അടിസ്ഥാന മേഖലകള്‍ സാധാരണക്കാരന് അപ്രാപ്യമാകുന്നു: ഡോ കെ കെ എന്‍ കുറുപ്പ്

Posted on: August 25, 2020 9:12 pm | Last updated: August 25, 2020 at 9:12 pm

ദോഹ | വിദ്യാഭ്യാസം പോലുള്ള അടിസ്ഥാന മേഖലകള്‍ സാധാരണക്കാരന് അപ്രാപ്യമായിക്കൊണ്ടിരിക്കുന്ന സാഹചര്യമാണ് ഇന്ന് രാജ്യത്തു ഉണ്ടായിക്കൊണ്ടിരിക്കുന്നതെന്ന് പ്രമുഖ ചരിത്രകാരന്‍ ഡോ. കെ കെ എന്‍ കുറുപ്പ് അഭിപ്രായപ്പെട്ടു. സ്വാതന്ത്ര്യ സമര ചരിത്രത്തില്‍ മലബാര്‍ സമരത്തിന് അദ്വിതീയ സ്ഥാനമാണെന്നും സമരത്തിന്റെ നൂറാം വാര്‍ഷികം ആഘോഷിക്കുമ്പോള്‍ പുതുതലമുറയ്ക്ക് അതിന്റെ സന്ദേശം കൈമാറാന്‍ സാധിക്കണമെന്നും അദ്ദേഹം പറഞ്ഞു.

സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി കലാലയം സാംസ്‌കാരിക വേദി ഖത്തര്‍ നാഷനല്‍ കമ്മിറ്റി സംഘടിപ്പിച്ച ‘ഹിന്ദുസ്ഥാന്‍ ഹമാരാ’ ഓണ്‍ലൈന്‍ സംഗമത്തില്‍ ‘മലബാര്‍ സമരത്തിന്റെ മതേതരത്വം’ എന്നാ വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പരിപാടിയില്‍ ഇന്ത്യാ വിഭജനത്തിന്റെ അടിവേരുകള്‍ എന്ന വിഷയത്തില്‍ ചരിത്രകാരന്‍ ഡോ. ഹുസൈന്‍ രണ്ടത്താണി പ്രഭാഷണം നടത്തി. ബ്രിട്ടീഷുകാര്‍ ഇന്ത്യയില്‍ നടപ്പിലാക്കിയ ഭിന്നിപ്പിച്ചു ഭരിക്കുക എന്ന തന്ത്രത്തോടൊപ്പം രാഷ്ട്രീയ നേതൃത്വത്തിന്റെ വാശിയും വ്യക്തി താത്പര്യങ്ങളുമായിരുന്നു ഇന്‍ഡ്യാ വിഭജനത്തിന് വഴി തെളിച്ചതെന്നു അദ്ദേഹം അഭിപ്രായപ്പെട്ടു.

എസ് വൈ എസ് സ്റ്റേറ്റ് സെക്രട്ടറി മജീദ് മാസ്റ്റര്‍ കക്കാട് സംഗമം ഉദ്ഘാടനം ചെയ്തു. ഐ സി എഫ് മിഡില്‍ ഈസ്റ്റ് ട്രഷറര്‍ കരീം ഹാജി മേമുണ്ട, ഐ സി സി വൈസ് ചെയര്‍മാന്‍ വിനോദ് വി നായര്‍ എന്നിവര്‍ സംസാരിച്ചു. ആര്‍ എസ് സി ചെയര്‍മാന്‍ നൗഫല്‍ ലത്തീഫിയുടെ പ്രാര്‍ത്ഥനയോടെ ആരംഭിച്ച സംഗമത്തില്‍ കലാലയം കണ്‍വീനര്‍ ശംസുദ്ധീന്‍ സഖാഫി സ്വാഗതവും സജ്ജാദ് മീഞ്ചന്ത നന്ദിയും പറഞ്ഞു.