Connect with us

Kerala

ഖമറുദ്ദീന്റെ ആസ്തി, ബാധ്യത സംബന്ധിച്ച് മുസ്ലിം ലീഗ് കണക്കെടുപ്പ് നടത്തും

Published

|

Last Updated

മലപ്പുറം | ഫാഷന്‍ ഗോള്‍ഡ് നിക്ഷേപതട്ടിപ്പുമായി ബന്ധപ്പെട്ട് ആരോപണ വിധേയനായ മഞ്ച്വേശ്വരം എം എല്‍ എ എം സി ഖമറുദ്ദീനെ യു ഡി എഫ് ജില്ലാ ചെയര്‍മാന്‍ സ്ഥാനത്ത് നിന്നും മാറ്റി. ഖമറുദ്ദീന്‍ സ്വയം ഒഴിയുകയായിരുന്നെന്ന് പാര്‍ട്ടി തീരുമാനം അറിയിച്ചുകൊണ്ട് പി കെ കുഞ്ഞാലിക്കുട്ടി എം പി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഖമറുദ്ദീന്റെ ആസ്തി, ബാധ്യത സംബന്ധിച്ച് പാര്‍ട്ടി കണക്കെടുപ്പ് നടത്തും. ഈ മാസം 30നുള്ളില്‍ കണക്കെടുപ്പ് പൂര്‍ത്തിയാക്കും. ആര് മാസത്തിനുള്ളില്‍ തുക നിക്ഷേപകര്‍ക്ക് തിരിച്ച് നല്‍കാന്‍ ഖമറുദ്ദീന് സംസ്ഥാന പ്രസിഡന്റ് കര്‍ശന നിര്‍ദേശം നല്‍കിയതായും കുഞ്ഞാലിക്കുട്ടി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

ഖമറുദ്ദീനും നിക്ഷേപകരും തമ്മിലുള്ള പ്രശ്‌നത്തില്‍ മധ്യസ്ഥ ശ്രമത്തിന് പാര്‍ട്ടി ജില്ലാ ട്രഷറെ മുസ്ലിം ലീഗ് നിയോഗിച്ചു. നിക്ഷേപകരുടെ താത്പര്യത്തിനാണ് പാര്‍ട്ടി മുന്തിയ പരിഗണന നല്‍കുന്നത്. ആര്‍ക്കും പണം നഷ്ടപ്പെടാതെ നോക്കുക എന്നത് പാര്‍ട്ടിയുടെ ഉത്തരവാദിത്തമാണ്. ഖമറുദ്ദീന്‍ ഒരു സംരംഭം തുടങ്ങി പരാജയപ്പെടുകയായിരുന്നു. അദ്ദേഹം തട്ടിപ്പുകാരനല്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. എല്ലാ ബാധ്യതകളും നിറവേറ്റാന്‍ കഴിയുമെന്ന് ഖമറുദ്ദീന്‍ പാര്‍ട്ടിക്ക് ഉറപ്പ് നല്‍കിയതായും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
നിക്ഷേപം സംബന്ധിച്ച് ജില്ലാ ഭാരവാഹികളുമായും ഖമറുദ്ദീനുമായും പാര്‍ട്ടി ചര്‍ച്ച ചെയ്തതായും ഇതിന്റെ അടിസ്ഥാാനത്തിലാണ് ഇപ്പോഴത്തെ തീരുമാനമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. നിക്ഷേപ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് ഡയറക്ടര്‍മാര്‍ അടക്കമുള്ള ആരെങ്കിലും പാര്‍ട്ടി സ്ഥാനങ്ങള്‍ വഹിക്കുന്നുണ്ടെങ്കില്‍ മാറി നില്‍ക്കണമെന്നും കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു. പൂക്കോയ തങ്ങളുടെ ഭാരവാഹിത്വം സംബന്ധിച്ച മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിനായിുരുന്നു കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം

 

Latest