ജലീല്‍ ഇന്ന് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയേക്കും

Posted on: September 18, 2020 8:05 am | Last updated: September 18, 2020 at 12:11 pm

തിരുവനന്തപുരം |  മന്ത്രി കെ ടി ജലീലിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ പ്രക്ഷോഭം തുടരുന്നതിനിടെ എല്‍ ഡി എഫ് നേതൃയോഗവും സി പി എം സെക്രട്ടേറിയറ്റ് യോഗവും ഇന്ന് ചേരും. രാവിലെ സെക്രട്ടറിയേറ്റ് യോഗവും വൈകിട്ട് എല്‍ ഡി എഫ് യോഗവുമാണ് നടക്കുന്നത്. ഇരു യോഗത്തിലും ജലീലിന് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്. സര്‍ക്കാര്‍ ഇപ്പോള്‍ നേരിടുന്ന വെല്ലുവിളികള്‍ എങ്ങനെ മറികടക്കാമെന്ന ചര്‍ച്ചയായിരിക്കും യോഗത്തില്‍ നടക്കുന്നത്. കേസ് അന്വേഷിക്കുന്ന മൂന്ന് ഏജന്‍സികളും കേന്ദ്രസര്‍ക്കാറിന്റെ താത്പര്യപ്രകാരം സര്‍ക്കാറിനെതിരായ രാഷ്ട്രീയ നീക്കങ്ങള്‍ നടത്തുന്നുവെന്ന വിമര്‍ശനം യോഗത്തില്‍ ഉയര്‍ന്ന് വരും .വി മുരളീധരനെതിരായ നീക്കങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്താനുള്ള തീരുമാനവും യോഗത്തിലുണ്ടാകും.

വൈകിട്ട് മൂന്ന് മണിക്കാണ് ഇടത് മുന്നണി യോഗം നടക്കുന്നത്. ജലീല്‍ വിഷയത്തിന് പുറമെ ജോസ് കെ മാണിയുടെ മുന്നണി പ്രവേശവനവുമായി ബന്ധപ്പെട്ട ചര്‍ച്ചകളും നടക്കും. അടുത്താഴ്ച നടക്കുന്ന സി പി എമ്മിന്റേയും സി പി ഐയുടേയും നേതൃയോഗങ്ങള്‍ക്ക് ശേഷമേ അന്തിമ തീരുമാനമുണ്ടാകൂ.

അതിനിടെ എന്‍ ഐ എ ചോദ്യം ചെയ്യലിന് ശേഷം തലസ്ഥാനത്ത് എത്തിയ മന്ത്രി കെ ടി ജലീല്‍ ഇന്ന് മുഖ്യമന്ത്രിയുായി കൂടിക്കാഴ്ച നട്തതിയേക്കുമെന്നാണ് റിപ്പോര്‍ട്ട്. എന്‍ ഐ എ ചോദ്യം ചെയ്യലിന്റെ വിശദാംശങ്ങള്‍ അദ്ദേഹം മുഖ്യമന്ത്രിയെ അറിയിച്ചേക്കും.