Connect with us

Articles

മക്കത്ത് നിന്ന് തുടങ്ങിയ സൗഹൃദം

Published

|

Last Updated

1974ല്‍ രണ്ടാമത്തെ ഹജ്ജിനു പോയ സമയം. ജീവിതത്തിലെ ഏറ്റവും വലിയ അനുഗ്രഹം എന്ന് ഞാനെന്നും കരുതുന്ന ഒരു ഭാഗ്യം അന്ന് ലഭിച്ചു. മസ്ജിദുല്‍ ഹറാമില്‍ ദര്‍സ് നടത്തിയിരുന്ന മലബാരിയായ ഒരു പണ്ഡിതനുണ്ടായിരുന്നു, മുഹമ്മദ് മുസ്‌ലിയാര്‍. ക്ഷീണം കാരണം ഹജ്ജിന്റെ സമയത്ത് ദര്‍സ് നടത്താന്‍ അദ്ദേഹത്തിന് സാധിക്കാതെ വന്നു. എന്നെയാണത് ഏല്‍പ്പിച്ചത്. ഒരു മാസം ഹറമില്‍ ദര്‍സ് നടത്താനുള്ള വലിയ ഭാഗ്യം അല്ലാഹു തന്നു. എല്ലാ ദര്‍സിലും നേരേയടുത്ത്, യുവത്വത്തിന്റെ മുഴുവന്‍ പ്രസരിപ്പോടും കൂടി, അതീവ ശ്രദ്ധയോടെ ഒരാളിരിക്കും. ഞാനദ്ദേഹത്തെ സവിശേഷമായി ശ്രദ്ധിച്ചു. കാരണം, പറയുന്ന ഓരോ കാര്യവും വളരെ വ്യക്തമായി അദ്ദേഹത്തിന് മനസ്സിലാകുന്നുവെന്ന് മുഖഭാവത്തില്‍ നിന്ന് വ്യക്തമായിരുന്നു. എന്നാല്‍, ആള്‍തിരക്ക് കാരണം കൂടുതല്‍ പരിചയപ്പെടാനും പറ്റിയില്ല.

ദര്‍സ് തുടര്‍ന്നപ്പോള്‍, അതവസാനിപ്പിക്കാന്‍ ചില വിരോധികള്‍ ശ്രമിച്ചു. അതിനായി അവര്‍ തന്ത്രങ്ങള്‍ മെനഞ്ഞു. വളരെ ആസൂത്രിതമായി ചോദ്യങ്ങള്‍ ഉണ്ടാക്കി, വിവാദങ്ങള്‍ പറയിപ്പിച്ച് അവ ഭരണകൂടത്തിന് റിപ്പോര്‍ട്ട് ചെയ്യാനായിരുന്നു അവരുടെ പ്ലാന്‍. അത്തരം ലക്ഷ്യങ്ങള്‍ കൃത്യമായി മനസ്സിലാക്കി, അതിനു പറ്റിയ യുക്തിപരമായ മറുപടികളും ഞാന്‍ നല്‍കുമായിരുന്നു. ഒരു ദിവസം ദര്‍സ് കഴിഞ്ഞപ്പോള്‍ എന്നും മുന്നിലിരിക്കുന്ന സുമുഖനായ അദ്ദേഹം കൂടുതല്‍ സംസാരിക്കാനായി വന്നു. ഇബ്‌റാഹീം എന്നാണ് പേര്, താജുല്‍ ഉലമ ഉള്ളാള്‍ തങ്ങളുടെ ശിഷ്യനാണ് എന്ന ആമുഖത്തോടെ. അദ്ദേഹത്തിന്റെ സംസാരങ്ങള്‍ തുടര്‍ന്നപ്പോള്‍ മനസ്സിലായി, ചെറുപ്പമാണ് എങ്കിലും നല്ല ആഴമുള്ള ആലിമാണ് എന്ന്. ഞങ്ങള്‍ വിജ്ഞാന സംബന്ധിയായ കുറെ കാര്യങ്ങള്‍ സംസാരിച്ചിരിക്കുമായിരുന്നു പിന്നീട്. ഹറമില്‍ നിന്ന് തുടങ്ങിയ ആ സൗഹൃദം, അഞ്ച് പതിറ്റാണ്ടോളമായി തുടരുകയായിരുന്നു. അല്ലാഹുവിന്റെ വിധി വന്നു. ബേക്കല്‍ ഇബ്റാഹീം മുസ്‌ലിയാര്‍ ഇന്നലെ നമ്മില്‍ നിന്ന് പിരിഞ്ഞു.
എല്ലാവര്‍ക്കും അറിയാവുന്ന പോലെ മഹാ ജ്ഞാനിയായിരുന്നു താജുല്‍ ഉലമ സയ്യിദ് അബ്ദുര്‍റഹ്മാന്‍ ഉള്ളാള്‍ തങ്ങള്‍. എല്ലാ വിജ്ഞാന ശാഖകളിലും അവര്‍ നിപുണരായിരുന്നു. താജുല്‍ ഉലമയുടെ ദര്‍സിന്റെ ഏറ്റവും ശ്രദ്ധേയമായ കാലത്താണ് ബേക്കല്‍ ഇബ്റാഹീം മുസ്‌ലിയാര്‍ അദ്ദേഹത്തിന്റെ ശിഷ്യനാകുന്നത്. വലിയ കിതാബുകളൊക്കെ മനഃപാഠമായിരുന്നു താജുല്‍ ഉലമക്ക്. ബേക്കല്‍ ഇബ്റാഹീം മുസ്‌ലിയാരില്‍ നിന്ന് തന്നെ ഞാന്‍ കേട്ടിട്ടുണ്ട്, അന്നത്തെ ആ ദര്‍സുകള്‍ എപ്രകാരമാണ് അദ്ദേഹത്തെ ഒരു പണ്ഡിതനും ദീനീ പ്രവര്‍ത്തകനും പ്രഭാഷകനും എല്ലാമാക്കി മാറ്റിയതെന്ന്.

