Articles
ബിഹാര്‍ തിരഞ്ഞെടുപ്പ്: വര്‍ഗീയത പാറ്റ്‌നയെ പുണരുമോ?

ബിഹാര്‍ രാഷ്ട്രീയം എല്ലാ കാലത്തും ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ നിര്‍ണായക സ്വാധീനം ചെലുത്തിയിരുന്നു. പുരാതന ഇന്ത്യയിലെ ഗുപ്തന്മാരുടെ തലസ്ഥാനമായിരുന്ന പാടലീപുത്രയാണ് ഇന്നത്തെ തലസ്ഥാന നഗരമായ പാറ്റ്‌ന. സ്വാതന്ത്ര്യത്തിന് ശേഷം ജയപ്രകാശ് നാരായണന്‍ മുതല്‍ ബി പി മണ്ഡല്‍, ലാലു പ്രസാദ് യാദവ്, രാംവിലാസ് പാസ്വാന്‍, ശരത് യാദവ്, നിതീഷ് കുമാര്‍ തുടങ്ങിയ തലമുതിര്‍ന്ന നേതാക്കളെ ദേശീയ രാഷ്ട്രീയത്തിലേക്ക് സംഭാവന ചെയ്ത രാഷ്ട്രീയ ഭൂമികയാണ് ബിഹാര്‍. ജാതി രാഷ്ട്രീയം കൊണ്ടും കുതിരക്കച്ചവടം കൊണ്ടും പ്രശസ്തമാണ് ഈ മണ്ണ്. 1946ല്‍ സംസ്ഥാനം രൂപവത്കൃതമായത് മുതല്‍ ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസായിരുന്നു പ്രധാനമായും അധികാരം കൈയാളിയത്. 1990ല്‍ സ്ഥാനമൊഴിഞ്ഞ ജഗന്നാഥ് മിശ്രയാണ് കോണ്‍ഗ്രസിന്റെ അവസാന മുഖ്യമന്ത്രി. മൂന്ന് പതിറ്റാണ്ടിനിപ്പുറവും ബിഹാറില്‍ പിന്നീടൊരു കോണ്‍ഗ്രസ് മുഖ്യമന്ത്രിയുണ്ടായില്ല.
1989ലെ ഭാഗത്പൂര്‍ കലാപത്തില്‍ ഔദ്യോഗിക കണക്ക് പ്രകാരം കൊല്ലപ്പെട്ട ആയിരം പേരില്‍ 900 പേരും മുസ്‌ലിംകളായിരുന്നു. സുരക്ഷിതത്വബോധം നഷ്ടമായ മുസ്‌ലിം ജനതക്ക് 1990ല്‍ ആദ്യമായി അധികാരത്തിലെത്തിയ ലാലുവാണ് പ്രതീക്ഷകള്‍ നല്‍കിയത്. രാമക്ഷേത്ര നിര്‍മാണത്തിനായി പുറപ്പെട്ട രഥയാത്ര തടയുകയും അഡ്വാനിയെ അറസ്റ്റു ചെയ്യുകയും ചെയ്തതോടെ യാദവ വോട്ടിനപ്പുറം മുസ്‌ലിം ന്യൂനപക്ഷ വോട്ടുകള്‍ കൂടി ലാലുവിന്റെ പെട്ടിയില്‍ വീണു തുടങ്ങി. പിന്നീട് ലാലുവിന് തിരിഞ്ഞു നോക്കേണ്ടി വന്നില്ല. ഒന്നര പതിറ്റാണ്ട് കാലം ബിഹാര്‍ രാഷ്ട്രീയത്തിലെ അജയ്യ സാന്നിധ്യമായി ലാലു തിളങ്ങി. സംഘ്പരിവാറിനോട് അക്കാലത്ത് നേരിട്ട് യുദ്ധം പ്രഖ്യാപിക്കാന്‍ മാത്രമുള്ള രാഷ്ട്രീയ ഇച്ഛാശക്തിയും ബിഹാര്‍ മുഖ്യമന്ത്രിയായ ലാലുവിനുണ്ടായിരുന്നു. അഴിമതി ആരോപണവും അതേ തുടര്‍ന്ന് തടവിലും കഴിയേണ്ടി വന്നെങ്കിലും സംഘ്പരിവാര്‍ രാഷ്ട്രീയത്തോട് ഒരിക്കല്‍ പോലും സന്ധി ചെയ്യാന്‍ തയ്യാറായില്ല എന്നതുകൊണ്ട് കൂടിയാണ് ലാലു മതേതര ചേരിയിലെ ഏറ്റവും വലിയ ഐക്കണുകളിലൊരാളായി ഇപ്പോഴും നിറഞ്ഞു നില്‍ക്കുന്നത്.
