ബെംഗളൂരു മയക്കുമരുന്ന് കേസിലെ ഹവാല ഇടപാട് ഇ ഡി അന്വേഷിക്കും

Posted on: September 11, 2020 8:17 am | Last updated: September 11, 2020 at 11:40 am

ബെംഗളൂരു | ബെംഗളൂരു മയക്കുമരുന്ന് കേസിലെ പ്രതികള്‍ ഇടപാടിനായി ഹവാല പണം ഉപോഗിച്ചതായ ആരോപണത്തില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷിക്കും. ഇന്ത്യയിലെ വിവിധ ഭാഗങ്ങളില്‍ വിതരണം ചെയ്യാനുള്ള മയക്ക് മരുന്ന് വിദേശ രാജ്യങ്ങളില്‍ നിന്നും മറ്റും എത്തിച്ചത് ഹവാല പണം ഉപയോഗിച്ചെന്നാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്. സാമ്പത്തിക ഇടപാടുകള്‍ നടത്തിയവര്‍ക്കെതിരെ ഇഡി കേസെടുത്താല്‍ അവരെ ലഹരി കടത്തു കേസിലും എന്‍ സി ബി പ്രതിചേര്‍ക്കും.

നാര്‍ക്കോട്ടിക് കണ്ട്രോള്‍ ബ്യൂറോ രജിസ്റ്റര്‍ ചെയ്ത കേസില്‍ ഒന്നാം പ്രതിയായ അനിഖയുടെ നേതൃത്വത്തില്‍ പ്രതികള്‍ വിദേശത്തുനിന്നും മറ്റ് സംസ്ഥാനങ്ങളില്‍നിന്നും ലഹരിവസ്തുക്കളെത്തിച്ച് ബെംഗളൂരുവില്‍ വില്‍പന നടത്തിയെന്നാണ് കണ്ടെത്തല്‍. കേസിലെ രണ്ടാം പ്രതിയായിട്ടുള്ള അനൂപ് മുഹമ്മദ് 2013 മുതല്‍ മയക്കുമരുന്നിടപാടിലൂടെ നേടിയ ലാഭമുപയോഗിച്ച് കര്‍ണാടകത്തില്‍ ഹോട്ടല്‍ ബിസിനസ് തുടങ്ങിയെന്നും എന്‍ സി ബിക്ക് മൊഴി നല്‍കിയിട്ടുണ്ട്.