Connect with us

Editorial

കരുതലോടെയാകാം കൊവിഡ് കാലത്തെ ഓണാഘോഷം

Published

|

Last Updated

ഇന്ത്യയില്‍ കൊവിഡ് പൂര്‍വോപരി വ്യാപിക്കുകയാണ്. ആകെ കൊവിഡ് ബാധിതരുടെ എണ്ണം 29,75,702ലെത്തി. മരണം 55,794ഉം. കൊവിഡ് മരണനിരക്കില്‍ ഇറ്റലിയെ മറികടന്ന ഇന്ത്യ മൂന്നാം സ്ഥാനത്തെത്തി. അമേരിക്കയാണ് ഒന്നാം സ്ഥാനത്ത്. രണ്ടാമത് ബ്രസീലും. മണിക്കൂറില്‍ 35എന്ന കണക്കിനാണ് ഇന്ത്യയിലെ മരണം. ഇന്നലെ റെക്കോഡ് വര്‍ധനയാണ് രോഗികളുടെ എണ്ണത്തിലുണ്ടായത്. ഇന്നലെ കാലത്ത് പത്ത് മണി വരെയുള്ള 24 മണിക്കൂറിനുള്ളില്‍ 69,878 പുതിയരോഗബാധയും 945 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിക്കുന്നു. തുടര്‍ച്ചയായി നാലാം ദിവസമാണ് അറുപതിനായിരത്തിലേറെ പുതിയ രോഗബാധ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. നിലവില്‍ ഇന്ത്യയിലാണ് ലോക രാഷ്ട്രങ്ങളില്‍ ഏറ്റവും കൂടുതല്‍ പ്രതിദിന വര്‍ധന. ജനുവരിയിലാണ് രാജ്യത്ത് കൊവിഡ് കേസുകള്‍ സ്ഥിരീകരിച്ച് തുടങ്ങിയത്. മാര്‍ച്ച് 24ന് ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുകയും ചെയ്തു.

ജൂലൈ മധ്യത്തില്‍ പുറത്തുവിട്ട ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സിന്റെ (ഐ ഐ എസ്‌ സി) പഠന റിപ്പോര്‍ട്ട് ശരിവെക്കുന്ന വിധത്തിലാണ് കാര്യങ്ങളുടെ പോക്ക്. സെപ്തംബര്‍ ഒന്നോടെ രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 35 ലക്ഷമാകുമെന്നും ഇതില്‍ 10.71 ലക്ഷത്തോളം ആക്ടീവ് കേസുകളായിരിക്കുമെന്നായിരുന്നു ഐ ഐ എസ് സിയുടെ വിലയിരുത്തല്‍. മണ്‍സൂണ്‍ കാലത്ത് രോഗവ്യാപനം ശക്തമാകുമെന്ന് ആരോഗ്യ വിദഗ്ധരും മുന്നറിയിപ്പ് നല്‍കിയിരുന്നു. ലോകത്ത് കൊവിഡ് വ്യാപനം രണ്ട് വര്‍ഷം കൊണ്ടേ നിയന്ത്രണ വിധേയമാക്കാനാവുകയുള്ളൂവെന്നാണ് ലോകാരോഗ്യ സംഘടന (ഡബ്ല്യു എച്ച് ഒ) മേധാവി ടെഡ്രോസ് അദാനം ഗബ്രിയോസിസ് അഭിപ്രായപ്പെട്ടത്. 1918 ഫെബ്രുവരി മുതല്‍ 1920 ഏപ്രില്‍ വരെ നീണ്ടുനിന്നതും ലോകത്തെ ഏറ്റവും മാരക മഹാമാരിയായി കണക്കാക്കപ്പെടുന്നതുമായ സ്പാനിഷ് ഫ്ലൂവിനെ അതിജീവിക്കാന്‍ രണ്ട് വര്‍ഷമെടുത്തെന്ന കാര്യം അദ്ദേഹം ചൂണ്ടിക്കാട്ടി. 500 ദശലക്ഷത്തോളം പേരെ ബാധിച്ച സ്പാനിഷ് ഫ്ലൂവിവില്‍ 50 ദശലക്ഷത്തോളം പേര്‍ മരിച്ചിരുന്നു. ഇന്നലെ വരെയുള്ള കണക്കനുസരിച്ചു 2,32,34,896 പേര്‍ക്കാണ് ആഗോളതലത്തില്‍ കൊവിഡ് ബാധിച്ചത്. മരണ സംഖ്യ 8,05,297ഉം.