തുടര്‍ച്ചയായ അധികാരവും അഴിമതി ആരോപണങ്ങളുമായിരുന്നു ആര്‍ ജെ ഡിയെ 2005ല്‍ അധികാരത്തില്‍ നിന്ന് പുറത്താക്കിയത്. പിന്നീട് 15 വര്‍ഷം ബിഹാറിന്റെ ഭരണചക്രം നിതീഷ് കുമാറിലായിരുന്നു. അപ്പോഴും കേന്ദ്രമന്ത്രിയായി ലാലു ദേശീയ രാഷ്ട്രീയത്തില്‍ തിളങ്ങി. ഇന്ത്യന്‍ റെയില്‍വേ ആധുനികവത്കരിക്കുന്നത് ലാലു റെയില്‍വേ മന്ത്രിയായിരുന്ന കാലത്താണ്. ആറ് പ്രധാനമന്ത്രിമാര്‍ക്കൊപ്പം കേന്ദ്ര മന്ത്രിസഭയിലുണ്ടായിരുന്ന രാംവിലാസ് പാസ്വാന് ഒരിക്കല്‍ പോലും സംസ്ഥാന രാഷ്ട്രീയത്തില്‍ സ്വാധീനം ചെലുത്താന്‍ കഴിഞ്ഞില്ല എന്നത് ബിഹാര്‍ രാഷ്ട്രീയം എത്ര സങ്കീര്‍ണമാണെന്നതിന്റെ സാക്ഷ്യമാണ്.
2015ലെ ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് ജെ ഡി യു നേതാവ് നിതീഷ് കുമാറും ആര്‍ ജെ ഡി നേതാവ് ലാലു പ്രസാദ് യാദവും വര്‍ഷങ്ങളുടെ രാഷ്ട്രീയ ശത്രുത ഉപേക്ഷിച്ച് മഹാസഖ്യവുമായി തിരഞ്ഞെടുപ്പ് രംഗത്തേക്ക് രംഗപ്രവേശം ചെയ്യുന്നത്. ആറ് പാര്‍ട്ടികള്‍ ചേര്‍ന്ന മഹാഗത്ബന്ധന്‍ എന്ന സഖ്യത്തിലേക്ക് പിന്നീട് കോണ്‍ഗ്രസും ചേര്‍ന്നു. മുന്നണിയുടെ അധ്യക്ഷനായി ലാലു പ്രസാദിനെയും മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി നിതീഷ് കുമാറിനെയും പ്രഖ്യാപിച്ചു. ലാലുവും നിതീഷും ചേര്‍ന്ന് തലസ്ഥാന നഗരമായ പാറ്റ്‌നയില്‍ വേദി പങ്കിട്ടത് ബിഹാറിന്റെ രാഷ്ട്രീയ ചരിത്രത്തിലെ തന്നെ വലിയ സംഭവമായി മാറി. തിരഞ്ഞെടുപ്പില്‍ സുശീല്‍ മോദിയുടെ നേതൃത്വത്തിലുള്ള ബി ജെ പിയായിരുന്നു പ്രധാന എതിരാളി. ഇതോടെ ദേശീയ രാഷ്ട്രീയത്തില്‍ പുതിയ ബദലായി ഈ സഖ്യം മാറുമെന്നും പ്രവചനങ്ങളുണ്ടായി. 2014ലെ പൊതു തിരഞ്ഞെടുപ്പില്‍ നരേന്ദ്ര മോദിയെ അധികാരത്തിലേക്ക് നയിച്ച രാഷ്ട്രീയ തന്ത്രങ്ങള്‍ ആസൂത്രണം ചെയ്ത പ്രശാന്ത് കിഷോറായിരുന്നു മഹാ സഖ്യത്തിന്റെയും ബുദ്ധികേന്ദ്രം.
