Connect with us

Kerala

വെഞ്ഞാറമൂട് ഡി വൈ എഫ് ഐ പ്രവര്‍ത്തകരെ വെട്ടിക്കൊന്ന സംഭവം; മുഖ്യ പ്രതിയുള്‍പ്പെടെ ആറുപേര്‍ പിടിയില്‍

Published

|

Last Updated

തിരുവനന്തപുരം | തിരുവനന്തപുരം വെഞ്ഞാറമൂട് രണ്ട് ഡി വൈ എഫ് ഐ പ്രവര്‍ത്തകരെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ മുഖ്യപ്രതി ഉള്‍പ്പെടെ ആറുപേര്‍ പിടിയില്‍. മുഖ്യ പ്രതി സജിത്തിനെ വീട്ടില്‍ നിന്നാണ് കസ്റ്റഡിയിലെടുത്തത്. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനാണ് ഇയാള്‍. അക്രമികള്‍ സഞ്ചരിച്ച കെ എല്‍ 21 കെ 4201 ബൈക്ക് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇതിന്റെ ഉടമയെ ചോദ്യം ചെയ്തു വരികയാണ്. കൊലക്കു പിന്നില്‍ രാഷ്ട്രീയ വൈരാഗ്യമാണെന്ന് തിരുവനന്തപുരം റൂറല്‍ എസ് പി. ബി അശോകന്‍ പറഞ്ഞു. മുമ്പും വധശ്രമക്കേസില്‍ ഉള്‍പ്പെട്ടവരാണ് പിടിയിലായവര്‍. മറ്റു പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജ്ജിതമാണ്. അന്വേഷണത്തിന് ആറ്റിങ്ങല്‍ ഡി വൈ എസ് പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. ആറു പേരാണ് അക്രമത്തിനു പിന്നിലെന്നാണ് പ്രാഥമിക നിഗമനം.

സംഭവത്തില്‍ പ്രതിഷേധിച്ച് ഇന്ന് സംസ്ഥാന വ്യാപകമായി കരിദിനം ആചരിക്കുമെന്ന് ഡി വൈ എഫ് ഐ സംസ്ഥാന പ്രസിഡന്റ് എ എ റഹീം പറഞ്ഞു. കൊലപാതകത്തിന് പിന്നില്‍ യൂത്ത് കോണ്‍ഗ്രസാണെന്ന് അദ്ദേഹം ആരോപിച്ചു. കലിങ്ങിന്‍ മുഖം യൂനിറ്റ് പ്രസിഡന്റ് ഹക്ക് മുഹമ്മദ് (24), തേവലക്കാട് യൂനിറ്റ് ജോ. സെക്രട്ടറി മിഥിലാജ് (30) എന്നിവരാണ് ക്രൂരമായി കൊലചെയ്യപ്പെട്ടത്. ഇവരുടെ കൂടെയുണ്ടായിരുന്ന ശഹിന്‍ പരുക്കുകളോടെ രക്ഷപ്പെട്ടു. രാത്രി പതിനൊന്നരയോടെയാണ് സംഭവം. ബൈക്കില്‍ പോവുകയായിരുന്ന ഇവരെ മാരാകായുധങ്ങളുമായെത്തിയ സംഘം വെഞ്ഞാറമൂട് ബ്ലോക്കില്‍ തേമ്പാമൂട് വച്ച് ആക്രമിക്കുകയായിരുന്നു. ഗുരുതരമായി വെട്ടേറ്റ മിഥിലാജ് സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഹക്കിന്റെ ജീവന്‍ രക്ഷിക്കാനായില്ല.