43 വര്‍ഷം ഒരു മഹല്ലില്‍ നിന്ന് ദര്‍സ് നടത്തുക എന്നത് അദ്ദേഹത്തിന്റെ സ്വഭാവ മഹിമയെ എടുത്തുകാണിക്കുന്നു. കാരണം, ഒരു മഹല്ലില്‍ രണ്ടോ മൂന്നോ തലമുറകളിലായി ജീവിച്ച ആയിരക്കണക്കിന് വിശ്വാസികള്‍ക്ക് സര്‍വ സമ്മതനായിരുന്നു അദ്ദേഹം എന്നതാണല്ലോ അതറിയിക്കുന്നത്. കാഞ്ഞങ്ങാടിനടുത്ത ബേക്കലുകാര്‍ ആ അര്‍ഥത്തില്‍ ഭാഗ്യവാന്മാരാണ്. വലിയൊരു ആലിമിന്റെ സേവനം അര നൂറ്റാണ്ടോളം കാലം അവര്‍ക്ക് കിട്ടിയല്ലോ.
ഗോളശാസ്ത്രത്തിലും കര്‍മശാസ്ത്രത്തിലും സവിശേഷമായ ജ്ഞാനം ഉണ്ടായിരുന്നു ഇബ്റാഹീം മുസ്‌ലിയാര്‍ക്ക്. താജുല്‍ ഉലമയും ഗോളശാസ്ത്രത്തില്‍ ശ്രദ്ധേയനായ പണ്ഡിതനായിരുന്നല്ലോ. സമസ്ത മുശാവറ യോഗങ്ങളില്‍ ഏത് വിഷയങ്ങള്‍ വരുമ്പോഴും തന്റേതായ വിലപ്പെട്ട വിജ്ഞാനങ്ങള്‍ അദ്ദേഹം അവതരിപ്പിക്കുമായിരുന്നു. വ്യാജ ത്വരീഖത്തുകളും ബിദഇകളും ദക്ഷിണ കര്‍ണാടകയില്‍ സ്വാധീനം ചെലുത്താന്‍ ശ്രമിച്ചപ്പോള്‍, അദ്ദേഹം ധീരമായി അതിനെതിരെ പ്രസംഗിച്ചു. ജനങ്ങളെ ബോധവാന്മാരാക്കി. മികച്ച വാഗ്മിയായിരുന്നു ഇബ്റാഹീം മുസ്‌ലിയാര്‍. കന്നടയിലും മലയാളത്തിലും ശുദ്ധമായി സംസാരിക്കാന്‍ അദ്ദേഹത്തിന് കഴിയും. കേള്‍ക്കുന്ന ആര്‍ക്കും മനസ്സിലാകുന്ന വിധത്തില്‍ കിതാബുകളിലെ തെളിവുകള്‍ ഉദ്ധരിച്ചും യുക്തിപരമായ സമര്‍ഥനങ്ങള്‍ നിരത്തിയും ആയിരുന്നു അദ്ദേഹത്തിന്റെ സംസാരങ്ങള്‍. ആ ശൈലി ജനങ്ങള്‍ക്കിടയില്‍ വളരെ സ്വീകാര്യവുമായിരുന്നു. താജുല്‍ ഉലമക്ക് ശേഷം മംഗളൂരുവിലും ഷിമോഗയിലും ദക്ഷിണ കന്നടയിലും ഉഡുപ്പിയിലും എല്ലാം അദ്ദേഹം വിശ്വാസികള്‍ക്ക് നേതൃത്വം നല്‍കി. കര്‍ണാടക ജംഇയ്യത്തുല്‍ ഉലമയുടെ പ്രസിഡന്റായിരുന്നു. ഓരോ മഹല്ലുകളില്‍ നിന്നും വരുന്ന വിവിധങ്ങളായ പ്രശ്‌നങ്ങള്‍ക്ക് ഇസ്‌ലാമിക ശരീഅത്തിന്റെ വിധികള്‍ക്കനുസരിച്ച് മാതൃകാപരമായ തീര്‍പ്പുകള്‍ ഉണ്ടാക്കി. ഉഡുപ്പി ജില്ലാ സംയുക്ത ഖാസിയുമായിരുന്നു. കൂടാതെ, നൂറുകണക്കിന് മഹല്ലുകളിലെയും ഖാസിയായിരുന്നു അദ്ദേഹം. വളരെ മൃദുലമായ സ്വഭാവമായിരുന്നു. പെരുമാറുന്ന ആര്‍ക്കും അദ്ദേഹത്തിന്റെ സൗമ്യതയും വിനയവും ഇഷ്ടപ്പെടുമായിരുന്നു. ജാമിഅ സഅദിയ്യയിലെ പ്രിൻസിപ്പലായി സേവനം നിര്‍വഹിച്ചു കൊണ്ടിരിക്കുമ്പോഴാണ് ഇബ്റാഹീം മുസ്‌ലിയാരുടെ വഫാത്ത്. ഞാനാലോചിക്കുകയായിരുന്നു, വല്ലാത്ത ഭാഗ്യം കിട്ടിയ പണ്ഡിതനാണ് ഇബ്റാഹീം മുസ്‌ലിയാര്‍. അഞ്ച് പതിറ്റാണ്ടോളം കാലം ദര്‍സിലായി കഴിയാനും, അതിനു മുമ്പുള്ള ഒന്നര പതിറ്റാണ്ട് പൂര്‍ണ സമയം വിജ്ഞാന ദാഹിയായി ചെലവഴിക്കാനും അവര്‍ക്ക് സാധിച്ചു. അല്ലാഹുവിന്റെ റസൂല്‍ (സ) പറഞ്ഞല്ലോ, ഒരാളില്‍ അല്ലാഹു ഖൈറ്(നന്മ) ഉദ്ദേശിച്ചാല്‍ അദ്ദേഹത്തെ ദീനീ ജ്ഞാനിയാക്കും എന്ന്. അതിന്റെ വലിയ സാക്ഷ്യമായിരുന്നു ഇബ്റാഹീം മുസ്‌ലിയാര്‍. വിശുദ്ധ ഹറമില്‍ നിന്നുള്ള ആ ആദ്യ കാഴ്ച പോലെ സ്വര്‍ഗത്തില്‍ അവരെ കാണാനായി അല്ലാഹുവോട് തേടുന്നു.

Latest