100 വീതം സീറ്റുകള്‍ ആര്‍ ജെ ഡിയും ജെ ഡി യുവും പങ്കിട്ടെടുത്തപ്പോള്‍ 40 സീറ്റില്‍ കോണ്‍ഗ്രസും മത്സരിച്ചു. 80 സീറ്റുകള്‍ നേടിയ ലാലുവിന്റെ ആര്‍ ജെ ഡി ഏറ്റവും വലിയ ഒറ്റക്കക്ഷിയായപ്പോള്‍ 71 സീറ്റുകളില്‍ നിതീഷിന്റെ പാര്‍ട്ടിയും ജയിച്ചു കയറി. 243 അംഗങ്ങളുള്ള വിധാന്‍ സഭയില്‍ 178 സീറ്റുകള്‍ നേടിയ സഖ്യത്തിന്റെ വലിയ തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷം നിതീഷ് കുമാര്‍ മുഖ്യമന്ത്രിയായും ആര്‍ ജെ ഡി നേതാവും ലാലുവിന്റെ ഇളയ മകനുമായ തേജസ്വി പ്രസാദ് യാദവ് ഉപമുഖ്യമന്ത്രിയുമായി സര്‍ക്കാര്‍ രൂപവത്കരിച്ചു. എന്നാല്‍ 26 വയസ്സ് മാത്രം പ്രായമുള്ള, ക്രിക്കറ്ററായിരുന്ന ലാലുവിന്റെ മകന്റെ ഉപമുഖ്യമന്ത്രി സ്ഥാനം പാര്‍ട്ടിയിലും സഖ്യകക്ഷികള്‍ക്കിടയിലും പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചു. പാര്‍ട്ടിയിലെ ചില മുതിര്‍ന്ന നേതാക്കളും സഖ്യകക്ഷികളും തേജസ്വിയുടെ നേതൃത്വം അംഗീകരിച്ചില്ല. മാത്രമല്ല മുന്‍ ആര്‍ ജെ ഡി നേതാവും പിന്നീട് നിതീഷിന്റെ വിശ്വസ്തനും മന്ത്രിസഭയിലെ അംഗവുമായ ജിതന്‍ റാം മഞ്ജി, ആര്‍ ജെ ഡിയുടെ സ്ഥാപക അംഗങ്ങളിലൊരാളായ രഘുവന്‍ഷ് പ്രസാദ് സിംഗ് എന്നിവര്‍ പരസ്യമായി തന്നെ കലാപക്കൊടി ഉയര്‍ത്തി. 2017 ജൂലൈ ആദ്യ വാരം എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും സി ബി ഐയും വ്യത്യസ്ത കേസുകളില്‍ ലാലുവിനെയും കുടുംബത്തെയും പ്രതി ചേര്‍ത്തതോടെ കാര്യങ്ങള്‍ കീഴ്‌മേല്‍ മറിഞ്ഞു. ഇത് പല മുതിര്‍ന്ന സഖ്യകക്ഷികളും മഹാസഖ്യം വിടാന്‍ കാരണമായി. 2017 ജൂലൈ 26ന് നിതീഷ് കുമാര്‍ സഖ്യം ഉപേക്ഷിച്ച് മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചു. തൊട്ടടുത്ത ദിവസം തന്നെ ബി ജെ പിയുമായി ചേര്‍ന്ന് പുതിയ സര്‍ക്കാറുണ്ടാക്കി മുഖ്യമന്ത്രിയായി തുടരുകയും ചെയ്തു.
