Connect with us

Editorial

യു എന്‍ താത്പര്യങ്ങളുടെ കാവലാളാകരുത്‌

Published

|

Last Updated

പ്രധാനമന്ത്രി നരേന്ദ്ര മോദി യു എന്‍ പൊതു സഭയെ അഭിസംബോധന ചെയ്യവെ നടത്തിയ വിമര്‍ശം ഏറെ പ്രസക്തമാണ്. വെര്‍ച്വല്‍ പ്രസംഗത്തില്‍ യു എന്‍ രക്ഷാ സമിതി വിപുലീകരണവും ഘടനാ പരിഷ്‌കരണവും അദ്ദേഹം ഊന്നിപ്പറഞ്ഞു. ലോകത്തെ ഏറ്റവും വലിയ അന്താരാഷ്ട്ര സംഘടന എന്ന നിലയില്‍ ഐക്യരാഷ്ട്ര സഭയുടെ ചട്ടക്കൂടില്‍ കാലാനുസൃതമായ മാറ്റം അനിവാര്യമാണെന്ന കാര്യത്തില്‍ ആര്‍ക്കും എതിരഭിപ്രായമില്ല. പക്ഷേ, കാര്യത്തോടടുക്കുമ്പോള്‍ വന്‍ ശക്തികളുടെ വീറ്റോ അധികാരത്തിന് മുന്നില്‍ എല്ലാ പരിഷ്‌കരണ വാദവും നിലയ്ക്കുമെന്നതാണ് അനുഭവം. യു എന്നിലെ നിര്‍ണായക തീരുമാനമെടുക്കുന്ന പ്രക്രിയയില്‍ നിന്ന് ഇന്ത്യയെ എത്ര കാലം അകറ്റിനിര്‍ത്തുമെന്ന് മോദി ചോദിച്ചു. “ഞങ്ങള്‍ ദുര്‍ബലരായിരുന്നപ്പോള്‍ ലോകത്തെ ബുദ്ധിമുട്ടിച്ചിട്ടില്ല. ശക്തരായപ്പോഴും ഞങ്ങള്‍ ലോകത്തിന് ഭാരമായിത്തീര്‍ന്നില്ല. ഇനി എന്നാണ് ഞങ്ങളുടെ കാത്തിരിപ്പ് അവസാനിക്കുക? യു എന്‍ സമാധാന സംരക്ഷണത്തിനുള്ള ദൗത്യത്തിന് വേണ്ടി ഇന്ത്യ സൈനികരെ അയക്കുകയും ഏറ്റവുമധികം സൈനികരെ നഷ്ടപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ഐക്യരാഷ്ട്ര സഭയുടെ ആശയങ്ങളും ഇന്ത്യയുടെ പ്രധാന തത്വങ്ങളും സമാനമാണ്. “വസുദൈവ കുടുംബകം” (ലോകം ഒരു കുടുംബമാണ്) എന്ന ഇന്ത്യയുടെ ദര്‍ശനം യു എന്‍ ഹാളുകളില്‍ പലതവണ പ്രതിധ്വനിച്ചു. ലോക ക്ഷേമത്തെ കുറിച്ച് ഇന്ത്യ എല്ലായ്‌പ്പോഴും ചിന്തിച്ചിട്ടുണ്ട്. രാജ്യം ഐക്യരാഷ്ട്ര സഭക്ക് നല്‍കിയ സംഭാവനകള്‍ പരിഗണിക്കുമ്പോള്‍ എല്ലാ ഇന്ത്യക്കാരും ആഗ്രഹിക്കുന്നത്, ഐക്യരാഷ്ട്ര സഭയില്‍ വിപുലമായ പങ്കാളിത്തം വേണമെന്നാണ്. ഐക്യരാഷ്ട്ര സഭയില്‍ പരിഷ്‌കരണം ആവശ്യമാണ്. ആ പരിഷ്‌കരണം സംഭവിക്കാന്‍ ഇന്ത്യ കാത്തിരിക്കുകയാണെ”ന്നും മുന്‍കൂട്ടി റെക്കോര്‍ഡ് ചെയ്ത പ്രസംഗത്തില്‍ പ്രധാനമന്ത്രി പറഞ്ഞു.

