ബംഗളൂരുവില്‍ കൊവിഡ് ഭേദമായയാള്‍ക്ക് വീണ്ടും കൊവിഡ്

Posted on: September 6, 2020 7:28 pm | Last updated: September 6, 2020 at 7:28 pm

ബംഗളൂരു | കൊവിഡ് പൂര്‍ണമായും ഭേദമായി ആശുപത്രി വിട്ട 27കാരിക്ക് ഒരു മാസത്തിന് ശേഷം വീണ്ടും കൊവിഡ് സ്ഥിരീകരിച്ചു. ബംഗളൂരുവിലാണ് സംഭവം. കൊവിഡ് ഭേദമായിട്ടും യുവതിയില്‍ ഇതിനെതിരായ ആന്റിബോഡി രൂപംകൊള്ളാതിരുന്നതാണ് ഇതിന് കാരണമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. ബംഗളൂരുവില്‍ ഇത്തരമൊരു കേസ് ഇതാദ്യമാണെന്ന് ബെന്നര്‍ഗട്ട ഫോര്‍ട്ടിസ് ആശുപത്രിയിലെ ഡോക്ടര്‍ പ്രതിക് പാട്ടീല്‍ പറഞ്ഞു.

കഴിഞ്ഞ ജൂലൈയിലാണ് യുവതിക്ക് ആദ്യമായി കൊവിഡ് സ്ഥിരീകരിച്ചത്. തുടര്‍ന്ന് രോഗം പൂര്‍ണമായും ഭേദമാവുകയും ആശുപത്രി വിടുകയും ചെയ്തിരുന്നു. പിന്നീട് ഒരു മാസത്തിന് ശേഷം കഴിഞ്ഞ ദിവസം വീണ്ടും പരിശോധന നടത്തിയപ്പോഴാണ് കൊവിഡ് പോസിറ്റീവാണെന്ന് വ്യക്തമായത്.

രണ്ട് കാരണങ്ങളാല്‍ ഇത് സംഭവിക്കാമെന്നാണ് ഡോക്ടര്‍മാര്‍ ചൂണ്ടിക്കാട്ടുന്നത്. സാധാരണ ഗതിയില്‍ കൊവിഡ് രോഗികളില്‍ രണ്ടോ മൂന്നോ ആഴ്ചകള്‍ക്കകം കൊറോണ വൈറസിനെതിരെ ശരീരം പ്രതിരോധ ശക്തി നേടുകയും രോഗം ഭേദമാവുകയും ചെയ്യും. യുവതിയുടെ ശരീരം കൊവിഡിന എതിരെ പ്രതിരോധം നേടിയില്ല എന്നതാണ് ഒന്നാമത്തെ കാരണമായി ചൂണ്ടിക്കാട്ടുന്നത്. ആന്റിബോഡികള്‍ രൂപപ്പെടുകയും ഒരു മാസത്തിനകം അവ നിര്‍ജീവമാകുകയും ചെയ്തതിനാല്‍ വീണ്ടും രോഗം പിടിപെട്ടുവെന്നാണ് രണ്ടാമത്തെ നിഗമനം. ഈ രണ്ട് സാഹചര്യങ്ങളിലും വീണ്ടും രോഗികളുമായി സമ്പര്‍ക്കമുണ്ടായാല്‍ രോഗം പിടിപെടുമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.

കൊവിഡ് ഭേദമായവരില്‍ വീണ്ടും രോഗമുണ്ടാകുന്നത് ആശങ്ക ഉയര്‍ത്തുന്നുണ്ട്. കൊറോണ വൈറസിന് എതിരായ വാക്‌സിനുകള്‍ എത്രമാത്രം വിജയകരമാകാനുള്ള സാധ്യതയുണ്ടെന്ന കാര്യത്തില്‍ വരെ ഇത് ചോദ്യങ്ങള്‍ ഉയര്‍ത്തുകയാണ്. വീണ്ടും രോഗം ബാധിക്കുന്നത് അപൂര്‍വ മാണെന്നും ഇതുസംബന്ധിച്ച് കൂടുതല്‍ പഠനങ്ങള്‍ ആവശ്യമാണെന്നും ശാസത്രജ്ഞര്‍ ചൂണ്ടിക്കാണിക്കുന്നു.

നേരത്തെ തെലങ്കാന, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലും ഹോങ്കോങ്, നെതര്‍ലാന്‍ഡ്‌സ്, ബെല്‍ജിയം എന്നീ രാജ്യങ്ങളിലും കൊവിഡ് ഭേദമായവര്‍ക്ക് രോഗം തിരിച്ചുവന്നതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.