Connect with us

National

മുംബൈ അറൈയിലെ 800 ഏക്കര്‍ ഭൂമി സംരക്ഷിത വനമേഖലയായി പ്രഖ്യാപിച്ചു

Published

|

Last Updated

മുംബൈ | മുംബൈ അറൈയിലെ 800 ഏക്കര്‍ ഭൂമി സംരക്ഷിത വനമേഖലയായി പ്രഖ്യാപിച്ചു. മെട്രോറെയില്‍ പദ്ധതിക്കായി പ്രദേശത്ത് നിര്‍മിക്കുന്ന വിവാദ കാര്‍ ഷെഡ് കാഞ്ജൂര്‍മഗിലേക്ക് മാറ്റുമെന്നും മുഖ്യമന്ത്രി ഉദ്ധവ് താക്കറെ അറിയിച്ചു. കാര്‍ഷെഡ് അങ്ങോട്ട് മാറ്റുന്നതിലൂടെ ചെലവ് വര്‍ധിക്കില്ലെന്നും സര്‍ക്കാറിന്റെ കൈവശം അവിടെ ഭൂമിയുണ്ടെന്നും താക്കറേ വ്യക്തമാക്കി.

അറൈയില്‍ 2700 മരങ്ങള്‍ മുറിച്ചുമാറ്റി കാര്‍ ഷെഡ് നിര്‍മിക്കാനുള്ള പദ്ധതി വലിയ വിവാദങ്ങള്‍ക്ക് വഴിതുറന്നിരുന്നു. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലും ഒക്ടോബറിലും പരിസ്ഥിതി പ്രവര്‍ത്തകരും ബിജെപിയുടെ നേതൃത്വത്തിലുള്ള മഹാരാഷ്ട്ര സര്‍ക്കാരും തമ്മില്‍ രൂക്ഷമായ ഏറ്റുമുട്ടലാണ് നടന്നത്.

കാര്‍ ഷെഡുമായി ബന്ധപ്പെട്ട അനിശ്ചിതത്വം ഇപ്പോള്‍ അവസാനിച്ചതായി ഉദ്ധവ് പറഞ്ഞു. അറൈയിയിലെ ജൈവവൈവിധ്യം സംരക്ഷിക്കപ്പെടേണ്ടതുണ്ട്. 800 ഏക്കര്‍ വനമാണ് നഗരമേഖലയിലുള്ളത്. മുംബൈക്ക് പ്രകൃതിവനത്തിന്റെ സംരക്ഷണമുണ്ടെന്നും ഇതിനകം തന്നെ അറൈയില്‍ നിര്‍മ്മിച്ച കെട്ടിടം മറ്റ് പൊതു ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

അറൈ പ്രതിഷേധക്കാര്‍ക്കെതിരെ ഫയല്‍ ചെയ്ത എല്ലാ പൊലീസ് കേസുകളും പിന്‍വലിക്കാന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. മരങ്ങള്‍ മുറിക്കാന്‍ എത്തിയ അധികൃതരെ തടഞ്ഞതിന്റെ പേരില്‍ എടുത്ത കേസുകളാണ് പിന്‍വലിക്കുക.

മരങ്ങള്‍ സംരക്ഷിക്കാന്‍ വേണ്ടി പ്രചാരണം നടത്തിയ പരിസ്ഥിതി മന്ത്രി ആദിത്യ താക്കറെ പ്രതിഷേധക്കാര്‍ ഭൂമിയുടെ ഭാവിക്കുവേണ്ടി യാണ് പോരാടിയതെന്നും, ആദിവാസികളുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടുമെന്നും നേരത്തെ വ്യക്തമാക്കിയിരുന്നു.

അറൈയെ സംരക്ഷിത വനഭൂമിയായി പ്രഖ്യാപിക്കണമെന്ന പരിസഥിതി പ്രവര്‍ത്തകുരട ആവശ്യം നേരത്തെ മുംബൈ ഹൈക്കോടതി തള്ളിയിരുന്നു. ഇതിന് പിന്നാലെ സര്‍ക്കാര്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് വനങ്ങള്‍ പിഴുതെറിയാന്‍ തുടങ്ങിയത് വലിയ ഏറ്റുമുട്ടലിന് വഴിയൊരുക്കി. പിന്നീട് പരിസ്ഥിതി പ്രവര്‍ത്തകരും നിയമ വിദ്യാര്‍ഥികളും വിഷയം സുപ്രീം കോടതിയുടെ ശ്രദ്ധയിലെത്തിച്ചു. പ്രദേശത്ത് നിര്‍മാണപ്രവര്‍ത്തനങ്ങള്‍ തുടരുന്നത് തത്കാലത്തേക്ക് സ്‌റ്റേ ചെയ്ത കോടതി, നിലവില്‍ മരങ്ങള്‍ മുറിച്ച സ്ഥലത്ത് നിര്‍മാണ പ്രവര്‍ത്തനം തുടരാന്‍ അനുമതി നല്‍കുകയായിരുന്നു. മരം മുറിക്കുന്നതിന് ഏര്‍പെടുത്തിയ സ്‌റ്റേ ഡിസംബര്‍ വരെ കോടതി നീട്ടുകയും ചെയ്തു.

ഇതിനിടയില്‍ നവംബറില്‍ മഹാരാഷ്ട്രയില്‍ ശിവസേനയും എന്‍സിപിയും ചേര്‍ന്നുള്ള സര്‍ക്കാര്‍ നിലവില്‍ വന്നതോടെ കാര്‍ ഷെഡ നിര്‍മാണം നിര്‍ത്തിവെക്കാന്‍ ഉദ്ധവ് താക്കറേ നിര്‍ദേശം നല്‍കുകയായിരുന്നു.

Latest