Connect with us

Kerala

പോപ്പുലര്‍ ഫിനാന്‍സിന്റെ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടുന്നതിനും ആസ്തികള്‍ ഏറ്റെടുക്കുന്നതിനും ഉത്തരവ്

Published

|

Last Updated

പത്തനംതിട്ട | പത്തനംതിട്ട ജില്ലയിലെ പോപ്പുലര്‍ ഫിനാന്‍സിന്റെ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടുന്നതിനും സ്വര്‍ണവും മറ്റ് ആസ്തികളും അറ്റാച്ച് ചെയ്യുന്നതിനും ജില്ലാ കലക്ടര്‍ പി ബി നൂഹ് ഉത്തരവായി. കേരള ഹൈക്കോടതിയുടെയും സര്‍ക്കാരിന്റെയും നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലും 2013 ലെ സാമ്പത്തിക സ്ഥാപന നിയമത്തിലെ സെക്ഷന്‍ നാലു പ്രകാരം നിക്ഷേപകരുടെ താത്പര്യ സംരക്ഷണം മുന്‍നിര്‍ത്തിയുമാണ് ഉത്തരവ്. പോപ്പുലര്‍ ഫിനാന്‍സിന്റെ എല്ലാ ശാഖകളും ജില്ലക്കുള്ളിലെ അനുബന്ധ സ്ഥാപനങ്ങളും അടച്ചുപൂട്ടണമെന്ന് ഉത്തരവില്‍ പറയുന്നു.

ധനകാര്യ സ്ഥാപനത്തിന്റെ ശാഖകളിലും മറ്റ് ഓഫീസുകളിലും സൂക്ഷിച്ചിരിക്കുന്ന പണം, സ്വര്‍ണം, മറ്റ് ആസ്തികള്‍ എന്നിവയുള്‍പ്പെടെ എല്ലാ സ്വത്തുക്കളും അറ്റാച്ചുചെയ്യും. സ്ഥാപനത്തിന്റെ ഉടമസ്ഥതയിലുള്ള സ്വത്ത്, കെട്ടിടങ്ങള്‍, ഓഫീസുകള്‍, വീടുകള്‍, മറ്റേതെങ്കിലും പേരുകളില്‍ അതിന്റെ അനുബന്ധ സ്ഥാപനങ്ങള്‍, പണം തുടങ്ങിയവയുടെ കൈമാറ്റം നിരോധിച്ചു. പോപ്പുലര്‍ ഫിനാന്‍സ് അല്ലെങ്കില്‍ അതിന്റെ പങ്കാളികള്‍, ഏജന്റുമാര്‍, മാനേജര്‍മാര്‍ ധനകാര്യ സ്ഥാപനങ്ങള്‍, ബേങ്കുകള്‍, സഹകരണ സംഘങ്ങള്‍, ചിട്ടി കമ്പനികള്‍, മറ്റ് എല്ലാ സ്ഥാപനങ്ങള്‍ എന്നിവയിലും പരിപാലിക്കുന്ന എല്ലാ അക്കൗണ്ടുകളും മരവിപ്പിച്ചു. പോപ്പുലര്‍ ഫിനാന്‍സിന്റെയും അനുബന്ധ സ്ഥാപനങ്ങളുടെയും ഉടമസ്ഥതയിലുള്ള എല്ലാ സ്ഥാപനങ്ങളും അടയ്ക്കാനും പൂട്ടാനും മുദ്രയിടാനും ജില്ലാ കലക്ടര്‍ക്ക് മുന്നില്‍ താക്കോല്‍ ഹാജരാക്കാനും ജില്ലാ പോലീസ് മേധാവിക്ക് നിര്‍ദേശം നല്‍കി. ആവശ്യമെങ്കില്‍ കാവല്‍ ഏര്‍പ്പെടുത്താനും ഉത്തരവില്‍ പറയുന്നു.

ഈ ധനകാര്യ സ്ഥാപനത്തിന്റെ ഉടമസ്ഥതയിലുള്ള ചലിക്കാത്ത വസ്തുക്കളുടെ കൈമാറ്റം, അന്യവത്ക്കരണം എന്നിവ നിരോധിക്കുന്നതിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാന്‍ ജില്ലാ രജിസ്ട്രാര്‍ക്ക്് നിര്‍ദേശം നല്‍കി. സ്ഥാപനത്തിന്റെയും അനുബന്ധ സ്ഥാപനങ്ങളുടെയും എല്ലാ അക്കൗണ്ടുകളും മരവിപ്പിക്കുന്നതിന് ആവശ്യമായ നടപടികള്‍ കൈക്കൊള്ളാന്‍ ജില്ലാ ലീഡ് ബേങ്ക് മാനേജര്‍, ജില്ലാ സഹകരണ സംഘങ്ങളുടെ ജോയിന്റ് രജിസ്ട്രാര്‍, റീജ്യണല്‍ മാനേജര്‍ കെ എസ് എഫ് ഇ, ജില്ലാ മാനേജര്‍ കെ എഫ് സി, ജില്ലയിലെ മറ്റ് ധനകാര്യ സ്ഥാപനങ്ങള്‍ എന്നിവരോട് നിര്‍ദേശിച്ചു.

പോപ്പുലര്‍ ഫിനാന്‍സിന്റെ ഉടമസ്ഥതയിലുള്ള എല്ലാ മോട്ടോര്‍ വാഹനങ്ങളുടെയും വിശദാംശങ്ങള്‍ നല്‍കാനും ലിസ്റ്റു ചെയ്ത വാഹനങ്ങള്‍ കൈമാറുന്നത് തടയാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാനും പത്തനംതിട്ട റീജ്യണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ക്ക് നിര്‍ദേശം നല്‍കി. ഈ ഉത്തരവ് അനുസരിച്ച് സ്വീകരിച്ച നടപടികളുടെ റിപ്പോര്‍ട്ട് ആഴ്ചതോറും നല്‍കാനും എല്ലാ നിര്‍ദേശങ്ങളും കര്‍ശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് ജില്ലാ കലക്ടര്‍ നിര്‍ദേശം നല്‍കി.

---- facebook comment plugin here -----

Latest