മന്ത്രി ബാലന്‍ വാളയാറില്‍ എത്താത്തത് കുറ്റബോധം കൊണ്ട്: രമേശ് ചെന്നിത്തല

Posted on: October 26, 2020 2:26 pm | Last updated: October 26, 2020 at 2:26 pm

പാലക്കാട് | വാളയാറില്‍ എത്തിയിട്ടും മന്ത്രി എ കെ ബാലന്‍ നീതി തേടി സമരം നടത്തുന്ന കുടുംബത്തെ സന്ദർശിക്കാത്തത്  കുറ്റബോധം കൊണ്ടാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഒരമ്മയുടെ കണ്ണുനീർ കാണാൻ ഇവിടെ വരാനുള്ള സാമാന്യ മര്യാദയെങ്കിലും പട്ടിക ജാതി വകുപ്പ്  മന്ത്രി കാണിക്കണമായിരുന്നുവെന്നും വാളയാറില്‍ രക്ഷിതാക്കളുടെ സമരത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് ചെന്നിത്തല പറഞ്ഞു.

ഈ അമ്മ എന്തിനാണ് സമരം ചെയ്യുന്നത് എന്നാണ് എ കെ ബാലൻ ചോദിക്കുന്നത്. ഇവർക്കാർക്കും ഒന്നും ഓർമയില്ല, ജനവഞ്ചനയാണ് ഈ മറവിയെന്നും സംസ്ഥാന സർക്കാർ വേട്ടക്കാർക്കൊപ്പമാണെന്നും ഇരകളോടൊപ്പമല്ലെന്നും അടിവരയിടുന്നതാണ് മന്ത്രിയുടെ നിലപാടെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.

ഹത്രാസും വാളയാറും സാദൃശ്യമുണ്ട്. രണ്ടും ഭരണകൂട ഭീകരതയാണ്. പീഡിപ്പിച്ചെന്ന കുറ്റം ഏറ്റെടുക്കാന്‍ പിതാവിനെ ഉന്നത പോലീസ് ഉദ്യോഗസ്ഥർ നിർബന്ധിക്കുകയും  പോക്സോ കേസുകള്‍ അട്ടിമറിക്കുകയാണ് ചെയ്യുന്നത്. ഇത്രയും നിന്ദ്യവും നീചവുമായ പ്രവർത്തനം നടത്തുന്നവർക്ക് സ്ഥാനക്കയറ്റം നൽകുന്ന നടപടിയാണ് സർക്കാർ സ്വീകരിക്കുന്നതെന്നും യു ഡി എഫ് അധികാരത്തിലെത്തിയാല്‍ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർ സർവീസിലുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.