ഇന്ത്യയില്‍ കൊവിഡ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണം ഔദ്യോഗിക കണക്കിലുള്ളതിനെക്കാള്‍ വളരെ ഉയര്‍ന്നതാണെന്നും പല സംസ്ഥാനങ്ങളും അത് കുറച്ചുകാണിക്കുകയാണെന്നും ആക്ഷേപമുണ്ട്. പശ്ചിമ ബംഗാളില്‍ രോഗികളുടെ എണ്ണം കുറച്ചുകാണിക്കാന്‍ പരിശോധനകളുടെ എണ്ണം കുറക്കുകയും പല കൊവിഡ് മരണങ്ങളും മറ്റു മരണങ്ങളുടെ പട്ടികയില്‍പെടുത്തിയതായും റിപ്പോര്‍ട്ടുണ്ടായിരുന്നു.

ഒടുവില്‍, കേന്ദ്ര സര്‍ക്കാര്‍ നേരിട്ട് മെഡിക്കല്‍ സംഘത്തെ അയക്കുകയും സംസ്ഥാന സര്‍ക്കാര്‍ അവരെ വിമാനത്താവളത്തില്‍ തടയുന്നത് വരെ കാര്യങ്ങള്‍ എത്തുകയും ചെയ്തു. മരണസംഖ്യ കുതിക്കുന്ന മഹാരാഷ്ട്രയില്‍ മരിച്ചവര്‍ക്ക് മറ്റെന്തെങ്കിലും അസുഖങ്ങളുണ്ടെങ്കില്‍ മരണം അപ്പേരിലാണത്രെ രേഖപ്പെടുത്തുന്നത്. സമാനമായ രീതിയിൽ ഡല്‍ഹിയില്‍ നിന്നും ഉയർന്നിട്ടുണ്ട് കൃത്രിമ കണക്കിന്റെ റിപ്പോര്‍ട്ടുകള്‍.

ഓക്സ്ഫോർഡ് യൂനിവേഴ്‌സിറ്റിയുടെ നേതൃത്വത്തില്‍ വികസിപ്പിക്കുന്ന കൊവിഡ് പ്രതിരോധ വാക്‌സിനിലാണ് രാജ്യത്തിന്റെ പ്രതീക്ഷ. ഇതിന്റെ രണ്ടും മൂന്നും ഘട്ട പരീക്ഷണങ്ങള്‍ ഇന്ത്യയിൽ ഉത്പാദന കരാറുള്ള പുണെ സീറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ആരംഭിച്ചുകഴിഞ്ഞു. 1,500 പേരില്‍ നടക്കുന്ന മൂന്നാംഘട്ട പരീക്ഷണം വിജയിച്ചാല്‍ ഡിസംബറില്‍ തന്നെ വാക്‌സിന്‍ പുറത്തിറക്കാനാകുമെന്നാണ് ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ പുരുഷോത്തമന്‍ സി നമ്പ്യാര്‍ വെളിപ്പെടുത്തിയത്.ഇന്ത്യയില്‍ ഇത് 250 രൂപക്ക് വില്‍ക്കാനാകുമെന്നാണ് കരുതുന്നത്.
തുടക്കത്തില്‍ രോഗ നിയന്ത്രണത്തില്‍ വിജയിച്ച കേരളത്തിലും രോഗം നിയന്ത്രണാതീതമാകുകയും വന്‍തോതില്‍ വ്യാപിച്ചുകൊണ്ടിരിക്കുകയുമാണ്. ഇന്നലെ വരെയുള്ള കണക്കനുസരിച്ച് സംസ്ഥാനത്ത് കൊവിഡ് ബാധിതരുടെ എണ്ണം 56,354 ആയിട്ടുണ്ട്. ഇതില്‍ 36,535 പേര്‍ക്ക് ഭേദമായി. 19,538 പേര്‍ ചികിത്സയിലാണ്. 218 പേര്‍ മരണപ്പെട്ടു. സംസ്ഥാനത്ത് കൊവിഡ് ഔദ്യോഗിക കണക്കില്‍ ഉള്‍പ്പെടാതെ ഏഴ് മരണങ്ങള്‍ കൂടി വെള്ളിയാഴ്ച റിപ്പോര്‍ട്ട് ചെയ്തിരുന്നു. മൂന്ന് മാസത്തിനകമാണ് സംസ്ഥാനത്തെ രോഗബാധ ആയിരത്തില്‍ നിന്ന് അരലക്ഷത്തിന് മുകളിലേക്കെത്തിയത്. ഇതര സംസ്ഥാനങ്ങളില്‍ നിന്നും വിദേശത്ത് നിന്നും ആളുകള്‍ വന്നു തുടങ്ങുകയും ലോക്ക്ഡൗണിന് ഇളവ് വരുത്തുകയും ചെയ്തതോടെയാണ് രോഗബാധ കുത്തനെ വര്‍ധിക്കാൻ തുടങ്ങിയത്. ഒരു മാസത്തോളമായി സാമൂഹിക വ്യാപനവും തുടങ്ങി. രോഗബാധിതരില്‍ 64.5 ശതമാനവും ഉറവിടം അറിയാത്തവരാണെന്നത് കൂടുതല്‍ ആശങ്ക സൃഷ്ടിക്കുന്നു.
നാടും നഗരങ്ങളുമെല്ലാം കൊവിഡിന്റെ പിടിയിലമര്‍ന്ന ഘട്ടത്തിലാണ് ഇത്തവണത്തെ ഓണം. ഓണനാളുകള്‍ ഷോപ്പിംഗിന്റേത് കൂടിയാണ്. ഈ ഘട്ടത്തിലാണ് പ്രമുഖ കമ്പനികളും വ്യാപാര സ്ഥാപനങ്ങളും ഓഫറുകള്‍ പ്രഖ്യാപിക്കാറുള്ളത്. ഇതില്‍ ആകൃഷ്ടരാകുന്ന ഉപഭോക്താക്കള്‍ കൂട്ടത്തോടെ കടകളിലെത്തൽ പതിവാണ്.

