മൂന്ന് ദിവസത്തെ മണ്ഡല സന്ദര്‍ശനത്തിനായി രാഹുല്‍ ഗാന്ധി ഇന്ന് കേരളത്തിലെത്തും

Posted on: October 19, 2020 8:30 am | Last updated: October 19, 2020 at 12:17 pm

കല്‍പ്പറ്റ | കോണ്‍ഗ്രസ് നേതാവും വയനാട് എം പിയുമായ രാഹുല്‍ ഗാന്ധി ഇന്ന് കേരളത്തിലെത്തും. സ്വന്തം പാര്‍ലിമെന്റ് മണ്ഡലത്തില്‍ മൂന്ന് ദിവസങ്ങളിലായി നടക്കുന്ന വിവിധ പരിപാടികളില്‍ സംബന്ധിക്കാനാണ് രാഹുല്‍ എത്തുന്നത്. രാവിലെ 11.30ന് കരിപ്പൂര്‍ വിമാനത്താവളത്തിലെത്തുന്ന രാഹുല്‍ ഗാന്ധിയെ കെ പി സി സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, യു ഡി എഫ് കണ്‍വീനര്‍ എം എം ഹസന്‍, പി കെ കുഞ്ഞാലിക്കുട്ടി എം പി തുടങ്ങിയവര്‍ ചേര്‍ന്ന് സ്വീകരിക്കും. ഒമ്പത് മാസങ്ങള്‍ക്ക് ശേഷമാണ് അദ്ദേഹം വയനാട്ടിലെത്തുന്നത്. കൊവിഡ് വ്യാപനത്തിന് മുമ്പ്‌ കഴിഞ്ഞ ജനുവരിയിലായിരുന്നു അവസാന സന്ദര്‍ശനം.

ഇന്നും നാളെയും മറ്റെന്നാളുമായാണ് രാഹുലിന്റെ പരിപാടികള്‍. കല്‍പ്പറ്റ ഗവ. ഗസ്റ്റൗസിലാകും രണ്ട് ദിവസം അദ്ദേഹം തങ്ങുക. ഇന്ന് മലപ്പുറം കലക്ട്രേറ്റില്‍ ചേരുന്ന കൊവിഡ് അവലോകന യോഗമാണ് ആദ്യ പരിപാടി. തുടര്‍ന്ന് മലപ്പുറം ഗസ്റ്റ് ഹൌസില്‍, കവളപ്പാറ ദുരന്തത്തില്‍ വീടും പ്രിയപ്പെട്ടവരെയും നഷ്ടമായ സഹോദരിമാരായ കാവ്യയ്ക്കും കാര്‍ത്തികയ്ക്കും കോണ്‍ഗ്രസ് നിര്‍മിച്ചു നല്‍കുന്ന വീടിന്റെ താക്കോല്‍ രാഹുല്‍ കൈമാറും.

ശേഷം ഉച്ചക്ക് രണ്ട് മണിയോടെ വയനാട്ടിലേക്ക് തിരിക്കും. തുടര്‍ന്ന് രണ്ട് ദിവസം കല്‍പ്പറ്റ ഗസ്റ്റ്‌ഹൌസില്‍ താമസിക്കുന്ന അദ്ദേഹം വയനാട്ടിലെ വിവിധ പരിപാടികളില്‍ സംബന്ധിച്ച് ബുധനാഴ്ച ഉച്ചക്ക് കണ്ണൂര്‍ വിമാനത്താവളം വഴി ഡല്‍ഹിക്ക് തിരിക്കും.