Connect with us

Articles

വാക്‌സിന്‍: കാത്തിരിപ്പിനറുതിയായോ?

Published

|

Last Updated

മൃതസഞ്ജീവനി പോലെ ഇന്ന് ലോകം ഉറ്റുനോക്കുന്നത് കൊവിഡ് 19 എന്ന മഹാമാരിക്ക് ഫലപ്രദമായ വാക്സിനുകളാണ്. വൈറസ് ലോകം മുഴുവന്‍ വ്യാപിച്ചു കഴിഞ്ഞു. എവിടെ പോയാലും കൊവിഡ് 19 മനുഷ്യരാശിയെ ആകെ പിന്തുടരുകയാണ്. മനുഷ്യര്‍ അവരുടെ ജീവിക്കാനുള്ള സാഹചര്യങ്ങള്‍ പോലും അടച്ചിട്ട് കൊറോണ വൈറസിനെതിരെ പടപൊരുതുകയാണ്. ഈ രോഗം വ്യാപിക്കാതിരിക്കാന്‍ യാത്രകള്‍ ഒഴിവാക്കുന്നു, അത്യാവശ്യങ്ങള്‍ക്ക് മാത്രമായി പുറത്തിറങ്ങുന്നു, മനുഷ്യര്‍ തമ്മില്‍ സാമൂഹിക അകലം പാലിക്കുന്നു, ലോക്ക്ഡൗണ്‍ നടത്തുന്നു, രോഗിയെ ഐസൊലേറ്റ് ചെയ്ത് നിര്‍ത്തി ചികിത്സിക്കുന്നു, റൂം ക്വാറന്റൈന്‍ നടത്തുന്നു, മാസ്‌ക് ധരിക്കുന്നു, കൈകള്‍ സാനിറ്റൈസ് ചെയ്യുന്നു, കൈയില്‍ ഗ്ലൗസ് ധരിക്കുന്നു, വൃത്തിയും വെടിപ്പും നിലനിര്‍ത്തുന്നു, കൈകളും മുഖവും സോപ്പ് ഉപയോഗിച്ച് വൃത്തിയാക്കുന്നു, എ സികള്‍ ഓഫാക്കുന്നു തുടങ്ങി ശാസ്ത്രം അനുശാസിക്കുന്ന, ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്ന എല്ലാം മനുഷ്യര്‍ ചെയുന്നുണ്ട്.

ഇക്കാര്യങ്ങളെല്ലാം രോഗത്തിന്റെ സാമൂഹിക വ്യാപനം തടയാനും രോഗം വരാതിരിക്കാനും അത്യന്താപേക്ഷിതവുമാണ്. നമ്മുടെ സാമൂഹിക പശ്ചാത്തലവും ആളുകള്‍ തമ്മിലുള്ള ഇടപഴക്കങ്ങളും യാത്രകളും കൂടിച്ചേരലുകളും കടകളിലെ തിരക്കും പ്രത്യക്ഷ സമരങ്ങളും പ്രതിഷേധ ഒത്തുചേരലുകളും ആശുപത്രിയില്‍ കൂട്ടിരിക്കലും കൂട്ടം ചേരുന്നതുമൊക്കെ സമ്പര്‍ക്ക രോഗികളുടെ എണ്ണം വര്‍ധിപ്പിക്കുകയാണ്. വിദേശത്തു നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നും വന്നവര്‍ റൂം ക്വാറന്റൈനിന് പകരം വീട്ടില്‍ മൊത്തം നടന്ന് ക്വാറന്റൈന്‍ നടത്തുന്നു പലയിടത്തും. ഇത് കുടുംബത്തിന് ഒന്നാകെ രോഗം വരുന്നതിലേക്ക് കാര്യങ്ങള്‍ എത്തിച്ചിരിക്കുന്നു. രോഗവ്യാപനം കടിഞ്ഞാണ്‍ ഇല്ലാത്ത കുതിരയെ പോലെ കുതിക്കുകയാണ്. ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഡോക്ടര്‍മാര്‍ക്കും ക്രമസമാധാന പാലകര്‍ക്കും രോഗം വരുന്നത് പോലും തടയാനാകുന്നില്ല. അതുകൊണ്ടാണ് ലോകം കൊവിഡ് 19നെ തടയാന്‍ ഫലവത്തായ വാക്സിന് വേണ്ടി കാത്തിരിക്കുന്നത്.

