റമീസിന്റെ ആശുപത്രിവാസം സംബന്ധിച്ച് ജയില്‍ മേധാവിക്ക് റിപ്പോര്‍ട്ട് നല്‍കി

Posted on: September 16, 2020 8:24 am | Last updated: September 16, 2020 at 8:24 am

തിരുവനന്തപുരം |  നയതന്ത്ര ബാഗേജ് വഴിയുള്ള സ്വര്‍ണക്കടത്ത് കേസിലെ പ്രതി റമീസിന്റെ ആശുപത്രിവാസം സംബന്ധിച്ച് ജയില്‍ വകുപ്പ് മേധാവിക്ക് ജയില്‍ സൂപ്രണ്ട് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. തൃശ്ശൂര്‍ മെഡിക്കല്‍ കോളജ് അധികൃതര്‍ നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് വിശദമായ റിപ്പോര്‍ട്ട് നല്‍കിയത്. അതേസമയം സ്വപ്‌നക്കൊപ്പം സെല്‍ഫിയെടുത്ത വനിതാ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് എതിരെയുള്ള വകുപ്പ് തല അന്വേഷണ റിപ്പോര്‍ട്ട് ഇന്ന് സമര്‍പ്പിച്ചേക്കും.

റമീസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച സംഭവത്തില്‍ വിശദമായ റിപ്പോര്‍ട്ട് നല്‍കാന്‍ ജയില്‍ വകുപ്പ് മേധാവി അതി സുരക്ഷ ജയില്‍ സൂപ്രണ്ടിനോട് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് റമീസ് ആശുപത്രി വിട്ടതിന് പിന്നാലെ സൂപ്രണ്ട് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. റമീസിന് കാര്യമായ ആരോഗ്യ പ്രശ്‌നങ്ങളില്ലെന്നും കിടത്തി ചികിത്സിക്കേണ്ട ആവശ്യമില്ലെന്നും കണ്ടെത്തിയിരിന്നു. മൂത്രാശയ രോഗങ്ങളും ഉദരസംബന്ധമായ അസുഖങ്ങളുമാണുള്ളതെന്നാണ് മെഡിക്കല്‍ കോളേജ് അധികൃതര്‍ നല്‍കിയ റിപ്പോര്‍ട്ടിലുള്ളത്.

അതേ സമയം സ്വപ്നയുടെ ഫോണ്‍ വിളിയുമായി ബന്ധപ്പെട്ട് ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്‌സ്മാരുടെ മൊഴി മെഡിക്കല്‍ കോളജ് അധികൃതര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഇവരുടെ ഫോണ്‍ രേഖകള്‍ പരിശോധിച്ച് തുടര്‍ വിവരങ്ങള്‍ അന്വേഷണ സംഘത്തിന് കൈമാറും.