ബൈക്കും ടിപ്പര്‍ ലോറിയും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം

Posted on: September 7, 2020 10:36 pm | Last updated: September 7, 2020 at 10:36 pm
പത്തനംതിട്ട സന്തോഷ്മുക്കിന് സമീപം ടിപ്പറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടം. ഇൻസെറ്റിൽ മരിച്ച റിബിൻ കെ റീസ്.

പത്തനംതിട്ട | പുത്തന്‍പീടികയില്‍ ടിപ്പറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവിന് ദാരുണാന്ത്യം. പുത്തന്‍പീടിക കോടാട്ടുമണ്ണില്‍ ഫിനാന്‍സ് ഉടമ റീസിന്റെ മകന്‍ റിബിന്‍ കെ റീസാണ് (22) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ ഒമ്പതരയോടെ സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് പള്ളിയുടെ പള്ളംഭാഗത്തിനടുത്തുള്ള കുരിശടിയ്ക്ക് സമീപമാണ് അപകടം.

മുട്ടുകുടുക്ക ഭാഗത്തേക്ക് മെറ്റല്‍ കയറ്റിപ്പോകുകയായിരുന്ന ടിപ്പര്‍ ലോറി എതിരെവന്ന റിബിന്‍ സഞ്ചരിച്ച ബുള്ളറ്റില്‍ ഇടിക്കുകയായിരുന്നു. റിബിന്‍ വീട്ടില്‍നിന്ന് ഇറങ്ങി സന്തോഷ് ജങ്ഷന്‍ ഭാഗത്തേക്ക് വരികയായിരുന്നു. ടിപ്പറിലിടിച്ച് ബുള്ളറ്റ് തെറിച്ച് പോയി. റിബിന്‍ ലോറിക്ക് അടിയില്‍പ്പെട്ടു. തല്‍ക്ഷണം മരിച്ചു. ഫയര്‍ഫോഴ്‌സും പോലീസുമെത്തി ഒരു മണിക്കൂറോളം കഴിഞ്ഞാണ് റിബിനെ പുറത്തെടുത്തത്.

മൃതദേഹം പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പോസ്റ്റ് മോര്‍ട്ടം നടത്തി. സംസ്‌കാരം ബുധനാഴ്ച രാവിലെ 10ന് പ്രക്കാനം തോട്ടുപുറം സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍. അമ്മ: റീന റീസ്. സഹോദരന്‍: റോമല്‍ റീസ്. ബെംഗളൂരുവില്‍ സ്വകാര്യ കമ്പനിയില്‍ ജീവനക്കാരനായ റിബിന്‍ രണ്ട് മാസം മുമ്പാണ് നാട്ടിലെത്തിയത്.

ALSO READ  പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ്: വ്യാപക റെയ്ഡില്‍ നിരവധി രേഖകള്‍ പിടിച്ചെടുത്തു