി 10 വരെ ഓണ്‍ലൈനില്‍ നടക്കും. മര്‍കസ് ചാന്‍സലര്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരുടെ വാര്‍ഷിക മദ്ഹുര്‍റസൂല്‍ പ്രഭാഷണം, ലോക പ്രശസ്ത പണ്ഡിതന്മാരുടെ സന്ദേശ പ്രഭാഷണങ്ങള്‍, വിവിധ രാഷ്ട്രങ്ങളിലെ പ്രശസ്ത മൗലിദ് -മദ്ഹ് സംഘങ്ങളുടെ ആലാപനം എന്നിവ പരിപാടിയില്‍ നടക്കും.

കഴിഞ്ഞ ദിവസം നടന്ന മര്‍കസ് കമ്മിറ്റി യോഗത്തിലാണ് അന്താരാഷ്ട്ര മീലാദ് സമ്മേളനം ഈ വര്‍ഷം വിപുലമായി ഓണ്‍ലൈനില്‍ നടത്താന്‍ തീരുമാനമായത്.
2004 -മുതല്‍ സുന്നി പ്രസ്ഥാനത്തിന്റെയും മര്‍കസിന്റെയും ആഭിമുഖ്യത്തില്‍ നടന്നുവരുന്ന അന്താരാഷ്ട്ര മീലാദ് സമ്മേളനം രാജ്യത്ത് റബീഉല്‍ അവ്വലില്‍ നടക്കുന്ന നബിസ്‌നേഹ പരിപാടികളില്‍ ഏറ്റവും പ്രധാനപ്പെട്ട ചടങ്ങുകളിലൊന്നാണ്. ഈ വര്‍ഷത്തെ മീലാദ് സമ്മേളനത്തിന്റെ ഭാഗമായി മര്‍കസ് കേന്ദ്ര കാമ്പസ്, നോളജ് സിറ്റി, മദീനത്തുന്നൂര്‍ കോളജ് ഓഫ് ഇസ്ലാമിക് സയന്‍സ്, വിവിധ സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ത്വയ്ബ ഗാര്‍ഡന്‍ ഗ്രൂപ്പ് ഇന്‍സ്റ്റിറ്റിയൂഷന്‍സ് എന്നിവക്ക് കീഴില്‍ വ്യത്യസ്ത അനുബന്ധ പരിപാടികളും നടക്കും.

മര്‍കസ് സമ്മേളന സ്വാഗത സംഘം ചെയര്‍മാന്‍ പി കെ എസ് തങ്ങള്‍ തലപ്പാറ, ബേക്കല്‍ ഇബ്‌റാഹീം മുസ്ലിയാര്‍, സുന്നി മാധ്യമ രംഗത്ത് പതിറ്റാണ്ടുകള്‍ നിറസാന്നിധ്യം നിര്‍വ്വഹിച്ച വി കെ ഉമര്‍ എന്നിവരുടെ അനുശോചനവും പ്രാര്‍ഥനയും യോഗത്തില്‍ നടന്നു. ഓണ്‍ലൈനില്‍ നടന്ന മര്‍കസ് കമ്മിറ്റി യോഗത്തില്‍ മര്‍കസ് പ്രസിഡന്റ് സയ്യിദ് അലി ബാഫഖി തങ്ങള്‍ അധ്യക്ഷത വഹിച്ചു. മര്‍കസ് ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്തു. മര്‍കസ് ജനറല്‍ മാനേജര്‍ സി മുഹമ്മദ് ഫൈസി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കെ കെ അഹ്മദ് കുട്ടി മുസ്ലിയാര്‍ കട്ടിപ്പാറ, വി പി എം ഫൈസി വില്യാപ്പള്ളി, സയ്യിദ് ശറഫുദ്ധീന്‍ ജമലുല്ലൈലി, പേരോട് അബ്ദുറഹ്മാന്‍ സഖാഫി, എസ് എസ് എ ഖാദിര്‍ ഹാജി ബാംഗ്ലൂര്‍, എന്‍ അലി അബ്ദുല്ല, എ പി അബ്ദുല്‍ കരീം ഹാജി ചാലിയം, പി സി ഇബ്‌റാഹീം മാസ്റ്റര്‍, ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട്, ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി, പി കെ എം സഖാഫി ഇരിങ്ങല്ലൂര്‍, സി പി ഉബൈദുല്ല സഖാഫി, പി യൂസുഫ് ഹൈദര്‍ സംബന്ധിച്ചു.