വാക്സിന്‍ എന്ന് പറയുന്നത് ഒരു ജൈവ നിര്‍മിതിയാണ്. അതിലുള്ള ഒരു പ്രത്യേക ജൈവിക ഘടകം മനുഷ്യ ശരീരത്തില്‍ കടന്നുകൂടുന്ന രോഗകാരികളായ അതിസൂക്ഷ്മാണുക്കള്‍ ഉത്പാദിപ്പിക്കുന്ന മാരക വിഷാംശങ്ങളെ ചെറുത്ത് തോല്‍പ്പിക്കുകയോ നിര്‍വീര്യമാക്കുകയോ ചെയുന്നു. ഇത് നമ്മുടെ രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നു. രോഗം വരുത്താനുള്ള ശേഷി കുറഞ്ഞതോ ശേഷി നശിപ്പിച്ചതോ ആയ രോഗകാരികളായ സൂക്ഷ്മാണുക്കളില്‍ നിന്ന് ജൈവ മാര്‍ഗങ്ങളിലൂടെയാണ് സാധാരണ വാക്സിന്‍ നിര്‍മിക്കുന്നത്. കോളറ, ടെറ്റനസ്, ക്ഷയം, പോളിയോ, ഹെര്‍പിസ്, എച്ച് ഐ വി, അഞ്ചാം പനി, മുണ്ടിനീര്, സ്മാള്‍ പോക്‌സ് (വസൂരി), റൂബെല്ല വൈറസ് (എം എം ആര്‍) എന്നിവക്കെതിരെ ഇതിനോടകം വാക്സിന്‍ കണ്ടെത്തിയിട്ടുണ്ട്. വൈറസില്‍ നിന്നോ ബാക്ടീരിയയില്‍ നിന്നോ എടുക്കുന്ന അതി സൂക്ഷ്മ പ്രോട്ടീനുകള്‍ വഴിയോ, പ്രവര്‍ത്തന ക്ഷമത നൂതന മാര്‍ഗങ്ങളിലൂടെ നഷ്ടമാക്കിയ പ്രോട്ടീനുകള്‍ വഴിയോ ജൈവ മാധ്യമത്തിലൂടെയാണ് വാക്സിനുകള്‍ ഉത്പാദിപ്പിക്കുന്നത്. മിക്കവാറും രോഗകാരികളായ സൂക്ഷ്മാണുക്കള്‍ നിര്‍മിക്കുന്ന രോഗകാരണമാകുന്ന മാരക വിഷങ്ങളും പ്രോട്ടീനുകളാണ്.