മഹാസഖ്യത്തെ പിളര്‍ത്തി എന്‍ ഡി എ കൂടാരത്തിലെത്തിയ നിതീഷിന് ആഗസ്റ്റില്‍ തന്നെ ലാലു മറുപടി നല്‍കി. പാറ്റ്‌നയില്‍ പത്ത് ലക്ഷം പേരെ അണിനിരത്തിയ കൂറ്റന്‍ റാലിയില്‍ ലാലുവിനൊപ്പം ജെ ഡി യു സ്ഥാപക നേതാവും 13 വര്‍ഷം തുടര്‍ച്ചയായി പാര്‍ട്ടി അധ്യക്ഷനുമായിരുന്ന ശരത് യാദവുമുണ്ടായിരുന്നു. ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി, സമാജ് വാദി പാര്‍ട്ടി നേതാവും മുന്‍ യു പി മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവ്, കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ്, സി പി ഐ അഖിലേന്ത്യാ സെക്രട്ടറി സുധാകര്‍ റെഡ്ഡി, ഝാര്‍ഖണ്ഡിലെ മുന്‍ മുഖ്യമന്ത്രിമാര്‍ തുടങ്ങിയവര്‍ റാലിയില്‍ അണി നിരന്നിരുന്നു. ദേശീയ രാഷ്ട്രീയത്തില്‍ മഹാസഖ്യം രൂപവത്കരിക്കുമെന്ന് സമ്മേളനത്തില്‍ ശരത് യാദവ് പ്രഖ്യാപിക്കുകയും ചെയ്തു.
ഇതോടെ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തിയെന്ന് കാണിച്ച് ജെ ഡി യുവിലെ ഔദ്യോഗിക പക്ഷമായി മാറിയ നിതീഷ് പക്ഷം പാര്‍ലിമെന്ററി പാര്‍ട്ടി നേതാവ് സ്ഥാനത്ത് നിന്ന് ശരത് യാദവിനെ പുറത്താക്കുകയും കൂറുമാറ്റ നിരോധന നിയമ പ്രകാരം രാജ്യസഭാ അംഗത്വം റദ്ദാക്കാന്‍ സഭാ അധ്യക്ഷനും ഉപരാഷ്ട്രപതിയുമായ വെങ്കയ്യ നായിഡുവിന് നോട്ടീസ് നല്‍കുകയും ചെയ്തു. ശരത് യാദവിനൊപ്പം ഉറച്ചു നിന്ന അന്‍വര്‍ അലി അന്‍സാരിയും രാജ്യസഭയില്‍ നിന്ന് പുറത്തായി. 2018 ഏപ്രിലില്‍ ശരത് യാദവ് ലോക് താന്ത്രിക് ജനതാദള്‍ എന്ന പുതിയ പാര്‍ട്ടി പ്രഖ്യാപിച്ചു. ജെ ഡി യു കേരള ഘടകം നേതാവായിരുന്ന എം പി വീരേന്ദ്ര കുമാറും പാര്‍ട്ടിയുടെ ബി ജെ പി അനുകൂല നിലപാടില്‍ പ്രതിഷേധിച്ചു കൊണ്ട് ശരത് യാദവിന്റെ പാര്‍ട്ടിയില്‍ ചേര്‍ന്നു. അതിനിടയില്‍ കാലിത്തീറ്റ കുംഭകോണത്തില്‍ വിധി വന്നപ്പോള്‍ ലാലു ജയിലിലുമായി.
