Connect with us

Kerala

ആശുപത്രിയിലെത്തിക്കാന്‍ വൈകീയതായി പരാതി; ബൈക്കപകടത്തില്‍ പരിക്കേറ്റ യുവാവ് മരിച്ചു

Published

|

Last Updated

തിരുവല്ല | ബൈക്കപകടത്തില്‍പ്പെട്ട പരിക്കേറ്റ യുവാവ് മരിച്ചു. തലവടി സൗത്ത് എക്കപ്പുറത്ത് തുണ്ടിയില്‍ പറമ്ബില്‍ വീട്ടില്‍ മാത്യു ഏബ്രഹാമിന്റെ മകന്‍ ജിബു ഏബ്രഹാം (23) ആണ് മരിച്ചത്. ബെക്കിലുണ്ടായിരുന്ന സുഹൃത്തായ തലവടി സ്വദേശി ജെഫിനെ ഗുരുതര പരുക്കുകളോടെ ആലപ്പുഴ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.

ശനിയാഴ്ച രാവിലെ 10 മണിയോടെ തിരുവല്ല – മാവേലിക്കര റോഡില്‍ പുളിക്കീഴ് ഇന്ദ്രപ്രസ്ഥ ഹോട്ടലിന് മുമ്പിലായിരുന്നു അപകടം. ഇരുചക്ര വാഹനത്തില്‍ കാര്‍ ഇടിക്കുകയായിരന്നു. അപകടത്തിനിടയാക്കിയ കാറിന്റെ ഡ്രൈവറായ വനിതാ ഡോക്ടറും മറ്റൊരു വാഹനത്തിലെ യാത്രക്കാരിയായ നേഴ്‌സുമാണ് രക്ഷാപ്രവര്‍ത്തനം നടത്താന്‍ തയ്യാറായത്. എന്നാല്‍ വഴിയാത്രക്കാരാരും സഹായിക്കാന്‍ മുന്നോട്ടുവന്നില്ല. അപകടത്തില്‍ പരുക്കേറ്റ യുവാവിനെ ആശുപത്രിയില്‍ എത്തിക്കുന്നതിനുപകരം പോലീസ് വന്നിട്ട് കൊണ്ടു പോയാല്‍ മതിയെന്ന് നാട്ടുകാരില്‍ ചിലര്‍ ശാഠ്യം പിടിച്ചു. തന്മൂലം 20 മിനിറ്റോളം യുവാവ് റോഡില്‍ രക്തത്തില്‍ കുളിച്ചു കിടന്നു.

ഈ സമയത്തും മുപ്പതോളം പേര്‍ ഫോട്ടോയെടുത്തും വീഡിയോ എടുത്തും കാഴ്ചക്കാരായി ചുറ്റുമുണ്ടായിരുന്നതായി പറയുന്നു. തുടര്‍ന്ന് ഡോക്ടര്‍ തന്നെ പോലീസിനെയും ആംബുലന്‍സും വിളിച്ചിട്ടും വരാന്‍ വൈകിയതിനെ തുടര്‍ന്ന് ഇതുവഴി വന്ന കാറില്‍ പരുമല ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജിബു മരിച്ചു. കുവൈറ്റില്‍ ജോലിയിലായിരുന്ന ജീബു മൂന്ന് മാസം മുമ്പാണ് നാട്ടില്‍ മടങ്ങിയെത്തിയത്. ലോക്ഡൗണ്‍ മൂലം തിരികെ പോകാന്‍ പറ്റിയിരുന്നില്ല. കുവൈറ്റിലേക്ക് മടങ്ങാനുള്ള ശ്രമത്തിലായിരുന്നു. അതിനായി തിരികെ പോകാനുള്ള ടിക്കറ്റ് ബുക്ക് ചെയ്യാനായി തിരുവല്ലായ്ക്ക് പോകുന്ന അവസരത്തിലായിരുന്നു അപകടം. മാതാവ് ഷേര്‍ളി. സഹോദരന്‍ ഷിജു.