പാക്കിസ്ഥാനില്‍ മദ്‌റസയില്‍ സ്‌ഫോടനം: കുട്ടികളടക്കം ഏഴ് പേര്‍ കൊല്ലപ്പെട്ടു

Posted on: October 27, 2020 12:50 pm | Last updated: October 27, 2020 at 4:44 pm

ഇസ്ലാമാബാദ് | വടക്ക്- പടിഞ്ഞാറന്‍ പാക്കിസ്ഥാനിലെ പെഷവാറില്‍ മദ്‌റസയിലുണ്ടായ ബോംബ് സ്‌ഫോടനത്തില്‍ കുട്ടികളടക്കം ഏഴ് പേര്‍ കൊല്ലപ്പെട്ടു. 70 ഓളം പേര്‍ക്ക് പരുക്കേറ്റതായി ഡോണ്‍ റിപ്പോര്‍ട്ട് ചെയ്തു. പലരുടേയും പരുക്ക് ഗുരുതരമാണ്. ഇതിനാല്‍ മരണസംഖ്യ ഉയര്‍ന്നേക്കും.
സ്‌ഫോടക വസ്തുക്കള്‍ നിറച്ച പ്ലാസ്റ്റക് ബാഗ് പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായിരിക്കുന്നത്.

അപകടത്തില്‍പ്പെട്ടവരുടെ ശരീര ഭാഗങ്ങള്‍ ചിന്നിച്ചിതറിയ നിലയിലായിരുന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. പാക്കിസ്ഥാനിലെ ഏറ്റവും കൂടുതല്‍ തീവ്രവാദ ഭീഷണി നിലനില്‍ക്കുന്ന പ്രദേശമാണ് പെഷവാര്‍. അഫ്ഗാനിസ്ഥാനുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശത്തെ പ്രധാന നഗരമാണിത്. 2014ല്‍ ഇവിടത്തെ ഒരു സ്‌കൂളിന് നേരെ താലിബാന്‍ നടത്തിയ ആക്രമണത്തില്‍ 150 പേര്‍ കൊല്ലപ്പെട്ടിരുന്നു.