2019 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നിതീഷും ബി ജെ പിയും അടങ്ങുന്ന എന്‍ ഡി എ മുന്നണിക്കൊപ്പം രാംവിലാസ് പാസ്വാന്റെ ലോക് ജനശക്തി പാര്‍ട്ടിയുമുണ്ടായിരുന്നു. 40 മണ്ഡലങ്ങളുള്ള ബിഹാറില്‍ 39 സീറ്റില്‍ നിന്നും എന്‍ ഡി എ സ്ഥാനാര്‍ഥികളാണ് പാര്‍ലിമെന്റിലെത്തിയത്. ഒരിടത്ത് മാത്രമാണ് എന്‍ ഡി എ മുന്നണിക്ക് കാലിടറിയത്. 17 സീറ്റില്‍ ബി ജെ പിയും 16 സീറ്റില്‍ ജെ ഡി യുവും ആറ് സീറ്റില്‍ എല്‍ ജെ പിയും ജയിച്ചു കയറി. ലാലുവിന്റെ പാര്‍ട്ടി നിലം തൊട്ടില്ല. ബെഗുസാരെയില്‍ ജനവിധി തേടിയ ജെ എന്‍ യു സമര നായകനായിരുന്ന കനയ്യ കുമാറടക്കം തോറ്റപ്പോള്‍ ഒരു സീറ്റില്‍ ജയിച്ച കോണ്‍ഗ്രസായിരുന്നു പ്രതിപക്ഷത്തിന്റെ ആകെയുള്ള ശബ്ദം.
ഈ വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ശരത് യാദവിന്റെ പാര്‍ട്ടി ഒരു മുന്നണിയുമായും സഖ്യമില്ല. 51 സീറ്റില്‍ ഒറ്റക്ക് മത്സരിക്കാനാണ് തീരുമാനം. 73 വയസ്സായ ശരത് യാദവിന് ആരോഗ്യം ക്ഷയിച്ചു തുടങ്ങിയിട്ടുണ്ട്. മകള്‍ സുഭാഷിണി രാജ് റാവു കഴിഞ്ഞ ദിവസമാണ് അംഗത്വമെടുക്കാന്‍ എ ഐ സി സി ആസ്ഥാനത്തെത്തി കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിക്കുമെന്ന് പ്രഖ്യാപിച്ചത്. ഇതോടെ ശരത് യാദവിനൊപ്പം പോയ നേതാക്കളെയും പ്രവര്‍ത്തകരെയും തിരികെയെത്തിക്കാന്‍ ജെ ഡി യു അണിയറ നീക്കം തുടങ്ങിക്കഴിഞ്ഞു. ആര്‍ ജെ ഡിയുടെ നേതൃത്വത്തിലുള്ള സഖ്യത്തില്‍ കോണ്‍ഗ്രസും ഇടതുപാര്‍ട്ടികളുമുണ്ട്. ലാലുവിന്റെ മകന്‍ തേജസ്വി യാദവിനെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാക്കിക്കൊണ്ട് 144 സീറ്റില്‍ ആര്‍ ജെ ഡിയും 70 സീറ്റില്‍ കോണ്‍ഗ്രസും 29 സീറ്റില്‍ ഇടതുപാര്‍ട്ടികളും മത്സരിക്കാനാണ് ധാരണ. എന്‍ ഡി എ മുന്നണിയില്‍ പുതുതായി മുന്‍ മുഖ്യമന്ത്രിയും നിതീഷിന്റെ പഴയ വിശ്വസ്തനുമായിരുന്ന ജിതിന്‍ റാം മഞ്ചിയുടെ ഹിന്ദുസ്ഥാനി അവാം മോര്‍ച്ചയുമുണ്ട്.
