National
ഒരു കാലില്ലാത്ത യുവാവിനോട് യു പി പോലീസിന്റെ ക്രൂരത; ദൃശ്യങ്ങള്‍ പുറത്ത്

ലഖ്‌നോ | ഒരു കാല്‍ പാതി മുറിച്ചുമാറ്റിയ ആ യുവാവിനോട് ഉത്തര്‍ പ്രദേശ് പോലീസ് കാണിക്കുന്ന അതിക്രമത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത്. ഊന്നുവടിയുടെ സഹായമില്ലാതെ നില്‍ക്കാന്‍ പോലും കഴിയാത്ത അയാളെ ഒറ്റക്കാലില്‍ ഓടിച്ചുകൊണ്ടുപോകുകയും പിന്നീട് അടിച്ച് താഴെയിടുകയുമാണ് പോലീസുകാരന്‍. ഗര്‍ഭിണിയായ യുവാവിന്റെ ഭാര്യക്ക് മുന്നില്‍ വെച്ചായിരുന്നു ഈ ക്രൂരതയെലാലം. ഇതിനെതിരെ സമൂഹമാധ്യമങ്ങളില്‍ വലിയ പ്രതിഷേധമാണ് ഉയരുന്നത്. ഇതിന് പിന്നാലെ
പോലീസുകാരനെ സസ്‌പെന്‍ഡ് ചെയ്ത് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ് അധികൃതര്‍.
കാണ്‍പൂരിനടുത്ത സൗറിച്ച് പോലീസ് സ്‌റ്റേഷനിലാണ് സംഭവം. നദീമാവുവിലെ നഗ്‌ല വീര്‍ഭന്‍ സ്വദേശിയായ 26കാരനായ ഭിന്നശേഷിക്കാരന്‍ സുദീപ് റിക്ഷ വലിച്ചാണ് കുടുംബം പോറ്റുന്നത്.ഈ റിക്ഷയില്‍ മകന്‍ അരുണിനെ ഡോക്ടറെ കാണിക്കാന്‍ കൊണ്ടുപോകുന്നതിനിടെയാണ് സംഭവം. മകനും ഭാര്യ രാധയും ബന്ധുവായ പെണ്‍കുട്ടിയും റിക്ഷയിലുണ്ടായിരുന്നു. നദീമാവ് ജങ്ഷനിലെത്തിയപ്പോള്‍ റിക്ഷക്കുമുന്നില്‍ ഒരു ട്രക്ക് വന്നുനിന്നു. അതോടെ, റിക്ഷ റോഡിന്റെ മറുവശത്തേക്ക് മാറ്റാനായി സുദീപിന്റെ ശ്രമം. അവിടെയുണ്ടായിരുന്ന പോലീസുകാരന്‍ പക്ഷേ, സമ്മതിച്ചില്ല. റിക്ഷ എടുത്തുമാറ്റാനായിരുന്നു അയാളുടെ നിര്‍ദേശം. എടുത്തുമാറ്റാതിരുന്നതോടെ അയാള്‍ ക്രുദ്ധനായി സുദീപിനുനേരെ തിരിയുകയായിരുന്നു.
ये जो निर्दयी सिपाही दिख रहा,देखो कैसे वर्दी की हनक दिखा रहा है,गरीब दिव्यांग को किस तरह धक्का देकर जमीन पर गिराकर, पीटकर लहूलुहान किया, #गर्भवती पत्नी रोती बिलखती रही लेकिन इस निर्दयी सिपाही को दया तक नहीं आई,कन्नौज के सौरिख के सदर बाजार का मामला. @Uppolice pic.twitter.com/kLTJf9SCpK
— Yogita Bhayana (@yogitabhayana) September 18, 2020
സുദീപിനെ തെറിയഭിഷേകം നടത്തിയ പോലീസുകാരന്‍, പിന്നീട് ഇയാളെ മര്‍ദിക്കുകയും ചെയ്തു. അടിക്കരുതെന്ന് ഭാര്യ കരഞ്ഞുപറഞ്ഞിട്ടും അയാള്‍ കേട്ടില്ല. എന്നിട്ടും അരിശം തീരാഞ്ഞ് സുദീപിനെ അയാള്‍ റോഡിലൂടെ വലിച്ചിഴച്ചും തള്ളിയും പോലീസ് സ്‌റ്റേഷനിലെത്തിക്കുകയായിരുന്നു. ഈ ദൃശ്യങ്ങള്‍ സ്ഥലത്തുണ്ടായിരുന്ന ഒരാള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തതോടെയാണ് സംഭവം പുറത്തറിയുന്നത്. പോലീസുകാരന്‍ കാട്ടിയ ക്രൂരതകള്‍ സ്‌റ്റേഷനില്‍വെച്ച് സുദീപ് കരഞ്ഞ്‌കൊണ്ട് വിശദീകരിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. റിക്ഷ മാറ്റാന്‍ കൂട്ടാക്കിയില്ലെന്നും അതോടെ ഗതാഗത തടസ്സമുണ്ടായെന്നുമാണ് പോലീസുകാരന്റെ വാദം. എ എ പി നേതാവ് സഞ്ജയ് സിങ് ഉള്‍പെടെ പലരും ദൃശ്യങ്ങള്‍ പങ്കുവെച്ചിട്ടുണ്ട്.