ഉപരോധം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ഐക്യരാഷ്ട്ര സഭയുടെ ഏറ്റവും ഉയര്‍ന്ന തീരുമാനമെടുക്കുന്ന ഫോറമാണ് രക്ഷാ സമിതി (യു എന്‍ എസ് സി). യു എസ്, ബ്രിട്ടന്‍, ചൈന, റഷ്യ, ഫ്രാന്‍സ് എന്നിങ്ങനെ അഞ്ച് സ്ഥിരാംഗങ്ങളാണ് രക്ഷാ സമിതിയിലുള്ളത്. താത്കാലികവും തിരഞ്ഞെടുക്കപ്പെട്ടതുമായ അംഗമായി ഇന്ത്യ ഏഴ് തവണ സമിതിയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. അയര്‍ലാന്‍ഡ്, മെക്‌സിക്കോ, നോര്‍വെ എന്നീ രാജ്യങ്ങള്‍ക്കൊപ്പം ജൂണില്‍ രണ്ട് വര്‍ഷത്തേക്ക് കൂടി ഇന്ത്യ തിരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ്. യു എന്‍ സ്ഥിരാംഗത്വത്തിനായുള്ള ഇന്ത്യയുടെ ആവശ്യത്തെ ചൈന ഒഴികെയുള്ള നാല് അംഗങ്ങളും പിന്തുണക്കുന്നു. യു എന്നിനെ ശക്തിപ്പെടുത്തുന്നതിനും പരിഷ്‌കരിക്കുന്നതിനുമായി ഇന്ത്യയുമായി പ്രവര്‍ത്തിക്കാന്‍ പ്രതിജ്ഞാബദ്ധമാണെന്ന് നേരത്തേ യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വ്യക്തമാക്കിയിരുന്നു. രക്ഷാ സമിതി പരിഷ്‌കരണത്തിലെ മെല്ലെപ്പോക്കില്‍ ഇന്ത്യ, ബ്രസീല്‍, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങള്‍ ഉള്‍പ്പെട്ട ഗ്രൂപ്പ് (ഇബ്‌സ) നിരാശ പ്രകടിപ്പിച്ചിരുന്നു. ചൈനയാണ് പ്രധാനമായും ഇന്ത്യയുടെ രക്ഷാ സമിതി പ്രവേശത്തിന് വിലങ്ങു നില്‍ക്കുന്നത്. പാക്കിസ്ഥാനുമായുള്ള ആ രാജ്യത്തിന്റെ ബാന്ധവം ഇതിന് ഒരു കാരണമാണ്. ഏത് സഹകരണവുമാകാം; എന്നാല്‍ സ്ഥിരാംഗത്വത്തെ കുറിച്ചുള്ള ചര്‍ച്ചയില്‍ അഭിപ്രായം പറയാനില്ലെന്നാണ് ചൈനീസ് വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചത്.

കൊവിഡ് പ്രതിരോധത്തില്‍ യു എന്‍ എന്ത് സംഭാവന ചെയ്തുവെന്ന ചോദ്യവും പ്രധാനമന്ത്രി ഉയര്‍ത്തുന്നുണ്ട്. യു എന്നിന്റെ നിലവിലെ ദൗര്‍ബല്യങ്ങളും സ്തംഭനാവസ്ഥയും ചര്‍ച്ചയിലേക്ക് കൊണ്ടുവരുന്നു എന്നതാണ് മോദിയുടെ പ്രസംഗത്തിന്റെ പ്രാധാന്യം. അന്തര്‍ദേശീയ സമാധാനവും സുരക്ഷയും സംരക്ഷിക്കുക, രാജ്യങ്ങള്‍ക്കിടയില്‍ പരസ്പര സൗഹാര്‍ദം വര്‍ധിപ്പിക്കുക, സാമൂഹികവും സാമ്പത്തികവും തുടങ്ങി മറ്റെല്ലാ പ്രശ്‌നങ്ങളും അന്തര്‍ദേശീയ സഹകരണത്തോടെ പരിഹരിക്കുക, പൊതു ലക്ഷ്യങ്ങള്‍ നേടിയെടുക്കാന്‍ വേണ്ട സംഘടിത പ്രവര്‍ത്തനങ്ങള്‍ക്ക് വേദിയൊരുക്കാനുള്ള കേന്ദ്രമായി പ്രവര്‍ത്തിക്കുക എന്നിവയാണ് യു എന്‍ ചാര്‍ട്ടറില്‍ നാല് ലക്ഷ്യങ്ങള്‍. ഇതില്‍ ഏത് ലക്ഷ്യമാണ് യു എന്‍ നേടിയിട്ടുള്ളത്? ലക്ഷ്യത്തിലേക്ക് അടുക്കുമ്പോഴെല്ലാം വന്‍ ശക്തികളുടെ താത്പര്യങ്ങളില്‍ തട്ടി ആ ഉദ്യമങ്ങള്‍ തകരുകയാണ് ചെയ്യാറുള്ളത്. രക്ഷാ സമിതിയില്‍ അഞ്ച് സ്ഥിരാംഗങ്ങളാണ് തുടക്കത്തിലേ ഉള്ളത്. ഇന്നും അത് വിപുലീകരിക്കാതെ നില്‍ക്കുന്നു. ചൈന, ഫ്രാന്‍സ്, റഷ്യ, ബ്രിട്ടന്‍, അമേരിക്ക എന്നീ രാജ്യങ്ങള്‍ രണ്ടാം ലോകമഹായുദ്ധം ജയിച്ചവരായിരുന്നു. ഈ അഞ്ച് സ്ഥിരാംഗങ്ങളും പൊതു സഭയിലെ അംഗങ്ങളുടെ മൂന്നില്‍ രണ്ട് വോട്ടിലൂടെ തിരഞ്ഞെടുക്കപ്പെടുന്ന പത്ത് താത്കാലിക അംഗങ്ങളും ചേര്‍ന്നതാണ് രക്ഷാ സമിതി. രണ്ട് വര്‍ഷമാണ് താത്കാലികാംഗങ്ങളുടെ ഔദ്യോഗിക കാലാവധി.

