Connect with us

Kerala

വയോധികയുടെ കൊലപാതകം; കത്തിലെ കൈയക്ഷരം പ്രതിയുടെത് തന്നെയെന്ന് പോലീസ്

Published

|

Last Updated

പത്തനംതിട്ട | പത്തനംതിട്ട കുമ്പഴയില്‍ ജാനകിയെന്ന 92 കാരിയെ കഴുത്തറുത്തു കൊലപ്പെടുത്തിയ ശേഷം
എലിവിഷം കഴിച്ച പ്രതി മയില്‍സാമി അപകടനില തരണം ചെയ്തതായി ജില്ലാ പോലീസ് മേധാവി കെ ജി സൈമണ്‍ അറിയിച്ചു. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലുള്ള പ്രതി ഡിസ്ചാര്‍ജാകുന്ന മുറയ്ക്ക് തുടര്‍ന്നുള്ള നിയമനടപടികള്‍ കൈക്കൊള്ളുമെന്നും അദ്ദേഹം പറഞ്ഞു.

നാലുവര്‍ഷമായി കുമ്പഴ മനയത്തുവീട്ടില്‍ ജാനകിക്കു സഹായങ്ങളുമായി കഴിഞ്ഞുവരുകയായിരുന്നു മയില്‍സാമി. ജാനകിക്കു ഭക്ഷണം പാകം ചെയ്യുകയും വീടും പരിസരവും വൃത്തിയാക്കുകയും ചെയ്തുവന്ന അകന്ന ബന്ധു പുഷ്പയെന്ന ഭൂപതിയുമായുണ്ടായെന്നു പറയുന്ന തര്‍ക്കത്തെ തുടര്‍ന്നായിരുന്നു കൊലയെന്നു കരുതുന്നു. മകളുടെ പ്രസവവുമായി ബന്ധപ്പെട്ട് ഭൂപതി തമിഴ്നാട്ടില്‍ പോയ ശേഷം ജാനകിയുടെ കാര്യങ്ങളെല്ലാം നോക്കിയിരുന്നത് മയില്‍സാമിയായിരുന്നു. ഭൂപതിയുമായുണ്ടായ പിണക്കത്തിന്റെ പേരില്‍ അവര്‍ക്കെതിരായ പരാമര്‍ശങ്ങള്‍ ഉള്‍ക്കൊള്ളുന്ന കത്തെഴുതിയ ശേഷമാണ് ജാനകിയെ അരുംകൊല ചെയ്തത്. കുറിപ്പ് കസ്റ്റഡിയിലെടുത്തതായും ശാസ്ത്രീയ പരിശോധനകള്‍ ഉള്‍പ്പെടെയുള്ള അന്വേഷണം നടത്തുമെന്നും ജില്ലാ പോലീസ് മേധാവി അറിയിച്ചു.

കേസിന്റെ അപൂര്‍വത ഉള്‍ക്കൊണ്ടും കുറ്റസമ്മതമൊഴി കേന്ദ്രീകരിച്ചും മറ്റും അന്വേഷണം മുന്നേറുകയാണെന്നും, പ്രതിയുടെ കൈയക്ഷരം ഇയാളുടെത് തന്നെയാണെന്ന് ഉറപ്പുവരുത്തിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. പത്തനംതിട്ട ഡി വൈ എസ് പി. കെ സജീവിന്റെ മേല്‍നോട്ടത്തില്‍ പോലീസ് ഇന്‍സ്പെക്ടര്‍ എസ് ന്യൂമാന്റെ നേതൃത്വത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്. പോസ്റ്റ്മോര്‍ട്ടം നടത്തിയ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഡോക്ടറില്‍ നിന്നും പോലീസ് ഇന്‍സ്പെക്ടര്‍ അഭിപ്രായം തേടിയിട്ടുണ്ടെന്നും ജില്ലാ പോലീസ് മേധാവി പറഞ്ഞു.

Latest