പൗരത്വ ഭേദഗതി നിയമം ഉടന്‍ നടപ്പിലാക്കും: ബിജെപി ദേശീയ പ്രസിഡന്റ് ജെപി നദ്ദ

Posted on: October 19, 2020 7:41 pm | Last updated: October 20, 2020 at 9:18 am

സില്‍ഗുരി | പൗരത്വ നിയമ ഭേദഗതി ഉടന്‍ നടപ്പിലാക്കുമെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ. കൊവിഡ് പ്രതിസന്ധി കാരണമാണ് നിയമഭേദഗതി നടപ്പിലാക്കുന്നത് നീളുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. സ്ഥിതി മെല്ലെ മെച്ചപ്പെടാന്‍ തുടങ്ങിയ സാഹചര്യത്തില്‍ ചട്ടങ്ങൾ രൂപപ്പെടുത്തുന്ന ജോലികള്‍ ആരംഭിച്ചിട്ടുണ്ടെന്നും പശ്ചിമ ബംഗാളിലെ സില്‍ഗുരിയില്‍ പാർട്ടി പ്രവർത്തകരുടെ ഓൺലെെൻ സംഗമത്തിൽ അദ്ദേഹം പറഞ്ഞു.

പൗരത്വ ഭേദഗതി നിയമത്തിന്റെ (സിഎഎ) ചട്ടങ്ങള്‍ രൂപപ്പെടുത്താന്‍ മൂന്ന് മാസം കൂടി വേണ്ടിവരുമെന്ന് ആഭ്യന്തര മന്ത്രാലയം നേരത്തെ പാര്‍ലമെന്ററി സ്റ്റാന്‍ഡിംഗ് കമ്മിറ്റിയെ അറിയിച്ചിരുന്നു. പാര്‍ലമെന്റ് പാസാക്കുകയും വിജ്ഞാപനം പുറപ്പെടുവിക്കുകയും ചെയ്‌തെങ്കിലും ചട്ടങ്ങള്‍ ഇതുവരെ രൂപപ്പെടുത്തിയിട്ടില്ല.

അഫ്ഗാനിസ്ഥാന്‍, പാകിസ്ഥാന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്ന് വരുന്ന മുസ്ലിംകള്‍ ഒഴികെ മതവിഭാഗങ്ങള്‍ക്ക് രാജ്യത്ത് പൗരത്വം അനുവദിക്കുന്നതിനുള്ള ഭേദഗതിയാണ് പാസ്സാക്കിയത്. ഇത് കടുത്ത മത വിവേചനമായി ചൂണ്ടിക്കാണിക്കപ്പെടുന്നു.

പൗരത്വ ഭേദഗതി നിയമത്തിന് എതിരെ രാജ്യവ്യാപക പ്രക്ഷോഭം തുടരുന്നതിനിടെയാണ് കൊവിഡ് ലോക്ഡൗണ്‍ നിലവില്‍ വന്നത്. ഇതോടെ പ്രതിഷേധ സമരങ്ങള്‍ തത്കാലം നിര്‍ത്തിവെച്ചിരിക്കുകയാണ്. ലോക്ഡൗണ്‍ ഇളവുകളെ തുടര്‍ന്ന് സാമൂഹിക സാംസ്‌കാരിക രംഗം മെല്ലെ സജീവമായി വരുന്നതിനിടയിലാണ് നിയമം ഉടന്‍ നടപ്പിലാക്കുമെന്ന് ജെപി നദ്ദ പ്രഖ്യാപിച്ചിരിക്കുന്നത്. ഇത് വലിയ സമരങ്ങളിലേക്ക് നയിക്കാനിടയുണ്ട്.