Covid19
കൊവിഡ് ചികിത്സയിലായിരുന്ന യുവാവ് ആശുപത്രിയില്‍ നിന്ന് രക്ഷപ്പെട്ടു; നാട്ടുകാര്‍ പിടികൂടി

തിരുവനന്തപുരം | കൊവിഡ് ചികിത്സയിലായിരുന്ന ആനാട് സ്വദേശിയായ യുവാവ് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്ന് രക്ഷപ്പെട്ടു. കെ എസ് ആര്‍ ടി സി ബസില്‍ കയറിയാണ് ഇയാള്‍ പോയതെന്നത് വലിയ ആശങ്കക്കിടയാക്കിയിട്ടുണ്ട്. നാട്ടിലെത്തിയ ഇയാളെ തിരിച്ചറിഞ്ഞതോടെ ആളുകള്‍ തടഞ്ഞുവച്ചു.
മെയ് 29നാണ് യുവാവിന് കൊവിഡ് സ്ഥിരീകരിച്ചത്. ഇന്നത്തെ പരിശോധനയില്‍ ഫലം നെഗറ്റീവായിരുന്നു. ഇതോടെയാണ് ഇയാള്‍ ആരുമറിയാതെ ആശുപത്രിയില്‍ നിന്ന് മുങ്ങിയത്. ആശുപത്രിയില്‍ നിന്ന് നല്‍കിയ വസ്ത്രം ധരിച്ച് കെ എസ് ആര്‍ ടി സി ബസില്‍ കയറി ആനാട് എത്തിയ യുവാവിനെ തിരിച്ചറിഞ്ഞ നാട്ടുകാര്‍ തടഞ്ഞുവക്കുകയായിരുന്നു.
സംഭവം സംബന്ധിച്ച മെഡിക്കല്‍ കോളേജ് അധികൃതരില്‍ നിന്ന് ജില്ലാ കലക്ടര്‍ നവജ്യോത് ഖോസ റിപ്പോര്‍ട്ട് തേടി. മദ്യത്തിന് അടിമയായ യുവാവിന് മദ്യം ലഭിക്കാതെ വന്നതിനാലാണ് ചികിത്സ പൂര്‍ത്തിയാകും മുമ്പ് രക്ഷപ്പെടാന്‍ ശ്രമിച്ചതെന്നാണ് മെഡിക്കല്‍ കോളജില്‍ നിന്നുള്ള വിശദീകരണം. യുവാവവുമായി സമ്പര്‍ക്കമുണ്ടായവരെ കണ്ടെത്തുന്നതിന് സര്‍വയലന്‍സ് ടീം അടിയന്തിര നടപടി ആരംഭിച്ചിട്ടുണ്ട്.