പെരുന്നാള്‍ നല്‍കുന്നത് പ്രതിസന്ധികളെ വിവേകത്തോടെ നേരിടണമെന്ന പാഠം: ഖലീല്‍ തങ്ങള്‍

Posted on: July 31, 2020 12:15 am | Last updated: July 31, 2020 at 12:15 am

മലപ്പുറം | പ്രവാചക കുലപതി ഇബ്‌റാഹീം നബി(അ)ന്റെയും കുടുംബത്തിന്റെയും ത്യാഗ പൂര്‍ണമായ ജീവിതത്തിനും ക്ഷമക്കും സഹനത്തിനുമൊടുവില്‍ മാനവ ചരിത്രത്തെത്തന്നെ പരിവര്‍ത്തിപ്പിച്ച മുന്നേറ്റങ്ങളെ ഓര്‍മിപ്പിക്കുന്നതാണ് ബലി പെരുന്നാളെന്ന് കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ്‌റാഹീം ഖലീലുല്‍ ബുഖാരി പെരുന്നാള്‍ സന്ദേശത്തില്‍ പറഞ്ഞു. സ്രഷ്ടാവിന്റെ പ്രീതിക്കായി സമര്‍പ്പിച്ചവര്‍ക്ക് ലഭിക്കുന്ന അറ്റമമില്ലാത്ത സൗഭാഗ്യങ്ങളുടെ പാഠവും ഈദുല്‍ അക്ബറിലുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.

കാല്‍ കോടിയോളം തീര്‍ത്ഥാടകര്‍ക്കു പകരം 1000 പേര്‍ മാത്രമുള്‍ക്കൊള്ളുന്ന വിശുദ്ധ ഹജ്ജ് കര്‍മത്തിന്റെ അനുഷ്ടാനങ്ങള്‍ പുണ്യഭൂമിയില്‍ പുരോഗമിക്കുമ്പോഴാണ് ലോകമെമ്പാടുമുള്ള വിശ്വാസികള്‍ ബലി പെരുന്നാള്‍ ആഘോഷിക്കുന്നത്. തീര്‍ത്തും അസാധാരണമായ കാലത്താണ് ഈദുല്‍ അക്ബര്‍ എത്തിയിരിക്കുന്നത്. പ്രതിസന്ധികളെയും പ്രശ്‌നങ്ങളെയും സമചിത്തതയോടെയും വിവേകത്തോടെയും നേരിടുകയെന്ന മഹത്തായ പാഠം ഈ പെരുന്നാള്‍ നല്‍കുന്നു.

കോവിഡ് മൂലം കഷ്ടപ്പെടുന്നവരെ സഹായിക്കാനും രോഗികള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും പിന്തുണ നല്‍കാനും പെരുന്നാള്‍ ഉപയോഗപ്പെടുത്തണം. രോഗമോ ലോക്ഡൗണോ കാരണം ഒരു കുടുംബവും ഒറ്റപ്പെട്ടു പോകരുത്. ഒരാളും മാനസിക സംഘര്‍ഷത്തില്‍ പെട്ടുപോകരുത്. സാമൂഹ്യാകലം പാലിച്ചും ആരോഗ്യ ജാഗ്രത പുലര്‍ത്തിയും ഒപ്പമുള്ളവര്‍ക്ക് നാം സഹായികളാവണം. രോഗികളെയും അവരുടെ കുടുംബത്തെയും ഒറ്റപ്പെടുത്തുന്ന പ്രവണതക്കെതിരെ മഹല്ലുകളില്‍ ബോധവല്‍ക്കരണം നടത്തണം.

കോവിഡ് പ്രതിസന്ധി മൂലം നിരവധിയാളുകളുടെ ജോലി നഷ്ടപ്പെട്ടിരിക്കുന്നു. പ്രവാസികളായ നിരവധി പേര്‍ വലിയ കഷ്ടപ്പാടിലാണ്. ഇത്തരം കുടുംബങ്ങളെ സഹായിക്കുന്നതിന് പ്രത്യേകം ശ്രദ്ധിക്കണം. മനസ്സിനെയും ശരീരത്തെയും തളര്‍ത്തുന്ന ഏത് പ്രതിസന്ധിയെയും മറികടക്കാന്‍ പ്രാര്‍ത്ഥന കൊണ്ട് സാധിക്കും. ദുആക്ക് ഉത്തരം ലഭിക്കുന്ന പുണ്യവേളയായ ബലി പെരുന്നാളില്‍ ലോക സമാധാനത്തിനും രോഗ മുക്തിക്കും വേണ്ടി പ്രത്യേക പ്രാര്‍ത്ഥന നടത്തണമെന്നും ഖലീല്‍ തങ്ങള്‍ വ്യക്തമാക്കി.