അതുകൊണ്ടാണ് രോഗകാരികളായ സൂക്ഷ്മാണുക്കള്‍ വഴി ജീവികളുടെ ശരീരത്തില്‍ നിന്ന് ജൈവികമായി പ്രോട്ടീനുകള്‍ നിര്‍മിച്ച് വേര്‍തിരിച്ചെടുത്ത് വാക്സിനുകള്‍ നിര്‍മിക്കുന്നത്. ഇംഗ്ലണ്ടുകാരനായ ഡോക്ടര്‍ എഡ്വേര്‍ഡ് ജെന്നര്‍ ആണ് 1796ല്‍ ലോകത്ത് ആദ്യമായി 13 വയസ്സുള്ള ഒരു ബാലനില്‍ സ്മാള്‍ പോക്‌സിനെതിരെ വാക്സിന്‍ പരീക്ഷിച്ചു വിജയിച്ചത്. വാക്സിനിയാ വൈറസ് എന്ന വാക്സിനാണ് ഇതിനായി ഉപയോഗിച്ചത്. വാക്സിനിയാ വൈറസ് പശുക്കളില്‍ കൗ പോക്‌സ് ഉണ്ടാക്കുന്ന വൈറസാണ്. വക്കാ എന്ന വാക്കില്‍ നിന്നാണ് വാക്‌സിന്‍ എന്ന വാക്കിന്റെ ഉത്ഭവം. വക്കാ എന്ന ലത്തീന്‍ പദത്തിനര്‍ഥം പശു എന്നാണ്. ആദ്യ വാക്സിന്‍ പശുക്കളില്‍ കൗ പോക്‌സ് ഉണ്ടാക്കുന്ന വൈറസില്‍ നിന്ന് ഉത്പാദിപ്പിച്ചതിനാലാണ് വാക്സിന്‍ എന്ന പേര് വന്നത്.
1798ല്‍ ആദ്യമായി സ്മാള്‍ പോക്‌സിനെതിരെയുള്ള വാക്സിന്‍ ഉത്പാദനം തുടങ്ങി. പതിനെട്ടാം നൂറ്റാണ്ടിലും പത്തൊമ്പതാം നൂറ്റാണ്ടിലും ആളുകള്‍ക്ക് കൂട്ടത്തോടെ സ്മാള്‍ പോക്‌സ് വാക്സിന്‍ നല്‍കിയെങ്കിലും 1979ലാണ് സ്മാള്‍ പോക്‌സിനെ ലോകത്തു നിന്ന് തുരത്തിയതായി പ്രഖ്യാപനം വന്നത്.
കൊവിഡ് 19നെതിരെ ലോകത്തിലെ 148 രാജ്യങ്ങള്‍ വാക്സിന്‍ കണ്ടെത്താനുള്ള പരിശ്രമത്തിലാണ്. ഇതിനായി ലോകത്തെ ജനസംഖ്യയില്‍ 60 ശതമാനം വരുന്ന 165 രാജ്യങ്ങള്‍ കൈകോര്‍ത്ത് കോവാക്‌സ് നിർമാണത്തിന് രൂപം നല്‍കിക്കഴിഞ്ഞു. ഈ ഫെസിലിറ്റിക്കു വേണ്ട ധനസഹായം നല്‍കുന്നവരില്‍ അംഗരാജ്യങ്ങളും ലോകാരോഗ്യ സംഘടനയും ലോക ബേങ്കും യൂനിസെഫും വാക്സിന്‍ വ്യവസായികളും സാങ്കേതിക ഏജന്‍സികളും പൊതു സമൂഹവും ബില്‍ ആന്‍ഡ് മെലിന്‍ഡാ ഗേറ്റ്‌സ് ഫൗണ്ടേഷനും ഉള്‍പ്പെടുന്നു. കൊവിഡ് 19നെതിരെ വാക്സിന്‍ കണ്ടുപിടിക്കുന്നതില്‍ കോവാക്‌സ് വിജയിക്കുമെന്നതില്‍ തര്‍ക്കമില്ല. ഇപ്പോള്‍ വാക്സിന്‍ കണ്ടുപിടിക്കുന്നതിന് ശ്രമം നടത്തുന്ന 17 രാജ്യങ്ങള്‍ മനുഷ്യനില്‍ വാക്സിന്‍ പരീക്ഷണം നടത്തുന്നതിലെ വിവിധ ഘട്ടങ്ങളിലാണ്. പലതും വിജയകരമാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

