Connect with us

Kerala

എല്ലാ പദ്ധതികള്‍ക്കും കണ്‍സള്‍ട്ടന്‍സി വേണമെന്ന സമീപനം സര്‍ക്കാറിനില്ല: മന്ത്രി ഐസക്

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാനത്ത് എല്ലാ പദ്ധതികള്‍ക്കും കണ്‍സള്‍ട്ടന്‍സി കരാര്‍ വേണമെന്ന സമീപനമൊന്നും സര്‍ക്കാറിനില്ലെന്ന് ധനവകുപ്പു മന്ത്രി തോമസ് ഐസക്. എന്തിനും കണ്‍സള്‍ട്ടന്‍സി കരാര്‍ എന്നത് കേന്ദ്രത്തില്‍ അധികാരത്തിലിരിക്കുമ്പോള്‍ കോണ്‍ഗ്രസ് തുടങ്ങിവെച്ച രീതിയാണെന്നും മന്ത്രി പറഞ്ഞു. കണ്‍സള്‍ട്ടന്‍സി കരാറുകളെ സംബന്ധിച്ച പ്രതിപക്ഷ ആരോപണങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ടെണ്ടര്‍ വിളിക്കാതെ ഒരു കരാറും സംസ്ഥാന സര്‍ക്കാര്‍ നല്‍കിയിട്ടില്ല.

അതേസമയം, ചില സാഹചര്യങ്ങളില്‍ കണ്‍സള്‍ട്ടന്‍സികള്‍ ആവശ്യമായി വരും. സര്‍ക്കാര്‍ സംവിധാനത്തില്‍ സാധാരണഗതിയിലുള്ള ബജറ്റ് ചുമതലകള്‍ ഏല്‍ക്കുന്നതിനുളള പ്രാപ്തി മാത്രമേ ഉള്ളൂ, അതിനാല്‍ കൃത്യമായി പ്രോജക്ട് തയ്യാറാക്കി മാത്രമേ പദ്ധതി നടപ്പിലാക്കാനാവൂ. അതിന് താത്ക്കാലികമായി കണ്‍സള്‍ട്ടന്‍സിയെ നിയമിച്ച് പദ്ധതി പഠിച്ച് വേണം പ്രാവര്‍ത്തികമാക്കാന്‍. അത് സുതാര്യമാവണമെന്ന നിര്‍ബന്ധം സര്‍ക്കാറിനുണ്ട്. എന്നാല്‍, താങ്ങാന്‍ കഴിയുന്ന പദ്ധതികള്‍ മാത്രം നടപ്പിലാക്കിയാല്‍ മതി എന്നത് സര്‍ക്കാര്‍ നയമല്ല. നല്ല പദ്ധതികള്‍ നടപ്പിലാക്കാനാണ് കണ്‍സള്‍ട്ടന്‍സികളെ നിയമിക്കുന്നതും പഠനം നടത്തി എസ്റ്റിമേറ്റ് തയ്യാറാക്കുന്നതും. സര്‍ക്കാറിന് ചെയ്തുതീര്‍ക്കാന്‍ സാധ്യമായതിലപ്പുറമുള്ള പ്രോജക്ടുകള്‍ വരുമ്പോഴാണ് കണ്‍സള്‍ട്ടന്‍സിയെ ഏല്‍പ്പിക്കുന്നത്.

ശബരിമല വിമാനത്താവളത്തിന് ഭൂമി കിട്ടുന്നതിന് മുമ്പാണ് കണ്‍സള്‍ട്ടന്‍സി കരാര്‍ നല്‍കിയതെന്ന പ്രതിപക്ഷ നോതാവിന്റെ ആരോപണത്തോടും മന്ത്രി പ്രതികരിച്ചു. വിമാനത്താവളത്തിന്റെ ഭൂമി സംബന്ധിച്ച സാധ്യതാ പഠനത്തിനാണ് കണ്‍സള്‍ട്ടന്‍സി കരാര്‍ നല്‍കിയത്. സാധ്യതാപഠനം നടത്തിയിട്ടു തന്നെയാണ് ഭൂമി ഏറ്റെടുക്കേണ്ടത്. അല്ലാതെ ഭൂമി ഏറ്റെടുത്ത ശേഷം സാധ്യതാപഠനം നടത്തുകയല്ല വേണ്ടത്. ഭൂമി ഏറ്റെടുത്ത് കരാര്‍ നല്‍കാനാവില്ല. പല വന്‍കിട പദ്ധതകളും എല്‍ ഡി എഫ് സര്‍ക്കാര്‍ പൂര്‍ത്തിയാക്കുന്നതിന്റെ അങ്കലാപ്പിലാണ് യു ഡി എഫ്. അതുകൊണ്ടാണ് ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്ന് ഐസക് കൂട്ടിച്ചേര്‍ത്തു.