അതിനിടെയാണ് കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എന്‍ ഡി എ മുന്നണി വിട്ട് യു പി എക്കൊപ്പം ചേര്‍ന്ന ഉപേന്ദ്ര കുശ്വാഹയുടെ രാഷ്ട്രീയ ലോക് സമത പാര്‍ട്ടി തേജസ്വിയുമായി തര്‍ക്കിച്ച് മഹാസഖ്യം വിടുന്നതും ഗ്രാന്‍ഡ് ഡെമോക്രാറ്റിക് സെക്യുലര്‍ ഫ്രണ്ട് എന്ന പേരില്‍ മൂന്നാം മുന്നണിയുമായി രംഗത്ത് വന്നതും. മായാവതിയുടെ ബി എസ് പിയും അസദുദ്ദീന്‍ ഉവൈസിയുടെ എ ഐ എം എം അടക്കം ആറ് പാര്‍ട്ടികളും ഒപ്പമുണ്ട്. എന്നാല്‍ കഴിഞ്ഞ ദിവസം ലോക് സമത പാര്‍ട്ടി പിളരുകയും ജനറല്‍ സെക്രട്ടറിയും എം പിയുമായ അരുണ്‍ കുമാര്‍ അടക്കമുള്ള ഒരു വിഭാഗം നിതീഷിനൊപ്പം ചേരുകയും ചെയ്തത് എന്‍ ഡി എ ക്യാമ്പിലെ പ്രതീക്ഷകള്‍ ഉയര്‍ത്തിയിട്ടുണ്ട്.
വര്‍ഗീയ പ്രചാരണങ്ങളിലൂടെ ഹിന്ദു വോട്ടുബേങ്ക് ലക്ഷ്യം വെക്കുന്ന ബി ജെ പി ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയാണ് പ്രധാനമായും തിരഞ്ഞെടുപ്പ് രംഗത്ത് ഉയര്‍ത്തിക്കാണിക്കുന്നത്. ജാതി രാഷ്ട്രീയത്തില്‍ നിന്ന് വര്‍ഗീയ രാഷ്ട്രീയത്തിലേക്കുള്ള പ്രയാണത്തിലാണ് ബിഹാര്‍. അത്ഭുതങ്ങള്‍ ഒന്നും സംഭവിച്ചില്ലെങ്കില്‍ നിതീഷ് കുമാര്‍ നാലാം തവണയും മുഖ്യമന്ത്രിയാവും. തേജസ്വി യാദവ് നയിക്കുന്ന പ്രതിപക്ഷം ഏതെങ്കിലും തരത്തിലുള്ള ചലനങ്ങളുണ്ടാക്കുമെന്ന പ്രവചനങ്ങള്‍ക്ക് സാധ്യതയില്ല. ഈ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ തിരിച്ചു വരവിന് മാത്രമാണ് അല്‍പ്പമെങ്കിലും പ്രതീക്ഷയുള്ളത്. എന്നാല്‍ സംസ്ഥാന രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസിന് തലയെടുപ്പുള്ള ഒരു നേതാവിനെപ്പോലും മുന്നില്‍ നിര്‍ത്താനില്ല എന്നത് ആ പ്രതീക്ഷക്കും മങ്ങലേല്‍പ്പിക്കുന്നുണ്ട്.
അടിയന്തരാവസ്ഥ കാലത്ത് ജനകീയ ജനാധിപത്യ ശ്രമങ്ങള്‍ക്ക് തീ കൊളുത്തിയ ജനതയാണ് ബിഹാറിലേത്. ജയപ്രകാശ് നാരായണന്റെ വിദ്യാര്‍ഥി സമരങ്ങള്‍ക്ക് വീര്യം പകര്‍ന്ന മണ്ണാണ് ഇത്. അതുകൊണ്ട് എല്ലാ രാഷ്ട്രീയ വൈരുധ്യങ്ങള്‍ക്കുമപ്പുറം ബിഹാര്‍ ജനതയുടെ ജനാധിപത്യ ബോധത്തില്‍ നമുക്ക് പ്രതീക്ഷ വെക്കാം.