ഇന്ത്യയില്‍ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് (എ ഐ ഐ എം എസ്) കോവാക്‌സിന്റെ മനുഷ്യരിലെ പരീക്ഷണങ്ങളുടെ അവസാന ഘട്ടങ്ങളിലാണ്. ഈ പരീക്ഷണങ്ങളില്‍ എ ഐ ഐ എം എസിനോടൊപ്പം ഭാരത് ടെക്, ഐ സി എം ആര്‍, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി എന്നിവയും സഹകരിക്കുന്നുണ്ട്. റെക്കോര്‍ഡ് വേഗത്തില്‍ കോവാക്സിന്‍ നിര്‍മാണം നടക്കുകയാണെന്നും 2020ല്‍ തന്നെ വാക്സിന്‍ പുറത്തിറങ്ങുമെന്നും അമേരിക്ക അവകാശപ്പെടുന്നു. 2020 ആഗസ്റ്റ് പകുതിയോടെ ഇന്ത്യയും റഷ്യയും വാക്സിന്‍ പുറത്തിറക്കും എന്ന് പറയുന്നു. ഇന്ത്യയില്‍ കോവാക്സിന്റെ മൂന്നാം ഘട്ട പരീക്ഷണമാണ് നടന്നു കൊണ്ടിരിക്കുന്നത്. ഇതിന്റെ ഓരോ സ്റ്റേജിലും 1,000 സന്നദ്ധ പ്രവര്‍ത്തകര്‍ പങ്കെടുക്കുന്നു. 30,000 പേരിലെങ്കിലും പരീക്ഷണം നടക്കും. യു കെയിലെ ഓക്‌സ്ഫോര്‍ഡ് സര്‍വകലാശാലയും ആസ്‌ത്രേലിയയും ചൈനയും വാക്സിന്‍ നിര്‍മാണത്തിന്റെ മൂന്നാം ഘട്ടത്തില്‍ മുന്നേറിക്കൊണ്ടിരിക്കുകയാണ്. ഓക്‌സ്ഫോര്‍ഡ് സര്‍വകലാശാലയും യു കെയിലെ അസ്ട്രാസെനകയും ചേര്‍ന്ന് നിര്‍മിച്ച കോവാക്സിന്‍ മൃഗങ്ങളില്‍ പരീക്ഷിച്ചപ്പോള്‍ വിജയിച്ചിട്ടുണ്ട്. ഇപ്പോള്‍ മനുഷ്യരിലും പരീക്ഷണങ്ങള്‍ അതിവേഗം നടക്കുകയാണ്. കൊവിഡ് 19നെതിരെയുള്ള വാക്സിനെ കുറിച്ചുള്ള എല്ലാ വാര്‍ത്തകളും കൊവിഡ് രോഗികള്‍ക്കും രോഗം ബാധിക്കാത്തവര്‍ക്കും ഒരുപോലെ ആശ്വാസം നല്‍കുന്ന ഒന്നാണ്. പാര്‍ശ്വഫലങ്ങള്‍ ഇല്ലാതെ പരീക്ഷണങ്ങള്‍ വിജയിച്ചാല്‍ 2020 ഡിസംബറില്‍ തന്നെ കോവാക്സിന്‍ പുറത്തിറങ്ങും. അതുവരെ രോഗം ബാധിക്കാതെ ജീവിച്ചിരിക്കണേ എന്ന പ്രാര്‍ഥനയിലാണ് ലോകജനത.

വാക്സിന്‍ ഉപയോഗിച്ചു തുടങ്ങിയാല്‍ അതിന്റെ രോഗപ്രതിരോധ ശേഷി എത്രകാലം എന്നതായിരിക്കും പിന്നെയുള്ള ചിന്ത. എന്തായാലും ലോകം പഴയ പോലെ, അതായത് കൊവിഡിന് മുമ്പത്തെ പോലെ പ്രവര്‍ത്തന സജ്ജമാകാന്‍ കാത്തിരിക്കുകയാണ് മാനവരാശി. അതുകൊണ്ടാണ് വാക്സിനെ മൃതസഞ്ജീവനിയായി കണക്കാക്കുന്നത്. വീട്ടിലിരുന്നും ഭയപ്പെട്ടും ജോലിക്ക് പോകാതെയും പട്ടിണി കിടന്നും മനുഷ്യര്‍ ദുരിതത്തിലായിരിക്കുന്നു. മനുഷ്യര്‍ മനുഷ്യരെ കാണുന്നതുപോലും ആശങ്കയോടെയാണ്. ടി വി തുറക്കുന്നത് പോലും നാം താമസിക്കുന്നതിന് എത്ര അടുത്ത് വരെ രോഗം വന്നു എന്നറിയാനാണ്. ഭയപ്പാടോടെ കഴിഞ്ഞുകൊണ്ടിരിക്കുന്ന 2020ലെ മാസങ്ങള്‍ ഇനിയും ആവര്‍ത്തിക്കാതിരിക്കാനും ജീവന്‍ രക്ഷിക്കാനും വാക്സിന്റെ വരവിനായി ലോകം കാത്തിരിക്കുന്നു.

---- facebook comment plugin here -----

Latest