Covid19
കൊവിഡിന്റെ പിടിയില്‍പ്പെട്ട് പൊലിഞ്ഞത് ഏഴര ലക്ഷം ജീവനുകള്‍

വാഷിംഗ്ടണ്‍ | കൊവിഡ് മഹാമാരി സൃഷ്ടിച്ച പ്രതസന്ധിയില്‍ നിന്ന് കരകയറാനാകാതെ ലോകം. ഇതിനകം രണ്ട് കോടി പത്ത് ലക്ഷത്തിലേറെ വൈറസിന്റെ പിടിയില്‍പ്പെട്ട് രോഗികളായി. ഏഴര ലക്ഷത്തില്‍ കൂടുതല്‍ പേര്‍ക്ക് ജീവഹാനിയുണ്ടായി. വൈറസിനെ പിടിച്ചുകെട്ടാന്‍ ലോകരാജ്യങ്ങള്‍ സാധ്യമാകുന്ന എല്ലാ മാര്‍ഗവും സ്വകരിച്ച് പ്രതിരോധം തീര്‍ക്കുകയാണ്. റഷ്യ ഇതിനകം വാക്‌സിന്‍ വികസിപ്പിച്ച് രംഗത്തെത്തിയിട്ടുണ്ട്. പല രാജ്യങ്ങളിലേയും വാക്‌സിന്‍ പരീക്ഷണം അവസാനഘട്ടത്തിലേക്ക് കടക്കുന്നു. ഈ വര്‍ഷം അവസാനത്തോടെ വാക്‌സിന്‍ വിപണിയിലെത്തിക്കാനാകുമെന്നാണ് പലരും കണക്ക് കൂട്ടുന്നത്. പ്രതിരോധ ശ്രമങ്ങള്‍ ഇങ്ങനെയെല്ലാം നടക്കുമ്പോഴും വൈറസ് ഇപ്പോഴും പല രാജ്യങ്ങളേയും വരിഞ്ഞ് മുറുക്കികൊണ്ടിരിക്കുകയാണ്.
കഴിഞ്ഞ 24 മണിക്കൂറിനിടെ മൂന്ന് ലക്ഷത്തോളം കേസുകളാണ് ലോകത്താകെ റിപ്പോര്‍ട്ട് ചെയ്തത്. മരിച്ചവരുടെ എണ്ണവും ദിനംപ്രതി വര്‍ധിക്കുന്നു. നിലവില്‍ 6,415,806 രോഗികളാണ് വിവിധ രാജ്യങ്ങളിലായുള്ളത്. ഇതില്‍ 64,640 (ഒരു ശതമാനം) പേരും ഗുരുതരാവസ്ഥയിലാണ്. ഇതുവരെ മരുന്ന് കണ്ടുപിടിച്ചിട്ടില്ലാത്ത രോഗം അഞ്ച് ശതമാനം പേര്‍ക്ക് മരണകാരണമാകുമ്പോള്‍ 95 ശതമാനം പേരും അതിജീവിക്കുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇതുവരെ ലോകത്താകെ 13,900,557 പേര്‍ രോഗത്തില്‍ നിന്ന് പൂര്‍ണ മുക്തരായി.
ലോകത്തെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയായ അമേരിക്കയാണ് കൊവിഡില്‍ ഏറ്റവും വലിയ പ്രതിസന്ധിയിലായത്. അമേരിക്കയില്‍ 54 ലക്ഷം പേര്‍ക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. ലക്ഷക്കണക്കിന് മരങ്ങളും അമേരിക്കയിലുണ്ടായി. ഇന്നലെ മാത്രം 54,432 പുതിയ കേസുകളും 1,249 മരണങ്ങളും അമേരിക്കയിലുണ്ടായി.
ബ്രസീല്‍ ആണ് കോവിഡ് മോശമായി ബാധിച്ച രണ്ടാമത്തെ രാജ്യം. ബ്രസീലില്‍ 59,147 പുതിയ കേസുകളാണുള്ളത്. 1,301 മരണങ്ങളും പുതുതായി റിപ്പോര്‍ട്ട് ചെയ്തു. ബ്രസീലില്‍ ആകെ കോവിഡ് രോഗികളുടെ എണ്ണം 3,229,621 ആയി. മൂന്നാം സ്ഥാനത്തുള്ളത് ഇന്ത്യയാണ്. ഓരോ ദിവസും 60000ത്തിന് മുകളില് കേസുകളാണ് ഇന്ത്യയിലും റിപ്പോര്‍ട്ട് ചെയ്യുന്നത്.