Connect with us

Covid19

വാരാന്ത്യ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു; സെര്‍ബിയന്‍ പാര്‍ലിമെന്റിലേക്ക് ഇരച്ചുകയറി പ്രതിഷേധക്കാര്‍

Published

|

Last Updated

ബെല്‍ഗ്രേഡ് | കൊറോണവൈറസ് വ്യാപനം ഉയരുന്ന പശ്ചാത്തലത്തില്‍ വാരാന്ത്യ കര്‍ഫ്യൂ ഏര്‍പ്പെടുത്താനുള്ള സര്‍ക്കാര്‍ തീരുമാനത്തില്‍ പ്രതിഷേധിച്ച് സെര്‍ബിയന്‍ പാര്‍ലിമെന്റിലേക്ക് ഇരച്ചുകയറി ജനക്കൂട്ടം. നാഷനല്‍ അസംബ്ലിക്ക് മുന്നില്‍ നടന്ന കലാപത്തില്‍ നിരവധി പോലീസുകാര്‍ക്കും പ്രതിഷേധക്കാര്‍ക്കും പരുക്കേറ്റു.

ചൊവ്വാഴ്ച വൈകിട്ട് സമാധാനപൂര്‍ണമായാണ് പ്രതിഷേധം ആരംഭിച്ചത്. വിദ്യാര്‍ഥികളടക്കമുള്ളവര്‍ പ്രതിഷേധ റാലിയിലുണ്ടായിരുന്നു. പാര്‍ലിമെന്റിന് സമീപമെത്തിയപ്പോള്‍ ജനക്കൂട്ടം വളപ്പിലേക്ക് ഇരച്ചുകയറുകയായിരുന്നു. തുടര്‍ന്ന് പോലീസ് ഇടപെട്ടു. സംഘര്‍ഷമുണ്ടാകുകയും പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ പോലീസ് കണ്ണീര്‍വാതകം പ്രയോഗിക്കുകയും ചെയ്തു.

പ്രതിഷേധത്തിനിടെ പ്രശ്‌നമുണ്ടാക്കുകയും പാര്‍ലിമെന്റിലേക്ക് ഇരച്ചുകയറുകയും ചെയ്തത് തീവ്രവലതുപക്ഷ വാദികളാണ്. വാക്‌സിന്‍, 5ജി വിരുദ്ധ സിദ്ധാന്തങ്ങള്‍ പ്രചരിപ്പിക്കുന്ന ഒരു എം പി അടക്കമുള്ളവരാണ് പ്രശ്‌നത്തിന് കാരണക്കാരെന്ന് സെര്‍ബിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ ദിവസം 120 പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും 13 പേര്‍ മരിക്കുകയും ചെയ്തതോടെയാണ് പ്രസിഡന്റ് വുച്ചിക് വാരാന്ത്യ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്.

Latest