Connect with us

Gulf

ദമാമില്‍ നിന്നും 164 യാത്രക്കാരുമായി ഐ സി എഫ് വിമാനം വ്യാഴാഴ്ച പുലര്‍ച്ചെ കോഴിക്കോട്ടെത്തും

Published

|

Last Updated

ദമാം | ഐ സി എഫ് നാഷണല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ചാര്‍ട്ട് ചെയ്ത രണ്ടാം ഘട്ടത്തിലെ ദമാമില്‍ നിന്നുള്ള ആദ്യ വിമാനം 164 യാത്രക്കാരുമായി യാത്ര തിരിക്കും. ബുധനാഴ്ച രാത്രി ഒമ്പതിന് ദമാം കിംഗ് ഫഹദ് ഇന്റര്‍നാഷണല്‍ വിമാനത്താവളത്തില്‍ നിന്നും പുറപ്പെടുന്ന ഫ്ളൈ നാസ് എയര്‍വേസിന്റെ എക്സ് വൈ 903 നമ്പര്‍ ഇന്ത്യന്‍ സമയം വ്യാഴാഴ്ച പുലര്‍ച്ചെ 4.05 ന് കോഴിക്കോട് വിമാനത്താവളത്തില്‍ എത്തിച്ചേരും. ഐ സി എഫ് നാഷണല്‍ കമ്മിറ്റിയുടെ കീഴില്‍ സഊദിയില്‍ നിന്നും കോഴിക്കോട്ടേക്ക് യാത്ര തിരിക്കുന്ന അഞ്ചാമത്തെ വിമാന സര്‍വീസാണിത്. ഗര്‍ഭിണികള്‍, അടിയന്തിര ചികിത്സക്കായി നാട്ടിലേക്ക് മടങ്ങുന്നവര്‍, സന്ദര്‍ശക വിസയുടെ കാലാവധി കഴിഞ്ഞവര്‍, തൊഴില്‍ നഷ്ടപ്പെട്ടവര്‍, കുട്ടികള്‍ എന്നിവരുള്‍പ്പടെ 164 യാത്രക്കാരാണ് രണ്ടാം ഘട്ട വിമാനത്തില്‍ യാത്രക്കാരായുള്ളത്.

സഊദിയില്‍ കൊവിഡ് 19 മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ നിര്‍ത്തലാക്കിയതോടെ ഗര്‍ഭിണികളും തുടര്‍ ചികിത്സ ആവശ്യമായ രോഗികളും വിസാ കാലാവധി കഴിഞ്ഞവരും ഫൈനല്‍ എക്‌സിറ്റില്‍ പോവുന്നവരും ഉള്‍പ്പെടെ നിരവധി പേരാണ് നാടണയാന്‍ കഴിയാതെ സഊദിയുടെ വിവിധ പ്രദേശങ്ങളില്‍ പ്രയാസമനുഭവിച്ചു കൊണ്ടിരിക്കുന്നത്. ഇവര്‍ക്ക് ആവശ്യമായ യാത്രാ ക്രമീകരണങ്ങള്‍ ഒരുക്കാന്‍ കേന്ദ്ര സര്‍ക്കാറിന് സാധിക്കാതെ വന്നപ്പോഴാണ് സഊദിയിലെ സന്നദ്ധ സംഘടനകള്‍ വിഷയം ഏറ്റെടുത്തത്.

സഊദി ആരോഗ്യ മന്ത്രാലയത്തിന്റെ കൊവിഡ് മുന്‍കരുതല്‍ നടപടിക്രമങ്ങള്‍ പാലിച്ചാണ് യാത്രക്കാര്‍ ദമാം വിമാനത്താവളത്തില്‍ നിന്നും യാത്ര തിരിക്കുന്നത്. വിമാനത്താവളങ്ങളിലെ എമിഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം യാത്രക്കാര്‍ പി പി ഇ കിറ്റുകള്‍ ധരിച്ച് വിമാനത്തിലേക്ക് കയറും. വിമാനത്തില്‍ മുഴുവന്‍ യാത്രക്കാര്‍ക്കും ആവശ്യമായ പി പി ഇ കിറ്റുകളും സുരക്ഷാ ഉപകരണങ്ങളും സൗജന്യമായി ഐ സി എഫ് നല്‍കുന്നുണ്ട്. ഐ സി എഫ് നാഷണല്‍ റിപാട്രിയേഷന്‍ കണ്‍വീനര്‍ നിസാര്‍ കാട്ടില്‍, ബഷീര്‍ ഉള്ളണം, സിറാജ് കുറ്റ്യാടി, സലീം പാലച്ചിറ, സുബൈര്‍ സഖാഫി, അഷ്‌റഫ് കരുവന്‍പൊയില്‍, ഹാരിസ് ജൗഹരി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

---- facebook comment plugin here -----

Latest