National
അടുത്ത മാസം 15 വരെ താജ്മഹല്‍ തുറക്കില്ലെന്ന് സര്‍ക്കാര്‍

ആഗ്ര| അടുത്ത മാസം ഒന്ന് മുതല്‍ യാത്രകള്‍ക്കുള്ള നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തുമെങ്കിലും ആഗ്രയില്‍ കൊവിഡ് വര്‍ധിക്കുന്നതിനെ തുടര്‍ന്ന് താജ്മഹലും മറ്റ് ചരിത്ര സ്മാരകങ്ങളും സന്ദര്‍ശകര്‍ക്കായി ഉടന്‍ തുറക്കാനിടയില്ല. ആഗസ്റ്റ് 15ന് മുമ്പ് താജ്മഹല്‍ വീണ്ടും തുറക്കില്ലെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.
നിലവിലെ സ്ഥിതിഗതികള്‍ വിലയിരുത്തിയ ശേഷം ഒന്നോ രണ്ടോ ആഴ്ചക്കകം തീരുമാനിക്കുമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു. കൊവിഡ് മൂലം കനത്ത നഷ്ടമുണ്ടായ ടൂറിസം മേഖലയെ പുനരുജ്ജീവിപ്പിക്കാനായി ജൂലൈ ആറ് മുതല്‍ എല്ലാ ചരിത്ര പ്രസിദ്ധ സ്ഥലങ്ങളും സന്ദര്‍ശകര്‍ക്കായി തുറന്ന് കൊടുക്കുമെന്ന് കേന്ദ്രടൂറിസം മന്ത്രി പ്രഹല്‍ പട്ടേല്‍ നേരത്തെ പറഞ്ഞിരുന്നു. സംസ്ഥാന ജില്ലാ ഭരണകൂടത്തിന്റെ തീരുമാനത്തിനനുസൃതമായിട്ടായിരിക്കും നടപടിയെന്നും അദ്ദേഹം പറഞ്ഞിരുന്നു.
രാജ്യത്താകമാനം കേന്ദ്രം സംരക്ഷിക്കുന്ന 2000 ചരിത്ര സ്മാരകങ്ങള്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ ഈ മാസം ആറിന് തുറന്നിരുന്നു. എന്നാല്‍ ആഗ്രയില്‍ കേസുകള്‍ വര്‍ധിക്കുന്നതിനാല്‍ താജ്മഹല്‍ വീണ്ടും അടച്ചിടുകയായിരുന്നു. ആഗ്രയുടെ ഭാഗങ്ങളെല്ലാം കണ്ടെയിന്‍മെന്റ് സോണ്‍ ആയതിനാല്‍ താജ്മഹല്‍ തുറക്കുക അസാധ്യമാണെന്ന് ആഗ്ര ജില്ലാ മജിസ്‌ട്രേറ്റ് പ്രഭു നരന്‍ സിംഗ് പറഞ്ഞു.