Connect with us

Gulf

നീതിപീഠങ്ങള്‍ ഹിസ് മാസ്റ്റേഴ്‌സ് വോയ്സ് ആയി മാറുന്നത് അതീവ ഗൗരവതരം: ഐ സി എഫ്

Published

|

Last Updated

അബൂദബി | അയോധ്യ ഭൂമി കേസ് വിധിന്യായത്തില്‍ പള്ളി തകര്‍ത്തത് ക്രിമിനല്‍ കുറ്റമാണെന്ന് വ്യക്തമാക്കിയ സുപ്രീം കോടതി വിധിയെ റദ്ദാക്കുന്നതാണ് ബാബ്‌രി മസ്ജിദ് കേസിലെ സി ബി ഐ കോടതി വിധിയെന്ന് ഇന്ത്യന്‍ കള്‍ച്ചറല്‍ ഫൗണ്ടേഷന്‍ (ഐ സി എഫ് ) ഗള്‍ഫ് കൗണ്‍സില്‍. മതേതരത്വത്തിനും ജനാധിപത്യത്തിനും ആഴത്തില്‍ മുറിവുണ്ടാക്കുന്നതാണിത്.

വര്‍ഷങ്ങള്‍ നീണ്ട ആസൂത്രണത്തിലൂടെയാണ് ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ടത് എന്നത് പകല്‍ പോലെ വ്യക്തമാണ്. രാജ്യം മുഴുവന്‍ രഥയാത്ര നടത്തിയും വര്‍ഗീയ പ്രചാരണം നടത്തിയും പ്രത്യക്ഷമായി തന്നെ ബാബ്‌രി വിരുദ്ധ കാമ്പയിന്‍ നടത്തിയവരാണ് കേസില്‍ പ്രതിയാക്കപ്പെട്ട പലരും. അവരെയെല്ലാം തെളിവില്ല എന്ന് വ്യക്തമാക്കി വെറുതെ വിടുകയും അവര്‍ അക്രമികളെ തടയാന്‍ ശ്രമിച്ചവരായിരുന്നു എന്ന് സ്ഥാപിക്കുകയും ചെയ്യുന്ന വിധി അതീവ ദുഃഖകരമാണ്.

ഭരണനിര്‍വഹണത്തിലെ പിഴവുകളെയും അതിക്രമങ്ങളെയും തിരുത്തി ജനാധിപത്യത്തിന്റെ കാവല്‍പീഠങ്ങളാവേണ്ട സംവിധാനമാണ് കോടതികള്‍. നിയമവ്യവസ്ഥ നിലനിര്‍ത്താനും ജനങ്ങള്‍ക്ക് നിര്‍ഭയത്തോടെ ജീവിക്കാനുമുള്ള സാഹചര്യം സൃഷ്ടിക്കുന്നതില്‍ ഈ സംവിധാനത്തിന് വലിയ പങ്കുണ്ട്. ഈയിടെയായി കോടതി മുറികളില്‍ നിന്ന് വരുന്ന തീര്‍പ്പുകളും വാര്‍ത്തകളും ആ വിശ്വാസമാണ് തകര്‍ക്കുന്നത്. ഹിസ് മാസ്റ്റേഴ്‌സ് വോയ്സ് ആയി നീതിപീഠം തരം താഴുമ്പോള്‍ ജനാധിപത്യം തൂക്കിലേറ്റപ്പെടും. അതീവ ഗൗരവമുള്ള കാര്യമാണിത്. ജനാധിപത്യത്തെ സംരക്ഷിക്കാന്‍ രാജ്യം ഒന്നിക്കേണ്ട സമയം അതിക്രമിച്ചു വരികയാണെന്ന് ഇത്തരം സംഭവങ്ങള്‍ നമ്മെ നിരന്തരം ഓര്‍മപ്പെടുത്തിക്കൊണ്ടിരിക്കുകയാണെന്നും ഐ സി എഫ് പ്രസ്താവനയില്‍ പറഞ്ഞു.

Latest