വി മുരളീധരനെ ചോദ്യം ചെയ്യണമെന്ന് ആവശ്യം; രാജി ആവശ്യപ്പെട്ട് സി പി എം

Posted on: September 14, 2020 3:56 pm | Last updated: September 14, 2020 at 7:38 pm

തിരുവനന്തപുരം | സ്വര്‍ണം കടത്തുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രി വി മുരളീധരന്റെ വാദം കേന്ദ്ര ധനമന്ത്രി പാര്‍ലിമെന്റില്‍ തള്ളിയ പശ്ചാത്തലത്തില്‍ മുരളീധരന്റെ രാജി ആവശ്യപ്പെട്ട് സി പി എം രംഗത്ത്. സ്വര്‍ണക്കടത്ത് കേസ് വന്ന സമയത്ത് തന്നെ സ്വര്‍ണം എത്തിയത് നയതന്ത്ര ബാഗേജ് അല്ലെന്ന് വി മുരളീധരന്‍ പറഞ്ഞത് ഏറെ ഗൗരവം നിറഞ്ഞതാണെന്ന് സി പി എം ആരോപിച്ചു. അന്വേഷണം അട്ടിമറിക്കാന്‍ മുരളീധരന്‍ ഇടപെടല്‍ നടത്തിയോ എന്ന് സംശയമുണ്ട്. അന്വേഷണ സംഘത്തെ മാറ്റിയതില്‍ സംശയമുണ്ട്. മുരളീധരനെ ചോദ്യം ചെയ്യാന്‍ അന്വേഷണ ഏജന്‍സികള്‍ തയ്യാറാകണം. മുരളീധരന്‍ രാജിവെക്കാന്‍ തയ്യാറാകണം. ഇല്ലെങ്കില്‍ അദ്ദേഹത്തെ കേന്ദ്ര സര്‍ക്കാര്‍ പുറത്താക്കണമെന്നും സി പി എം സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു. .

സ്വര്‍ണ്ണം കടത്തിയത് നയതന്ത്ര ബാഗേജില്‍ കൂടിത്തന്നയൊണെന്നായിരുന്നു കേന്ദ്ര സര്‍ക്കാര്‍ ഇന്ന് ലോക്സഭയില്‍ പറഞ്ഞത്. ധനകാര്യ സഹമന്ത്രി അനുരാഗ് സിംഗ് ഠാക്കൂര്‍ രേഖാമൂലം നല്‍കിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. 30 കിലോ സ്വര്‍ണം കടത്തിയത് നയതന്ത്ര ബാഗിലാണെന്നാണ് മന്ത്രിസഭയെ അറിയിച്ചത്. യു എ ഇ കോണ്‍സുലേറ്റിലെ നയതന്ത്ര ഉദ്യോഗസ്ഥന്റെ പേരിലാണ് ബാഗേജ് വന്നത്. അന്വേഷണം ഫലപ്രദമായി നടക്കുന്നുണ്ട്. ഇതുവരെ കേസില്‍ 16 പേരെ അറസ്റ്റു ചെയ്തു. അതില്‍ ഒരു പ്രതിക്ക് ഉന്നതതല ബന്ധങ്ങളുണ്ടെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.