ഇവരില്‍ പലരും ലക്ഷണങ്ങള്‍ പ്രകടമായിട്ടില്ലാത്ത രോഗവാഹകരായിരിക്കാം. രോഗം പകരാന്‍ ഇത്തരക്കാരുടെ സാന്നിധ്യം മതി. ഈ സാഹചര്യത്തില്‍ ഓണാഘോഷത്തിലും ഷോപ്പിംഗിലുമെല്ലാം കടുത്ത ജാഗ്രത ആവശ്യമാണ്. പുറത്തിറങ്ങുമ്പോള്‍ കൃത്യമായും ശരിയായ രീതിയിലും മാസ്‌ക് ധരിക്കുകയും ഇടക്കിടെ സോപ്പിട്ട് കൈകള്‍ കഴുകുകയും സാമൂഹിക അകലം പാലിക്കുകയും ചെയ്തില്ലെങ്കില്‍ ആഘോഷ പര്യവസാനം ദുരന്തമായിരിക്കും. അതിഥികളായി വീടുകളില്‍ ചെല്ലുന്നവര്‍ അവിടെയെത്തിയാല്‍ മാസ്‌ക് അഴിച്ചുവെക്കുകയുമരുത്.

“ഈ ഓണം സോപ്പിട്ട്, മാസ്‌കിട്ട്, ഗ്യാപ്പിട്ട്” എന്നതാണ് ആഘോഷത്തോടനുബന്ധിച്ച് ആരോഗ്യവകുപ്പ് നല്‍കുന്ന സന്ദേശം. ആഘോഷത്തിന്റെ ഭാഗമായി ഹസ്തദാനം, ആശ്ലേഷം തുടങ്ങിയ സ്‌നേഹപ്രകടനങ്ങള്‍ പാടില്ലെന്നും പ്രായമായവരോട് സ്‌നേഹപ്രകടനം കാണിക്കാനായി അവരെ സ്പര്‍ശിക്കുകയോ അടുത്തുനിന്ന് സംസാരിക്കുകയോ അരുതെന്നും ആരോഗ്യവകുപ്പ് നിര്‍ദേശിക്കുന്നു. ഇവര്‍ക്ക് പെട്ടെന്ന് രോഗം പിടിപെടാനും ഗുരുതരാവസ്ഥയിലാകാനും സാധ്യതയുള്ളതിനാലാണ് ഇങ്ങനെ പ്രത്യേക നിർദേശം.

Latest