സ്ഥിരാംഗങ്ങളെല്ലാം അനുകൂലിച്ച് വോട്ടുചെയ്താല്‍ മാത്രമേ രക്ഷാസമിതിയില്‍ ഒരു പ്രമേയം പാസ്സാകുകയുള്ളൂ. സ്ഥിരാംഗങ്ങള്‍ക്ക് വീറ്റോ അധികാരമുണ്ട്. എന്നുവെച്ചാല്‍ വന്‍കിട ശക്തികളായ അഞ്ച് രാഷ്ട്രങ്ങളില്‍ ഒന്നിനെങ്കിലും ഹിതകരമല്ലാത്തതാണ് തീരുമാനമെങ്കില്‍ നടപ്പാകില്ലെന്ന് തന്നെ. കുടുസ്സായ ചിന്താഗതികളും നിലപാടുകളും വെച്ചു പുലര്‍ത്തുന്ന, യുദ്ധോത്സുകതയുടെയും മുസ്‌ലിം വിരുദ്ധതയുടെയും പ്രതീകങ്ങളായ ഈ രാജ്യങ്ങളില്‍ നിന്ന് ആഗോള സമാധാനത്തിനായുള്ള എന്ത് കൂട്ടായ ശ്രമമാണ് ഉണ്ടാകുക? വീറ്റോ അധികാരം യു എന്നിന് മുകളില്‍ അഞ്ച് സൂപ്പര്‍ അധികാര കേന്ദ്രങ്ങളെ സൃഷ്ടിക്കുകയാണ് ചെയ്തത്. പൊതു സഭ ആലോചിച്ചുറപ്പിച്ച് തയ്യാറാക്കുന്ന പ്രമേയം രക്ഷാ സമിതിയില്‍ എത്തുന്നു. അവിടെ ഏതെങ്കിലും ഒരു രാജ്യം വീറ്റോ ചെയ്യുന്നതിലൂടെ ആ പ്രമേയം നിഷ്ഫലമാകുന്നു.

ഇത്രയും നിരര്‍ഥകമായ ഏര്‍പ്പാട് വേറെയുണ്ടോ? ഇറാന്‍ ആണവോര്‍ജം, ഫലസ്തീനിലെ ഇസ്‌റാഈല്‍ അധിനിവേശം, ഇറാഖിന് നേരേയുള്ള ആക്രമണം, ആഗോള താപനം, വംശീയത, വിഭവ വിതരണത്തിലെ അസമത്വം തുടങ്ങി ഒരു വിഷയത്തിലും മൂര്‍ത്തമായ പരിഹാരം കണ്ടെത്താന്‍ യു എന്നിന് സാധിക്കാതെ പോയത് താത്പര്യങ്ങളുടെ കാവലാളായി അത് മാറിയത് കൊണ്ടാണ്. അതിനാല്‍ ഇന്ത്യയുടെ അംഗത്വം എന്നതിനപ്പുറം ലോകത്തിന്റെ ആവശ്യമായി യു എന്‍ പരിഷ്‌കരണം ഉയര്‍ന്നു വരേണ്ടതാണ്.

Latest