Covid19
പൈലറ്റിന് കൊവിഡ്: റഷ്യയിലേക്ക് യാത്ര തുടങ്ങിയ എയര്‍ ഇന്ത്യ വിമാനം തിരിച്ചു വിളിച്ചു

ന്യൂഡല്‍ഹി | റഷ്യയിലുള്ള ഇന്ത്യക്കാരെ തിരിച്ചുകൊണ്ടുവരാനായി പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനത്തിലെ പൈലറ്റിന് കൊവിഡ്. രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മോസ്‌കോയിലേക്ക് പുറപ്പെട്ട വിമാനം തിരിച്ചുവിളിച്ചു. ഉസ്ബകിസ്ഥാനിലെത്തിയപ്പോഴാണ് പൈലറ്റുമാരില്‍ ഒരാള്‍ക്കു കോവിഡ് സ്ഥിരീകരിച്ചതായി വിവരം ലഭിച്ചത്. ഉടന്‍ തന്നെ വിമാനം തിരിച്ചുവിളിക്കുകയായിരുന്നു. ഉച്ചക്ക് 12 മണിയോടെ വിമാനം ഡല്‍ഹിയില്‍ തിരിച്ചെത്തി. പൈലറ്റ് അടക്കമുള്ള മുഴുവന്‍ ജീവനക്കാരേയും ക്വാറന്റീനിലാക്കി.
യാത്ര തുടങ്ങുന്നതിന് മുമ്പ് നടത്തിയ പരിശോധനയില്‍ പൈലറ്റിന് കൊവിഡ് കണ്ടെത്തിയതായാണ് വിവരം. എന്നാല്‍ ഇത് പരിശോധിച്ച സംഘം ഫലം നെഗറ്റീവാണെന്ന് അറിയിക്കുകയായിരുന്നു. വിമാനത്തില്‍ പൈലറ്റുമാരും ജീവനക്കാരും മാത്രമാണുണ്ടായിരുന്നത്. വിമാനം അണുനശീകരണം നടത്തും. ഉച്ചക്കുശേഷം മറ്റൊരു വിമാനം മോസ്‌കോയിലേക്ക് പുറപ്പെട്ടതായാണ് വിവരം.