Connect with us

National

സഹ പ്രവര്‍ത്തകനെ വെടിവച്ചു കൊല്ലാന്‍ ശ്രമം; ഡല്‍ഹിയില്‍ പോലീസ് കോണ്‍സ്റ്റബിള്‍ അറസ്റ്റില്‍

Published

|

Last Updated

ന്യൂഡല്‍ഹി | ഡല്‍ഹിയില്‍ സഹപ്രവര്‍ത്തകനെ സര്‍വീസ് റിവോള്‍വര്‍ ഉപയോഗിച്ച് വെടിവച്ചു കൊല്ലാന്‍ ശ്രമിച്ച പോലീസ് കോണ്‍സ്റ്റബിള്‍ അറസ്റ്റില്‍. ഷാഹ്ദാരയിലെ സീമാപുരി പോലീസ് സ്‌റ്റേഷനില്‍ കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. രവീന്ദര്‍ നാഗര്‍ എന്ന കോണ്‍സ്റ്റബിളാണ് ഒപ്പം പ്രവര്‍ത്തിക്കുന്ന അമോദ് ബദാനയെ വെടിവച്ചത്. ഗുരുതരമായി പരുക്കേറ്റ ബദാനയെ എയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജോലിയുമായി ബന്ധപ്പെട്ട ചില തര്‍ക്കങ്ങളാണ് കൊലപാതക ശ്രമത്തില്‍ കലാശിച്ചതെന്ന് പോലീസ് വൃത്തങ്ങള്‍ പറഞ്ഞു. സംഭവ സ്ഥലത്തു നിന്നു തന്നെ പോലീസ് പിടികൂടിയ നാഗറിനെ ചോദ്യം ചെയ്തതായി ഷാഹ്ദാര ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ അമിത് ശര്‍മ അറിയിച്ചു.

പോലീസ് സ്‌റ്റേഷനിലെ ഒന്നാം നിലയിലിരുന്ന് ബദാന ഭക്ഷണം കഴിച്ചു കൊണ്ടിരുന്നപ്പോഴാണ് വഴക്ക് തുടങ്ങിയത്. തുടര്‍ന്ന് തന്റെ സര്‍വീസ് റിവോള്‍വറെടുത്ത് ബദാനക്കു നേരെ നാഗര്‍ നിറയൊഴിക്കുകയായിരുന്നു. ബദാനയുടെ നെഞ്ചിലാണ് വെടിയേറ്റത്. ആദ്യം സമീപത്തെ സ്വാമി ദയാനന്ദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ബദാനയെ നില ഗുരുതരമായതിനാല്‍ എയിംസിലേക്കു മാറ്റുകയായിരുന്നു. ഇദ്ദേഹത്തെ അടിയന്തര ശസ്ത്രക്രിയക്കു വിധേയനാക്കി. സീമാപുരി സ്‌റ്റേഷന്‍ പരിധിയിലെ പോലീസ് ബീറ്റിന്റെ ചുമതലയില്‍ നിന്ന് അടുത്തിടെ നാഗറിനെ നീക്കുകയും പകരം ബദാനയെ നിയോഗിക്കുകയും ചെയ്തിരുന്നു. ഇതില്‍ അസംതൃപ്തനായിരുന്നു നാഗറെന്ന് പേരു വെളിപ്പെടുത്തില്ലെന്ന ഉറപ്പില്‍ ഒരു പോലീസുദ്യോഗസ്ഥന്‍ പറഞ്ഞു.

---- facebook comment plugin here -----

Latest