കൊവിഡ് വാക്‌സിന്‍ സൗജന്യ വാഗ്ദാനവുമായി മധ്യപ്രദേശും

Posted on: October 22, 2020 10:48 pm | Last updated: October 23, 2020 at 8:25 am

ഭോപ്പാല്‍ |  കൊവിഡ് വാകിസിന്‍ സൗജന്യ നല്‍കുമെന്ന വാഗ്ദാനവുമായി കൂടുതല്‍ സംസ്ഥാനങ്ങള്‍ രംഗത്ത്. ബിഹാര്‍ ബി ജെ പിക്കും തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസാമിക്കും പിന്നാലെ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനും സമാന വാഗ്ദാനവുമായി രംഗത്തെത്തി. ബിഹാറില്‍ ഒന്നാംഘട്ട നിയമസഭാ തിരഞ്ഞെടുപ്പിന് ആറ് ദിവസം മാത്രമിരിക്കെയാണ് എന്‍ ഡി എ അധികാരത്തിലെത്തിയാല്‍ ബി ജെ പി കൊവിഡ് വാക്‌സിന്‍ നല്‍കുമെന്ന് പറഞ്ഞത്. ഇതിന് പിന്നാലെ ആറ് മാസത്തിനുള്ളില്‍ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന തമിഴ്‌നാട്ടിലും മുഖ്യമന്ത്രിയുടെ വക വാഗ്ദനമുണ്ടായി. കൊവിഡ് വാക്‌സിന് സംസ്ഥാനത്ത് പണം വാങ്ങില്ലെന്ന് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി പറഞ്ഞു.

തൊട്ടുപിന്നാലെയാണ് മധ്യപ്രദേശ് മുഖ്യമന്ത്രിയുടെ രംഗപ്രവേശം. സംസ്ഥാന സര്‍ക്കാറിന്റെ മുന്നോട്ടുള്ള പോക്കിന് നിര്‍ണായകമാകുന്ന ഏതാനും മണ്ഡലങ്ങളില്‍ മധ്യപ്രദേശില്‍ ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ് ശിവരാജ് സിംഗിന്റെ പ്രഖ്യാപനം. രാജ്യത്ത് കോവിഡ് വാക്‌സിന്റെ പരീക്ഷണം വേഗത്തില്‍ നടക്കുകയാണ്. വാക്‌സിന്‍ ലഭ്യമായാല്‍ ഉടന്‍ ജനങ്ങള്‍ക്ക് സൗജന്യമായി നല്‍കുമെന്ന് ശിവരാജ് സിംഗ് പ്രതികരിച്ചു.